പുതിയ വകഭേദം: കോവിഡ് മാനദണ്ഡങ്ങള്‍ കർശനമാക്കും; മാസ്ക് ധരിക്കലും സാമൂഹിക അകലവും നിർബന്ധമെന്ന് കേന്ദ്രം
Google

പുതിയ വകഭേദം: കോവിഡ് മാനദണ്ഡങ്ങള്‍ കർശനമാക്കും; മാസ്ക് ധരിക്കലും സാമൂഹിക അകലവും നിർബന്ധമെന്ന് കേന്ദ്രം

ടെസ്റ്റുകളുടെ എണ്ണം ഉയർത്താനും ആശുപത്രികളിൽ പരിശോധന ശക്തമാക്കാനും നിർദേശം
Updated on
1 min read

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ കർശനനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ചേർന്ന അവലോകനയോഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി തുടരണമെന്ന് തീരുമാനിച്ചു. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കർശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കോവിഡ് നിരീക്ഷണവും ജനിതക സീക്വന്‍സിങ്ങും വർധിപ്പിക്കാനും ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരും ഡോക്ടർമാരും ശുപാർശ ചെയ്തു. ടെസ്റ്റുകളുടെ എണ്ണം ഉയർത്താനും ആശുപത്രികളിൽ പരിശോധന ശക്തമാക്കാനും നിർദേശമുണ്ട്.

അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവകഭേദങ്ങളും പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരള, മഹാരാഷ്ട്ര ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലും പുതിയ വകഭേദമായ XBB കണ്ടെത്തിയിരുന്നു. കോവിഡ് BA.2.75 , BJ.1 വകഭേദങ്ങളുടെ സങ്കലനമാണ് XBB. വളരെ അപകടകാരിയാണ് XBB എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രോഗപ്രതിരോധ ശേഷിയെ മുന്‍പത്തേതിനേക്കാൾ ശക്തിയോടെ ആക്രമിക്കാൻ ഈ വകഭേദത്തിന് കഴിയും. ലോകത്താകെ 17 രാജ്യങ്ങളിലാണ് ഇതുവരെ XBB സ്ഥിരീകരിച്ചിട്ടുള്ളത്.

സിംഗപ്പൂരില്‍ വലിയ വ്യാപനത്തിന് പുതിയ വകഭേദം ഇടയാക്കിയിരുന്നു. ദീപാവലി ആഘോഷം എത്തുന്നതോടെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടുമോയെന്നാണ് ആരോഗ്യവിദഗ്ധർ പങ്കുവെയ്ക്കുന്ന ആശങ്ക.

logo
The Fourth
www.thefourthnews.in