ആദ്യം വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്; അമളി മനസിലായപ്പോൾ ഖേദം പ്രകടിപ്പിച്ച് അശോക് ഗെഹ്ലോട്ട്; പ്രതിഷേധിച്ച് ബിജെപി

ആദ്യം വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്; അമളി മനസിലായപ്പോൾ ഖേദം പ്രകടിപ്പിച്ച് അശോക് ഗെഹ്ലോട്ട്; പ്രതിഷേധിച്ച് ബിജെപി

അബദ്ധം സംഭവിച്ചതാണെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും അശോക് ഗെഹ്‌ലോട്ട്
Updated on
1 min read

രാജസ്ഥാൻ നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെ പഴയ ബജറ്റ് വായിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പുതിയ ബജറ്റ് അവതരണ വേളയിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് ഗെഹ്‌ലോട്ട് മാറി വായിച്ചത്. ധനമന്ത്രി കൂടിയായ ഗെഹ്‌ലോട്ടിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അര മണിക്കൂറോളമാണ് സഭ നിർത്തിവച്ചത്. രാജസ്ഥാന്റെ ബജറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണ് സംഭവിച്ചതെന്ന് ബിജെപി ആരോപിച്ചു. അതേസമയം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഖേദമുണ്ടെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.

ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി, മുൻ ബജറ്റിന്റെ ഭാഗങ്ങളാണ് വായിച്ചത്. മന്ത്രിസഭയിലെ മറ്റൊരു അംഗമെത്തി ബജറ്റ് മാറിപ്പോയ വിവരം ധരിപ്പിച്ചു. ഇതോടെ ബജറ്റ് അവതരണം നിര്‍ത്തിവച്ചു. പിന്നാലെ ബിജെപി അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചു. സഭയിൽ അച്ചടക്കം പാലിക്കാൻ സ്പീക്കർ സി പി ജോഷി ആവശ്യപ്പെട്ടെങ്കിലും ബഹളം തുടർന്നതോടെ സഭ അരമണിക്കൂറോളം നിർത്തിവച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗെഹ്‌ലോട്ട് സർക്കാരിന്റെ അവസാന ബജറ്റ് ആയിരുന്നതിനാല്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നു. അതുകൊണ്ടു തന്നെ ബജറ്റിലെ പിഴവ് ബിജെപി വലിയ വിഷയമാക്കി. സമ്പാദ്യം, ആശ്വാസം, പുരോഗതി എന്നിവ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ ബജറ്റെന്ന് നേരത്തെ തന്നെ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ബജറ്റിൽ, ഗ്രാമീണ മേഖലയ്ക്കായുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ നഗരപ്രദേശങ്ങൾക്ക് വേണ്ടി 'ഇന്ദിരാഗാന്ധി ഷെഹ്രി റോസ്ഗർ ഗ്യാരണ്ടി യോജന' രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2004 ജനുവരി ഒന്നിന് ശേഷമുള്ള ജീവനക്കാർക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. കൂടാതെ, സംസ്ഥാന ഖജനാവിൾ നിന്ന് 750 കോടി രൂപ ചെലവിട്ട് MGNREGSന് കീഴിൽ തൊഴിൽ ദിനങ്ങൾ 100 ൽ നിന്ന് 125 ദിവസമായി ഉയർത്തുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. 'മുഖ്യമന്ത്രി ചിരഞ്ജീവി യോജന'യുടെ കീഴിൽ 1.33 കോടി കുടുംബങ്ങളിലെ സ്ത്രീകൾക്ക് മൊബൈൽ ഫോണുകളും ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സ്മാർട്ട്ഫോണുകൾക്ക് മൂന്ന് വർഷത്തേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടായിരിക്കും. ഇതിനായി സർക്കാർ പ്രതിവർഷം 2,500 കോടി രൂപ വകയിരുത്തുമെന്നും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, പദ്ധതിക്ക് കീഴിൽ ഇതുവരെ മൊബൈലുകളൊന്നും വിതരണം ചെയ്തിട്ടില്ല.

logo
The Fourth
www.thefourthnews.in