കെജ്‌രിവാളിന്റെ അറസ്റ്റ്: ഡല്‍ഹി പ്രതിഷേധക്കടലാക്കാന്‍ എഎപി; പ്രവർത്തകരും പോലീസും തമ്മില്‍ കയ്യാങ്കളി

കെജ്‌രിവാളിന്റെ അറസ്റ്റ്: ഡല്‍ഹി പ്രതിഷേധക്കടലാക്കാന്‍ എഎപി; പ്രവർത്തകരും പോലീസും തമ്മില്‍ കയ്യാങ്കളി

ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു
Updated on
1 min read

മദ്യനയക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചെയ്തതിനെതിരെ പ്രതിഷേധം തുടർന്ന് ആം ആദ്മി പാർട്ടി. ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പ്രതിഷേധം സംഘടിപ്പിച്ച എഎപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ പാർട്ടി ആസൂത്രണം ചെയ്തിരുന്നു.

ഡല്‍ഹിയില്‍ പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധങ്ങളെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. ഗതാഗതം വഴിതിരിച്ചുവിട്ടും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചുമാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. റോഡുകളിലെ വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

അതേസമയം ഇ ഡി കസ്റ്റഡിയിലില്‍ നിന്നുള്ള ഭരണം കെ‍ജ്‌രിവാള്‍ തുടരുകയാണ്. ഇഡി കസ്റ്റഡിയില്‍ ആറാം ദിവസമായിരിക്കവെയാണ് ഇന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കെ‍ജ്‌രിവാള്‍ നല്‍കിയത്. കെജ്‌രിവാളിന്റെ അറസ്റ്റിലെ എഎപി പ്രതിഷേധം, സര്‍ക്കാര്‍ നടപടികള്‍ എന്നിവ വിശദീകരിച്ച് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശങ്ങള്‍ പങ്കുവച്ചത്.

കെജ്‌രിവാളിന്റെ അറസ്റ്റ്: ഡല്‍ഹി പ്രതിഷേധക്കടലാക്കാന്‍ എഎപി; പ്രവർത്തകരും പോലീസും തമ്മില്‍ കയ്യാങ്കളി
ഡല്‍ഹിയിലെ 'തലൈവര്‍' കെജ്‌രിവാള്‍ തന്നെ; ബിജെപിക്ക് ബൂമറാങ് ആകുമോ അറസ്റ്റ്

താന്‍ ജയിലില്‍ കഴിയുമ്പോഴും ഡല്‍ഹി നിവാസികള്‍ ബുദ്ധിമുട്ടരുതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ ഇടപെടലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിൽ മരുന്ന് ക്ഷാമമില്ലെന്ന് ഉറപ്പാക്കണം, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം നിര്‍ദേശിച്ചതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിര്‍ദേശം ദൈവത്തിന്റെ സന്ദേശമായാണ് കാണുന്നതെന്ന് സൗരഭ് ഭരദ്വാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, കസ്റ്റഡിയില്‍നിന്ന് ഭരണം തുടരുന്നുവെന്ന ചര്‍ച്ച ഉയര്‍ത്തി ഇരവാദം ഉന്നയിക്കുകയാണ് കെജ്‌രിവാള്‍ ചെയ്യുന്നതെന്ന് ബിജെപി പരിഹസിച്ചു. രണ്ടു ദിവസം മുന്‍പ് ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയെന്ന് അഷിതി വാര്‍ത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആരോഗ്യ മേഖലലയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നു. കെജ്‌രിവാള്‍ ഇപ്പോഴാണ് ഡല്‍ഹിയെക്കുറിച്ച് ആശങ്കപ്പെടുന്നതെന്നും ബിജെപി നേതാവ് ഹരീഷ് ഖുരാന കുറ്റപ്പെടുത്തി.

കെജ്‌രിവാളിന്റെ അറസ്റ്റ്: ഡല്‍ഹി പ്രതിഷേധക്കടലാക്കാന്‍ എഎപി; പ്രവർത്തകരും പോലീസും തമ്മില്‍ കയ്യാങ്കളി
'മോദിയുടെ ഏറ്റവും വലിയ ഭയം കെജ്‌രിവാള്‍'; പോസ്റ്റര്‍ ക്യാമ്പെയ്‌നുമായി ആം ആദ്മി പാര്‍ട്ടി

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ മാര്‍ച്ച് 28 വരെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ എഎപിക്ക് പുറമെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മാര്‍ച്ച് 31ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ മെഗാറാലി സംഘടിപ്പിക്കും. ഞായറാഴ്ച 'ഇന്ത്യ സഖ്യം വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

logo
The Fourth
www.thefourthnews.in