ഡൽഹി അധികാര തർക്കം: ഓര്‍ഡിനന്‍സിനെതിരെ ഡിഎംകെ പിന്തുണ തേടി കെജ്രിവാൾ

ഡൽഹി അധികാര തർക്കം: ഓര്‍ഡിനന്‍സിനെതിരെ ഡിഎംകെ പിന്തുണ തേടി കെജ്രിവാൾ

നാളെ എംകെ സ്റ്റാലിനുമായും, മറ്റന്നാള്‍ ഹേമന്ദ് സോറനുമായും കൂടിക്കാഴ്ച നടത്തുമെന്ന് കെജ്രിവാള്‍
Updated on
1 min read

ഡല്‍ഹിയിലെ ഭരണപരമായ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തമിഴ്‌നാട്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരെ കാണും. നാളെ എംകെ സ്റ്റാലിനുമായും, മറ്റന്നാള്‍ ഹേമന്ദ് സോറനുമായും കൂടിക്കാഴ്ച നടത്തുമെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു

ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ 'ഡല്‍ഹി വിരുദ്ധ' ഓര്‍ഡിനന്‍സിനെതിരെ ഡിഎംകെയുടെ പിന്തുണ തേടി നാളെ (ജൂണ്‍ 1) ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണുമെന്നാണ് ട്വീറ്റ്.

ജൂണ്‍ 2 ന് റാഞ്ചിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കാണും. ഡല്‍ഹിയിലെ ജനങ്ങള്‍ക്കെതിരെ മോദി സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിനെതിരെ അവരുടെ പിന്തുണ തേടുമെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു

അധികാര തര്‍ക്കത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി ഓര്‍ഡിനന്‍സിലൂടെ അട്ടിമറിച്ച കേന്ദ്ര നീക്കത്തിന് തടയിടാന്‍ പ്രതിപക്ഷ പിന്തുണ തേടി അരവിന്ദ് കെജ്രിവാള്‍ മെയ് 23ന് രാജ്യവ്യാപകമായി പര്യടനം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തി.

കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതിന് പിന്നാലെ തന്നെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കെജ്രിവാളിന് സര്‍വ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടി വിചിത്രവും അമ്പരപ്പിക്കുന്നതുമാണെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

ഭൂമി, ക്രമസമാധാനം, പോലീസ് എന്നിവ ഒഴികെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നിയമനം, സ്ഥലം മാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അധികാരം ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന സുപ്രധാന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.

വിധി അട്ടിമറിക്കാൻ ലക്ഷ്യമിട്ടായിരുന്നു പുതിയ ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. അക്ഷരാർഥത്തിൽ സുപ്രീംകോടതി ഉത്തരവിനെ റദ്ദ് ചെയ്യുന്നതായിരുന്നു ഭേദഗതി. അതുപ്രകാരം, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം അടക്കമുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അധ്യക്ഷനായ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. അതോറിറ്റിയുടെ തീരുമാനത്തില്‍ അന്തിമ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്കും നല്‍കിയിട്ടുണ്ട്

logo
The Fourth
www.thefourthnews.in