ഡൽഹി മദ്യനയക്കേസിൽ രാഷ്ട്രീയമായി വേട്ട‌യാടുന്നു, അന്വേഷണ എജൻസികൾ പറയുന്നത് കള്ളം: കെജ്രിവാൾ

ഡൽഹി മദ്യനയക്കേസിൽ രാഷ്ട്രീയമായി വേട്ട‌യാടുന്നു, അന്വേഷണ എജൻസികൾ പറയുന്നത് കള്ളം: കെജ്രിവാൾ

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അരവിന്ദ് കെജ്രിവാൾ ഉയർത്തിയിരിക്കുന്നത്
Updated on
1 min read

ഡൽഹി മദ്യനയക്കേസിൽ നടക്കുന്ന് രാഷ്ട്രീയ വേട്ട‌യാടലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 75 വർഷത്തിനിടെ ആം ആദ്മി പാർട്ടിയെപ്പോലെ മറ്റൊരു പാർട്ടിയും ഇങ്ങനെ ലക്ഷ്യം വയ്ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ചോദ്യം ചെയ്യലിന് ഞായറാഴ്ച ഹാജരാകാനാവശ്യപ്പെട്ട് സിബിഐ സമൻസ് അയച്ചതിനുപിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.

ജയിലിൽ കഴിയുന്ന എഎപി നേതാവ് മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണ ഏജൻസികൾ തെറ്റായ സത്യവാങ്മൂലമാണ് സമർപ്പിച്ചിരിക്കുന്നത്. സിസോദിയയ്‌ക്കെതിരെ സാക്ഷി പറയാൻ അവർ ആളുകളെ പീഡിപ്പിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.

ഇഡിയും സിബിഐയും കളളം പറഞ്ഞു കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സിസോദിയ ഫോൺ നശിപ്പച്ചെന്നത് കളളമാണ്. അറസ്റ്റിലായവർ പീഡിപ്പിക്കപ്പെടുന്നു. തെറ്റ് ചെയ്തതിന് ഒരു തെളിവും ഇല്ല. സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി മോദി സർക്കാർ ഉപയോഗിക്കുകയാണ്.

റെയ്ഡുകളിൽ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് പണം വിനിയോ​ഗിച്ചെന്നാണ് എജൻസികൾ ഉന്നയിക്കുന്നത്. ഇതിന് തെളിവ് എവിടെ? പണം കൈമാറ്റമെല്ലാം ചെക്കുകൾ ഉപയോഗിച്ചാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എഎപിക്കു ലഭിച്ചതായി നിങ്ങൾ അവകാശപ്പെടുന്ന 100 കോടി രൂപയിൽ ഒരു രൂപ കാണിക്കൂയെന്ന് അന്വേഷണ എജൻസിയെ കെജ്രിവാൾ വെല്ലുവിളിച്ചു.

മനീഷ് സിസോദിയ 14 ഫോണുകൾ നശിപ്പിച്ചെന്ന് അന്വേഷണ ഏജൻസി പറയുന്നത് കളളമാണ്. ഈ 14 ഫോണുകളിൽ അഞ്ചെണ്ണം ഇഡിയുടെയും സിബിഐയുടെയും കൈവശമാണ്. ബാക്കിയുള്ളവ ലൈവാണ്. ഒന്നുകിൽ ആം ആദ്മി സന്നദ്ധപ്രവർത്തകരുടെയോ അതുപോലെയുള്ള ആരുടെയോ കൈകളിലാണ്. സിസോദിയെ മാസങ്ങളായി സിബിഐ വേട്ടയാടുകയാണ്. മദ്യകുംഭകോണത്തിൽനിന്ന് സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന അനധികൃത സ്വത്തിൽനിന്ന് ഒരു പൈസ പോലും ഏജൻസികൾ കണ്ടെത്തിയിട്ടില്ല.

സെപ്തംബർ 17ന് വൈകീട്ട് ഏഴിന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1000 കോടി രൂപ നൽകിയെന്ന് തെളിവില്ലാതെ പറഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ? 75 വർഷത്തിനിടെ ആം ആദ്മി പാർട്ടിയെപ്പോലെ ഒരു പാർട്ടിയും ലക്ഷ്യം വയ്ക്കപ്പെട്ടിട്ടില്ല. നല്ല വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങൾ ജനങ്ങൾക്ക് പ്രതീക്ഷ നൽകി. ആ പ്രതീക്ഷ അവസാനിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

മദ്യമയക്കേസിൽ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായി ഒന്നര മാസത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിന് സിബിഐയുടെ സമൻസ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ ഇപ്പോൾ തിഹാർ ജയിലിലാണ്.

logo
The Fourth
www.thefourthnews.in