ഡൽഹി അധികാരത്തർക്കം: 'ഓർഡിനൻസിനെ ശക്തമായി എതിർക്കും'; കെജ്‍രിവാളിനെ പിന്തുണച്ച് സ്റ്റാലിൻ
ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പിന്തുണയുറപ്പിച്ച് അരവിന്ദ് കെജ്‍രിവാള്‍. ഓര്‍ഡിനന്‍സ്, രാജ്യസഭയില്‍ പാസാകാതിരിക്കാനാണ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ പിന്തുണ കെജ്‍രിവാള്‍ ഉറപ്പാക്കുന്നത്.
ഓർഡിനൻസിനെ ശക്തമായി എതിർക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. കെജ്‍രിവാളിനെ പിന്തുണയ്ക്കാൻ എല്ലാ നേതാക്കളോടും അഭ്യർഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''അരവിന്ദ് കെജ്‍രിവാള്‍ നല്ലൊരു സുഹൃത്താണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹിയിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്മര്‍ദം ചെലുത്തുകയാണ്. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഡിഎംകെ അതിനെ ശക്തമായി എതിര്‍ക്കും. മറ്റ് നേതാക്കളുടെ അഭിപ്രായങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച നടത്തി. അരവിന്ദ് കെജ്‍രിവാളിനെ പിന്തുണയ്ക്കാന്‍ ഞാന്‍ എല്ലാ നേതാക്കളോടും അഭ്യര്‍ഥിക്കുകയാണ്''. യോഗത്തിന് ശേഷം സ്റ്റാലിന്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും യോഗത്തില്‍ പങ്കെടുത്തിരുന്നു
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥ മേധാവികളുടെ മേല്‍ നിയന്ത്രണമില്ലെങ്കില്‍ പിന്നെന്തിനാണ് വോട്ടെടുപ്പ് നടത്തുന്നതെന്ന് അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു. ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതി വിധി മറികടന്ന് ഇത്തരത്തിലുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ തുനിയുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും യോഗത്തിന് ശേഷം അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും യോഗത്തില്‍ പങ്കെടുത്തിരുന്നു.
2024ലെ തിരഞ്ഞെടുപ്പിലെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്
അരവിന്ദ് കെജ്‍രിവാള്‍
''വർഷകാല സമ്മേളനത്തിലാണ് ഈ ഓര്‍ഡിനന്‍സ് രാജ്യസഭയിലെത്തുക. രാജ്യസഭയില്‍ ബിജെപിക്ക് 93 സീറ്റാണ് ഉള്ളത്. എല്ലാ ബിജെപി ഇതര പാര്‍ട്ടികളും ഓര്‍ഡിനന്‍സിനെതിരെ വോട്ട് ചെയ്താല്‍ അവരെ പരാജയപ്പെടുത്താന്‍ കഴിയും. എം കെ സ്റ്റാലിന്റെ പിന്തുണയ്ക്ക് വളരെ നന്ദിയുണ്ട്. എല്ലാവരും നല്‍കുന്ന പിന്തുണ ഉറപ്പാക്കാന്‍ സാധിക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നുണ്ട്. 2024ലെ തിരഞ്ഞെടുപ്പിലെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്''. കെജ്‍രിവാള്‍ പറഞ്ഞു.
ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി രാജ്യസഭയില്‍ പ്രതിഷേധിക്കാനാണ് ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ് കെജ്‍രിവാള്‍. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കഴിഞ്ഞ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മമത ബാനര്‍ജി, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍, തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളുടെ പിന്തുണ കെജ്‍രിവാള്‍ ഇതിനോടകം തന്നെ ഉറപ്പാക്കിയിട്ടുണ്ട്.
ചീഫ്ഡി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ മെയ് 11നാണ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് വിധിച്ചത്. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ 2015 മുതല്‍ നീണ്ടുനിന്ന തര്‍ക്കമായിരുന്നു ഇത്. വിധി വന്ന് ഒരാഴ്ച പിന്നിടും മുൻപ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കുകയായിരുന്നു.