അശോക സ്തംഭത്തിന്റെ പഴയ രൂപവും പാര്‍ലമെന്റിലെ പുതിയ അശോക സ്തംഭവും
അശോക സ്തംഭത്തിന്റെ പഴയ രൂപവും പാര്‍ലമെന്റിലെ പുതിയ അശോക സ്തംഭവും

'നരഭോജിയായ സിംഹങ്ങൾ', അശോക സ്തംഭത്തിലെ മാറ്റത്തിൻ്റെ പിന്നിലെന്ത്

പാര്‍ലമെന്റിന് മുന്നിലെ സ്തംഭം പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത് ഗുരുതര ഭരണഘടനാ ലംഘനം
Updated on
2 min read

ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിൽ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. അശോക സ്തംഭത്തിൻ്റെ മാറ്റവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതുമാണ് വിവാദമായത്. അനാച്ഛാദനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പൂജ നടത്തിയതിനെയും പ്രതിപക്ഷ പാർട്ടികളും നിയമജ്ഞരും ശക്തമായി വിമർശിച്ചു.

സമാധാനത്തിൻ്റെ പ്രതീകമായിരുന്നു അശോക സ്തംഭത്തിലെ സിംഹമെന്നും എന്നാൽ പുതുതായി നിർമ്മിച്ച ശിൽപത്തിൽ അതിന് രൗദ്രഭാവമാണെന്നും അതിന് സാരനാഥിലെ അശോക ചക്രവർത്തിയുടെ ചിഹ്നവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിമർശനം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം എന്നീ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് പ്രധാനമായും വിമർശനം ഉന്നയിച്ചത്. പ്രശാന്ത് ഭൂഷണെ പോലുള്ള നിയമജ്ഞരും ആക്ടിവിസ്റ്റുകളും വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ ദേശീയ ചിഹ്നത്തെ അപകീർത്തിപെടുത്തുകയാണ് അശോക സ്തംഭത്തിന് രൂപമാറ്റം വരുത്തിയതിലൂടെ ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലാണ് കൂറ്റന്‍ ദംഷ്ട്രരൂപിയായ അശോക സ്തംഭം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പങ്കെടുത്ത പൂജക്ക് ശേഷമാണ് പുതിയ അശോകസ്തംഭം അനാച്ഛാദനം ചെയ്തത്. ഇന്ത്യയുടെ ദേശീയ ചിഹ്നം ഹിന്ദു മതാചാരപ്രകാരം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് വിമർശകർ പറയുന്നത്

സത്യപ്രതിജ്ഞാ ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് സിപിഎം ആരോപിച്ചു. പ്രധാനമന്ത്രി പാർലമെൻ്റിലെ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതും ഹിന്ദു മത ചടങ്ങുകൾ നടത്തിയതും ഗുരുതരമായ തെറ്റാണെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

ദേശിയ ചിഹ്നത്തിനോടും അശോകന്റെ സിംഹങ്ങളോടുമുളള അപമാനമാണിതെന്ന വിശേഷണവുമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ജവഹര്‍ സര്‍കാര്‍ രംഗത്ത് വന്നു. പഴയ സ്തഭംത്തിന്റെയും പുതിയ സ്തഭംത്തിന്റെയും ചിത്രം മറ്റൊന്നും പറയാതെ പോസ്റ്റ് ചെയ്തിരിക്കുകയാണ് മൌവ മൊയ്ത്ര.

അശോക സ്തംഭത്തിന്റെ യഥാര്‍ഥ മുഖഛായ എന്താണ്

ഇന്ത്യയുടെ മൗര്യ(ക്രി.മു. 268 മുതല്‍ 232 വരെ)രാജവംശത്തിന്റെ ഭരണാധികാരിയായിരുന്നു അശോകന്‍. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മര്‍ദ്ദക ഭരണാധികാരികളില്‍ ഒരാള്‍. കലിംഗ മേഖലക്കെതിരെയുള്ള യുദ്ധത്തിന് ശേഷം ചോരപുഴകളും ദുരിതവും കണ്ട് മനസു മാറിയ അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിക്കുകയും അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അശോക സ്തംഭം സ്ഥാപിക്കുന്നത്.ഹിംസയില്‍ നിന്നും അഹിംസയിലേക്കുളള അശോകന്റെ യാത്രകളുടെ പ്രതീകമാണ് ഓരോ സ്തംഭവും വിലയിരുത്തപ്പെടുന്നത്.

ഉയരുന്ന വിമർശനങ്ങൾ

  • സാരാനാഥിലെ അശോക സ്തംഭത്തിന്റെ ഭാവമല്ല ഇപ്പോൾ അനാച്ഛാദനം ചെയ്യപ്പെട്ടതിനുള്ളത്.

  • ഇന്ത്യയുടെ ദേശീയ മുദ്രയായ സാരനാഥിലെ അശോക സ്തംഭം പുനരാവിഷ്‌കരിക്കുമ്പോള്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ലെന്ന സ്റ്റേറ്റ് എംബ്‌ളം ഓഫ് ഇന്ത്യ നിയമത്തിലെ ചട്ടം ലംഘിച്ചു

  • ദേശീയ ചിഹ്നം പൂജചെയ്ത് അനാച്ഛാദനം ചെയ്തത് തെറ്റ്

  • പാര്‍ലമെന്റിന്റെ തലവന്‍ സ്പീക്കര്‍ സമീപം നില്‍ക്കെ പ്രധാന മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത് ഭരണഘടന ലംഘനം

ഇന്ത്യയുടെ ദേശീയ മുദ്രയായി അംഗീകരിച്ചിട്ടുളള ശില്‍പ്പമാണ് അശോക സ്തംഭം.ബുദ്ധമത പ്രചരണാര്‍ത്ഥം അശോക ചക്രവര്‍ത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുളള ശിലാസ്തംഭമാണിത്. ബി സി 250 ല്‍ ഉത്തര്‍പ്രദേശിലെ സാരാനാഥില്‍ സ്ഥാപിച്ചിട്ടുളള ഏറ്റവും വലുതും മനോഹരവുമായ സ്തംഭത്തില്‍ നിന്നാണ് ഇന്ത്യയുടെ ദേശീയ മുദ്ര സ്വീകരിച്ചിരിക്കുന്നത് .

1950 ജനുവരി 26 നാണ് ദേശീയ മുദ്രയായി അശോക സ്തംഭം ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. സിംഹം, കുതിര കാള,ആന എന്നീ മൃഗങ്ങള്‍ ഉള്‍ക്കൊണ്ടതാണ് അശോക സ്തംഭം.

ശാന്തനായ സമാധാന പ്രിയനായ സാരനാഥിലെ സിംഹത്തില്‍ നിന്ന് അലറി വിളിച്ച് ദംഷ്ട്ര കാട്ടി അക്രമോത്സുകമായി നില്‍ക്കുന്ന സിംഹത്തിലേക്കുള്ള മാറ്റം, വർത്തമാന ഇന്ത്യയെ പ്രതീകവൽക്കരിക്കുന്നുവെന്നാണ് വിമർശനം.

logo
The Fourth
www.thefourthnews.in