ജഗദീഷ് ഷെട്ടാറിനായി ബിജെപി വീണ്ടും 'ഷട്ടര്‍' തുറക്കുമ്പോള്‍; പെട്ടന്നുള്ള തിരികെപോക്കില്‍ ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ്
കര്‍ണാടകയിലെ കോണ്‍ഗ്രസിനും ബിജെപിയിലെ ബി എല്‍ സന്തോഷ് പക്ഷത്തിനും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വ്യാഴാഴ്ച രാജ്യതലസ്ഥാനത്തെ ബിജെപി ആസ്ഥാനത്തു നടന്ന രാഷ്ട്രീയ നീക്കം. ബിജെപി ആസ്ഥാനത്തിന്റെ കവാടം കടന്ന് മുതിര്‍ന്ന നേതാവ് ബി എസ് യെദ്യുരപ്പക്കൊപ്പം 'കോണ്‍ഗ്രസ് നേതാവ്' ജഗദീഷ് ഷെട്ടാർ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ കണ്ട് ആദ്യം അമ്പരപ്പ് . വൈകാതെ ആ വാര്‍ത്തയെത്തി, ഒമ്പതു മാസത്തെ കോണ്‍ഗ്രസ് ബാന്ധവം വഴിയില്‍ ഉപേക്ഷിച്ച് ജഗദീഷ് ഷെട്ടാര്‍ വീണ്ടും കാവിക്കൊടി പുതച്ചിരിക്കുന്നു. ബിജെപി ദേശീയ നേതൃത്വവുമായി സംസാരിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവില്‍ നിന്നും അദ്ദേഹം പാര്‍ട്ടി ടിക്കറ്റ് ഏറ്റുവാങ്ങുന്ന ദൃശ്യങ്ങളും പുറകെ വന്നു. വ്യാഴാഴ്ച രാവിലെ 9.30 നു കോണ്‍ഗ്രസിന്റെ ടാഗുള്ള ദേശീയ വിനോദ സഞ്ചാരദിന ആശംസാ പോസ്റ്റ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഷെട്ടാര്‍ കളം മാറിയത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രബലനേതാവ് ഏവരെയും അമ്പരപ്പിച്ചു കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയത്. ബിജെപിയിലെ ബി എല്‍ സന്തോഷ് പക്ഷത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ജഗദീഷ് ഷെട്ടാറിനു ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കുപ്പായം ഇട്ടുകൊടുത്തു കോണ്‍ഗ്രസ് കൂടെ കൂട്ടുകയായിരുന്നു. വാശിമൂത്ത കാവിപ്പട മണ്ഡലത്തില്‍ ഷെട്ടാറിനെ തോല്‍പ്പിച്ചു പകതീര്‍ത്തു. കര്‍ണാടക ഭരണം തിരികെ പിടിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തോറ്റ സ്ഥാനാര്‍ത്ഥിയെ പക്ഷെ കൈവിട്ടില്ല, കര്‍ണാടക നിയമസഭയുടെ ഉപരിസഭാംഗമാക്കി ( എം എല്‍ സി ) തോളില്‍ കയറ്റി തന്നെ വെച്ചു. എന്നിട്ടും ഈ ഷെട്ടാറിനിതെന്തു പറ്റി ?
