പ്രധാനമന്ത്രി സ്ഥാനാര്‍ഥി: അവകാശവാദം ഉന്നയിച്ചും തിരുത്തിയും ആംആദ്മി, 'ഇന്ത്യ'യില്‍ വീണ്ടും ഭിന്നത
വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ വീണ്ടും ഭിന്നത മറനീക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഉയര്‍ത്തിക്കാട്ടുകയും പിന്നീട് തിരുത്തുകയും ചെയ്ത ആംആദ്മി പാര്‍ട്ടി നടപടിയാണ് സഖ്യത്തിനുള്ളിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നത്. ഇതിനു പുറമേ സഖ്യത്തിന്റെ കണ്‍വീനറാക്കരുതെന്ന അവരുടെ ആവശ്യവും വിശാലസഖ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുന്നു.
ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന നിർദേശവുമായി പാർട്ടി വക്താവ് പ്രിയങ്ക കക്കാർ രംഗത്തുവന്നതോടയാണ് ഭിന്നത മറനീക്കിയത്. രാജ്യത്തിന് മുഴുവൻ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് അരവിന്ദ് കെജ്രിവാൾ നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കക്കാർ സ്ഥാനാര്‍ഥിപദത്തിന് അവകാശവാദമുന്നയിച്ചത്.
'അരവിന്ദ് കെജ്രിവാൾ എപ്പോഴും അവതിരിപ്പിച്ചിട്ടുള്ളത് ലാഭത്തിലും ജനപക്ഷത്തും ചേർന്നിരിക്കുന്ന ബജറ്റാണ്. ഒരു ആംആദ്മി വക്താവെന്ന നിലയിൽ അരവിന്ദ് കെജ്രിവാളിനെയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഞാൻ മുന്നോട്ട് വയ്ക്കുന്നത്. ഇത് നടക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് പക്ഷെ തീരുമാനങ്ങൾ എന്റെ കയ്യിലല്ല' കക്കര്‍ പറഞ്ഞു.
ഈ നിര്‍ദേശം വാര്‍ത്തയായതോടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികളില്‍ നിന്ന് എതിര്‍സ്വരം ഉയര്‍ന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയുടെ തിരുത്തുമെത്തി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് പ്രിയങ്ക കക്കറിനെ തിരുത്തി രംഗത്തു വന്നത്.
കെജ്രിവാൾ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലല്ല. ഇന്ത്യ സഖ്യത്തിൽ ചേരാനുള്ള അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം രാജ്യത്തെ രക്ഷിക്കാനാണ് സഞ്ജയ് സിങ് വ്യക്തമാക്കിയത്. ''പ്രധാനമന്ത്രി സ്ഥാനാർഥി, സീറ്റ് പങ്കിടൽ തുടങ്ങിയ തുടങ്ങിയ കാര്യങ്ങളില്‍ പലവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. അതിന്റെ ഭാഗമായി മാത്രം ഇതു കണ്ടാല്‍ മതി. എല്ലാ അഭിപ്രായങ്ങളും മാനിച്ച് ഇന്ത്യ സഖ്യം തീരുമാനങ്ങള്‍ സമവായത്തിലൂടെയാകും കൈക്കൊള്ളുക. കെജ്‌രിവാള്‍ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടല്ല ഇന്ത്യ സഖ്യത്തില്‍ വന്നത്, മറിച്ച് രാജ്യത്തെ രക്ഷിക്കാനാണ്'' അദ്ദേഹം പറഞ്ഞു.
മുംബൈയിൽ പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാം സമ്മേളനം നടക്കാനിരിക്കെയാണ് എഎപി നേതാവിന്റെ പ്രതികരണമെത്തുന്നത്. നാളെ മുംബൈയിൽ ആരംഭിക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാം സമ്മേളനം രണ്ട് ദിവസങ്ങളിലായാണ് നടക്കുക. ദ്വിദിന യോഗത്തിൽ, അശോക ചക്രമില്ലാത്ത ത്രിവർണ്ണ പതാക സഖ്യത്തിന്റെ പതാകയായി സ്വീകരിക്കാനുള്ള നിർദ്ദേശം നേതാക്കൾ ചർച്ച ചെയ്തേക്കുമെന്നും സുചനയുണ്ട്. ബെംഗളൂരുവിൽ ചേർന്ന വിശാല പ്രതിപക്ഷയോഗം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ നീക്കങ്ങളിൽ വലിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ തുടർചർച്ചകളും പുതിയ നീക്കങ്ങളുമാകും മുംബൈ യോഗത്തിൽ ചർച്ചയാകുക.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാൻ 27 പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന ഗ്രൂപ്പിന്റെ പേര് ബെംഗളൂരു മീറ്റിങ്ങിലാണ് അന്തിമമാക്കിയത്. 27 പ്രതിപക്ഷ പാർട്ടികളും 62 പ്രതിനിധികളും രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.