ഒവൈസിയുടെ വസതിയിൽ ഇസ്രയേൽ അനുകൂല പോസ്റ്റർ പതിപ്പിച്ചു; പാർലമെന്റിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യം
എ ഐ എം ഐ എം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിയുടെ 'നെയിം ബോർഡ്' നശിപ്പിച്ച് അഞ്ചംഗ സംഘം. വ്യാഴാഴ്ച രാത്രി, ഒരുസംഘമെത്തി വസതിയുടെ മതിലിന് മുൻപിൽ സ്ഥാപിച്ചിരുന്ന നെയിം ബോർഡിൽ ഇസ്രയേൽ അനുകൂല പോസ്റ്ററുകൾ പതിക്കുകയും കറുത്ത മഷിയൊഴിക്കുയും ചെയ്തു. ജൂൺ 24ന് പാർലമെന്റിൽ നടന്ന സത്യപ്രതിജ്ഞയ്ക്കിടെ ഒവൈസി 'ജയ് പലസ്തീൻ' മുദ്രാവാക്യം ഉയർത്തിയതിനെതിരെ ആയിരുന്നു സംഘത്തിന്റെ പ്രതിഷേധം.
'ഇസ്രയേലിനൊപ്പം' എന്നെഴുതിയിരിക്കുന്ന പോസ്റ്റർ അക്രമിസംഘം ഒവൈസിയുടെ വസതിക്ക് പുറത്ത് പതിപ്പിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ഭാരത് മാതാ കി ജയ്' എന്ന പറയാത്ത എംപിമാർക്കും എം എൽ എമാർക്കുമെതിരെ കർശന നടപടിയെടുക്കണമെന്നാണ് സംഘത്തിന്റെ ആവശ്യം. തന്റെ വസതിക്ക് നേരെ കറുത്ത മഷി ഉപയോഗിച്ച കാര്യം ഒവൈസി തന്നെ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചിരുന്നു.
'ചില "അജ്ഞാതരായ അക്രമികൾ" ഇന്ന് എൻ്റെ വീട് കറുത്ത മഷി ഉപയോഗിച്ച് നശിപ്പിച്ചു. എൻ്റെ ഡൽഹി വസതി ലക്ഷ്യം വച്ചുള്ള ഇത്തരം പ്രവൃത്തികളുടെ എണ്ണം എത്രയായി എന്നു തന്നെ അറിയില്ല. ഡൽഹി പോലീസിന്റെ മൂക്കിന് താഴെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ഉദ്യോഗസ്ഥർ നിസഹായത പ്രകടിപ്പിക്കുകയാണ്.' ഒവൈസി എക്‌സിൽ കുറിച്ചു. കൂടാതെ അമിത് ഷായുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നതെന്നും എംപിമാരുടെ സുരക്ഷാ ഉറപ്പുതരുമോ ഇല്ലയോ എന്ന് സ്പീക്കർ ഓം ബിർള പറയണമെന്നും ഒവൈസി കുറിപ്പിൽ ആവശ്യപ്പെട്ടു.
ഒവൈസി ലോക്‌സഭയിൽ പാർലമെൻ്റ് അംഗമായി (എംപി) സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസമാണ് ആക്രമണം. ഒവൈസിയുടെ പരാമർശത്തിനെതിരെ അന്നുതന്നെ വലിയ വിമർശനങ്ങൾ വലതുപക്ഷ സൈബർ ഗ്രൂപ്പുകളിൽ ഉയർന്നിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന നിലപാടിൽ ഒവൈസി ഉറച്ചുനിൽക്കുകയായിരുന്നു. അതേസമയം അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ചിലർ അപേക്ഷ നൽകിയിരുന്നു. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചായിരുന്നു അപേക്ഷ.