യെദ്യൂരപ്പ നയിച്ച സൈലന്റ് ഓപ്പറേഷന്‍ കമല
കോണ്‍ഗ്രസ് പാളയത്തില്‍ അല്ലലില്ലാതെ കഴിഞ്ഞു പോന്ന ജഗദീഷ് ഷെട്ടാറിനെ വീണ്ടും കാവിക്കൊടി പുതപ്പിക്കാന്‍ മുന്‍കൈ എടുത്തത് കര്‍ണാടക ബിജെപിയിലെ യെദ്യൂരപ്പ പക്ഷമാണ് . വ്യക്തമായി പറഞ്ഞാല്‍ യെദ്യുരപ്പയും മകനും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയും നിശബ്ദമായി നയിച്ച ഓപ്പറേഷന്‍ കമല. ബി എല്‍ സന്തോഷ് പക്ഷത്തിന്റെ ചെവിയിലെത്താത്ത കാര്യങ്ങള്‍ കരക്കടുപ്പിക്കുകയായിരുന്നു യെദ്യൂരപ്പ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാര്‍ ഒപ്പമുണ്ടായാല്‍ വടക്കന്‍ കര്‍ണാടകയിലെ പാര്‍ട്ടി കോട്ടകളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ വിള്ളല്‍ അടക്കാമെന്നു ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് ബി എസ് യെദ്യൂരപ്പ ഷെട്ടാറിന്റെ പാര്‍ട്ടി പുനഃപ്രവേശം നടത്തിയെടുത്തത്. ഹുബ്ബള്ളി ,ധാര്‍വാഡ്, ബെലഗാവി,ശിവമോഗ എന്നീ മധ്യ-വടക്കന്‍ മേഖലകളില്‍ സ്വാധീനമുള്ള ഷെട്ടാറിനെ മുന്‍നിര്‍ത്തി കളിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതിലധികം സീറ്റുകള്‍ നേടി കസറാമെന്നാണ് കണക്കു കൂട്ടല്‍. അങ്ങനെ പാര്‍ട്ടി കസറിയാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ചെന്ന് ചേരുക പാര്‍ട്ടി അധ്യക്ഷനായ മകനിലേക്കും.
തന്നെ രാഷ്ട്രീയ ഗുരുവായി കാണുന്ന ഷെട്ടാര്‍ തിരിച്ചു വരുന്നതോടെ ബി എല്‍ സന്തോഷ് പക്ഷത്തിനെതിരെ പടനയിക്കാന്‍ കരുത്തുള്ള നേതാവിനെ കൂടിയാണ് യെദ്യൂരപ്പക്കു കിട്ടുന്നത്. ബി എല്‍ സന്തോഷിനോടും സംഘത്തോടും തീര്‍ത്താല്‍ തീരാത്ത പകയോടെയായിരുന്നു ജഗദീഷ് ഷെട്ടാര്‍ അന്ന് പാര്‍ട്ടി വിട്ടപ്പോള്‍ മാധ്യമങ്ങളിലൂടെ സംസാരിച്ചത്. സീറ്റു നിഷേധത്തിനു പിന്നിലും മുതിര്‍ന്ന നേതാക്കളെ രാഷ്ട്രീയമായി ഒതുക്കിയതിലും ബി എല്‍ സന്തോഷിന്റെ കരങ്ങളാണെന്നു ജഗദീഷ് ഷെട്ടാര്‍ ആരോപിച്ചിരുന്നു.
അധ്യക്ഷപദത്തില്‍ വിജയേന്ദ്രയെ അരക്കിട്ടുറപ്പിക്കാന്‍
യെദ്യുരപ്പയുടെ ഇളയ മകന്‍ ബി വൈ വിജയേന്ദ്രയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കുന്നതു തടയുന്നതിനും ബി എല്‍ സന്തോഷ് പക്ഷം മുന്‍ നിരയിലുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞ ലിംഗായത് വോട്ടുകള്‍ തിരികെ പിടിക്കാമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവെക്കാമെന്നുമുള്ള ഉറപ്പിന്മേലാണ് ദേശീയനേതൃത്വം ബി എല്‍ സന്തോഷ് പക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നും അധ്യക്ഷ സ്ഥാനം വിജയേന്ദ്രക്കു നല്‍കിയത് . വിജയേന്ദ്രയോട് ചിറ്റമ്മനയം തുടരുകയാണ് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ മിക്കവരും. വിജയേന്ദ്രയെ അധ്യക്ഷനായി അംഗീകരിക്കണമെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടി കരുത്തു കാണിക്കണമെന്ന് പരസ്യമായി വെല്ലുവിളിച്ച ബിജെപി നേതാക്കളുണ്ട്. ഇവരുടെ നിസഹകരണം തലവേദനയാകുമെന്നു കണ്ടാണ് യെദ്യുരപ്പയും മകനും കരുക്കള്‍ നീക്കി ജഗദീഷ് ഷെട്ടാറിനെ വീണ്ടും ബിജെപി പാളയത്തിലെത്തിച്ചത് .
ലിംഗായത്തുകളുടെ പിണക്കം മാറുമോ ?
