കല്‍ക്കട്ട, ഫാന്റം ഇന്ത്യ മുതല്‍ ഇന്ത്യയുടെ മകള്‍ വരെ; ഇന്ത്യയിൽ വിലക്ക് നേരിട്ട ഡോക്യുമെന്ററികള്‍

കല്‍ക്കട്ട, ഫാന്റം ഇന്ത്യ മുതല്‍ ഇന്ത്യയുടെ മകള്‍ വരെ; ഇന്ത്യയിൽ വിലക്ക് നേരിട്ട ഡോക്യുമെന്ററികള്‍

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഡോക്യുമെന്ററികള്‍ ഉണ്ടാകുന്നതും അവയുടെ പ്രദര്‍ശനം വിലക്കപ്പെടുന്നതും ആദ്യമല്ല. ഇത്തരത്തില്‍ വിലക്കപ്പെട്ട ചില ഡോക്യുമെന്ററികളെ കുറിച്ചറിയാം.
Updated on
2 min read

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഡോക്യുമെന്ററിയുടെ ലിങ്ക് ബ്ലോക്ക് ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചത്. എന്നാല്‍, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഡോക്യുമെന്ററി പ്രദര്‍ശനം തുടരുകയാണ്. ഇതോടെ, വാദപ്രതിവാദങ്ങളും പാരമ്യത്തിലെത്തി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഡോക്യുമെന്ററികള്‍ ഉണ്ടാകുന്നതും അവയുടെ പ്രദര്‍ശനം വിലക്കപ്പെടുന്നതും ആദ്യമല്ല. ഇത്തരത്തില്‍ വിലക്കപ്പെട്ട ചില ഡോക്യുമെന്ററികളെ കുറിച്ചറിയാം.

ഫൈനല്‍ സൊല്യൂഷന്‍ (2004)

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രാകേഷ് ശര്‍മ ചെയ്ത ഡോക്യുമെന്ററിയാണ് ഫൈനല്‍ സൊല്യൂഷന്‍. ഗുജറാത്ത് കലാപം, അവിടെ നടന്ന ക്രൂരതകള്‍, അതിന്റെ ആസൂത്രണം, അവ എങ്ങനെ നടപ്പാക്കി എന്നതുള്‍പ്പെടെ കാര്യങ്ങളാണ് ഫൈനല്‍ സൊല്യൂഷന്‍ പറയുന്നത്. ഇരുപക്ഷത്തുനിന്നുമുള്ള ദൃക്‌സാക്ഷികള്‍, അതിജീവിതര്‍ എന്നിവരോട് നേരിട്ട് സംസാരിച്ചും അഭിമുഖം നടത്തിയുമാണ് രാകേഷ് ശര്‍മ ഡോക്യുമെന്ററി നിര്‍മിച്ചത്.

എന്നാല്‍, പ്രകോപനപരവും വര്‍ഗീയകലാപം ഉടലെടുക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തി. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും ബിജെപി അനുഭാവിയുമായ അനുപം ഖേറിനെതിരെ രാകേഷ് ശര്‍മ പ്രതികരിക്കുകയും ചെയ്തിരുന്നു. 2004 ഒക്ടോബറില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ, നിരോധനം പിന്‍വലിച്ചു. ദേശീയ പുരസ്‌കാരത്തില്‍, നോണ്‍-ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഫൈനല്‍ സൊല്യൂഷന്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വന്തമാക്കി. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഡോക്യുമെന്ററി പുരസ്‌കാരങ്ങള്‍ നേടി.

ഇന്ത്യാസ് ഡോട്ടര്‍ (2015)

ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബിബിസി ഡോക്യുമെന്ററിയായിരുന്നു ഇന്ത്യാസ് ഡോട്ടര്‍. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗവും കൊലപാതകവും അടിസ്ഥാനമാക്കി ലെസ്‌ലീ ഉഡ്‌വിനാണ് ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി നിര്‍മിച്ചത്. കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ മുകേഷുമായുള്ള അഭിമുഖം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനെതിരെ പോലീസ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഡോക്യുമെന്ററി നിരോധിച്ച് ഉത്തരവിറക്കി. പിന്നാലെ ബിബിസി ഇന്ത്യയില്‍ നിന്ന് ഡോക്യുമെന്ററി പിന്‍വലിച്ചു. വിദേശത്ത് യുട്യൂബില്‍ ഡോക്യുമെന്ററി ലഭ്യമായപ്പോള്‍, ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ അതിനും തടയിട്ടു. സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം ചോദ്യം ചെയ്‌തെങ്കിലും, ഇന്ത്യയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

രാം കെ നാം (1992)

ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് രാം കെ നാം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായി വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ പ്രചാരണങ്ങളെക്കുറിച്ചാണ് ഡോക്യുമെന്ററി അന്വേഷിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിരൂപക പ്രശംസ നേടിയ ചിത്രം മികച്ച അന്വേഷണ ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും മികച്ച ഡോക്യുമെന്ററിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടി. എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ദൂരദര്‍ശനെ വിലക്കി. മതവികാരം വ്രണപ്പെടുത്തും എന്ന ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇന്‍ശാ അല്ലാഹ്, ഫുട്‌ബോള്‍ (2010)

ബ്രസീലില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിച്ച കശ്മീരിലെ യുവ ഫുട്ബാള്‍ കളിക്കാരനെക്കുറിച്ച് അശ്വിന്‍ കുമാര്‍ നിര്‍മിച്ചതാണ് ഡോക്യുമെന്ററി. പിതാവിന്റെ തീവ്രവാദ ബന്ധം ആരോപിച്ച് യുവാവിന് ബ്രസീലിലേക്ക് പോകാനുള്ള അവസരം സര്‍ക്കാര്‍ തടയുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഡോക്യുമെന്ററി സ്‌ക്രീനിങ് പ്രഖ്യാപിച്ചെങ്കിലും, പ്രദര്‍ശനത്തിന് തൊട്ടുമുന്‍പ് അത് തടഞ്ഞു. സൈനിക സാന്നിധ്യമുള്ള കശ്മീരിലെ പൊതുജീവിതത്തെക്കുറിച്ചും ഡോക്യുമെന്ററി പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടി. തുടര്‍ന്ന്, തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കായി പാസ്‌വേഡ് ലഭ്യമാക്കി ഓണ്‍ലൈനില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

കല്‍ക്കട്ട, ഫാന്റം ഇന്ത്യ (1969)

ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഡോക്യുമെന്ററികളാണ് കല്‍ക്കട്ട, ഫാന്റം ഇന്ത്യ. ഇന്ത്യയിലെ ദൈനംദിന ജീവിതത്തിന്റെ നേര്‍ച്ചിത്രമായിരുന്നു ലൂയി മല്ലെ നിര്‍മിച്ച ഡോക്യുമെന്ററികള്‍. ഇവ ബിബിസിയില്‍ പ്രദര്‍ശിച്ചപ്പോള്‍ തന്നെ പ്രവാസി ഇന്ത്യക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരും ശക്തമായി പ്രതികരിച്ചു. മുന്‍വിധിയോടെയും, ഇന്ത്യയെ മോശമായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഡോക്യുമെന്ററി എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. ഇതേത്തുടര്‍ന്ന്, 1972വരെ ബിബിസിയെ ഇന്ത്യയില്‍നിന്ന് പുറത്താക്കിയിരുന്നു.

logo
The Fourth
www.thefourthnews.in