'മോദി എന്നാല്‍ അഴിമതി', വൈറലായി പഴയ ട്വീറ്റ്; കുത്തിപ്പൊക്കലിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ നിരാശയെന്ന് ഖുശ്ബു
'മോദി എന്നതിനര്‍ഥം അഴിമതി' എന്ന തന്റെ പഴയ ട്വീറ്റ് വീണ്ടും ചർച്ചയായതോടെ പ്രതികരണവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. കോണ്‍ഗ്രസ് വക്താവായിരിക്കുമ്പോൾ എഴുതിയ ട്വീറ്റാണത്. പ്രതിപക്ഷം വീണ്ടുമിത് കുത്തിപൊക്കുന്നത് അവരുടെ നിരാശയെ വെളിപ്പെടുത്തുന്നതാണെന്ന് ഖുശ്ബു കുറ്റപ്പെടുത്തി. നേതാവായ രാഹുല്‍ ഗാന്ധിയുടെ ഭാഷയാണ് അന്ന് കോണ്‍ഗ്രസ് വക്താവായിരിക്കെ താൻ സംസാരിച്ചതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഖുശ്ബിൻ്റെ ട്വീറ്റ് വൈറലാകുന്നത്. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദിഗ് വിജയ് സിങ് ഖുശ്ബുവിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഖുശ്ബുവിനെതിരെയും കേസ് എടുക്കുമോ എന്ന് ചോദ്യമുന്നയിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.
ട്വീറ്റ് സാമൂഹ്യമാധ്യമത്തില്‍ ചർച്ചയായതോടെയാണ് പ്രതികരണവുമായി ഖുശ്ബു രംഗത്തെത്തിയത്.
'എനിക്കെതിരായ ആക്രമണം കോണ്‍ഗ്രസ് എത്ര നിരാശരാണെന്ന് വ്യക്തമാക്കുന്നതാണ്. ഇന്നുവരെുള്ള ട്വീറ്റുകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് നേതാക്കൾക്ക് ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ കേസെടുക്കാന്‍ ഞാൻ വെല്ലുവിളിക്കുകയാണ്, കേസിനെ ഞാന്‍ നിയമപരമായി നേരിട്ട് കൊള്ളാം' ട്വീറ്റില്‍ പറയുന്നു.
ഇവിടെ മോദി അവിടെ മോദി എവിടെ നോക്കിയാലും മോദി. എന്നാലിതെന്താണ്? ഓരോ മോദിയുടെയും മുന്നിൽ അഴിമതിയുണ്ട്. അത് മനസ്സിലാക്കിക്കൊള്ളൂ. മോദി എന്നതിനർഥം അഴിമതി എന്നാണെന്നായിരുന്നു 2018ലെ ഖുശ്ബുവിൻ്റെ ട്വീറ്റ്.