വര്‍ഷങ്ങളായി ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്ന കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലിംഗായത് സമുദായക്കാരായ നേതാക്കള്‍ക്ക് ടിക്കറ്റ് നിഷേധിച്ചതോടെയായിരുന്നു പാര്‍ട്ടിയില്‍ നിന്നകന്നിരുന്നു. ലിംഗായത് സമുദായക്കാരനായ യെദ്യുരപ്പയെ മുഖ്യമന്ത്രി കസേരയില്‍ നിന്നിറക്കിയതും ജഗദീഷ് ഷെട്ടാറിനും ലക്ഷ്മണ്‍ സവദിക്കുമുള്‍പ്പടെ ടിക്കറ്റ് നിഷേധിച്ചതും അവരെ ചൊടിപ്പിച്ചു. ഷെട്ടാറും സവദിയും കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ അഭയം തേടിയതോടെ ലിംഗായത് വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ഒഴുകി . കര്‍ണാടകയില്‍ ഭരണമാറ്റമുണ്ടാകാന്‍ വഴിവെച്ച ബിജെപി യുടെ മണ്ടന്‍ തീരുമാനമായിരുന്നു ലിംഗായത്തുകളെ പിണക്കിയത്. തിരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി ദേശീയ നേതൃത്വം പാഠം പഠിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ ഉപദേശം ഇനിയും കേട്ടിരുന്നാല്‍ കര്‍ണാടകയില്‍ പാര്‍ട്ടി ഇല്ലാതാകുമെന്ന ഭീതിയിലാണ് യെദ്യുരപ്പയുടെ വാക്കുകള്‍ക്ക് വീണ്ടും ചെവിയോര്‍ക്കാന്‍ ജെ പി നദ്ദയും കൂട്ടരും സന്നദ്ധരായത്. കര്‍ണാടക ബിജെപിയിലെ ഉള്‍പ്പോര് തല്‍ക്കാലം കാര്യമാക്കേണ്ടെന്നാണ് ദേശീയനേതൃത്വം ചിന്തിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോഴേക്കും ചുമതലകള്‍ നല്‍കുന്നതോടെ നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു വിജയം സമ്മാനിക്കുമെന്നാണ് കണക്കുകൂട്ടല്‍ .
ഞെട്ടിത്തരിച്ചു കോണ്‍ഗ്രസ്, ലിംഗായത് വോട്ടുകള്‍ ചോരും
ജഗദീഷ് ഷെട്ടാറിന്റെ പാര്‍ട്ടി പുനഃപ്രവേശം ബി എല്‍ സന്തോഷ് പക്ഷത്തെ ഞെട്ടിച്ചപോലെ തന്നെ കോണ്‍ഗ്രസിനെയും പിടിച്ചു കുലുക്കിയിട്ടുണ്ട്. ഷെട്ടാര്‍ ചെയ്തത് വിശ്വാസ വഞ്ചനെയാണെന്നു അന്ന് ഷെട്ടാറിനു മൂവര്‍ണ കൊടി എടുത്തു കൊടുത്ത കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പ്രതികരിച്ചു . രണ്ടു ദിവസം മുന്‍പ് കണ്ടപ്പോഴും കോണ്‍ഗ്രസാണ് ജീവനെന്നു പറഞ്ഞ ആളാണ് ഷെട്ടാര്‍ എന്ന് ഡി കെ ശിവകുമാര്‍ നിരാശ പങ്കുവെച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഷെട്ടാര്‍ എന്തിനു ഇത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ല. ഷെട്ടാറിന്റെ മടക്കത്തോടെ പിണക്കം അവസാനിപ്പിച്ച് ലിംഗായത്തുകള്‍ കൂടുമാറിയാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നന്നായി വിയര്‍ക്കേണ്ടി വരും. കര്‍ണാടകയില്‍ നിന്ന് 18-21 വരെ സീറ്റുകള്‍ ഉറപ്പാക്കുമെന്ന് ഹൈക്കമാന്‍ഡിനു വാക്ക് നല്‍കിയ കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് യെദ്യൂരപ്പ നടത്തിയ ഈ രാഷ്ട്രീയ കരുനീക്കം. ഷെട്ടാറിന്റെ ചുവടുപിടിച്ചു ലക്ഷ്മണ്‍ സവദി കൂടി മാതൃ സംഘടനയിലേക്ക് പോയാല്‍ ശിവകുമാറിന്റെ സ്വപനം വെള്ളത്തിലാകും .