അധിക ലഗേജിനെച്ചൊല്ലി തർക്കം, ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണി; അറസ്റ്റ്
അധിക ലഗേജിന് പണം നൽകുന്നതിനെച്ചൊല്ലി വിമാനക്കമ്പനി ഉദ്യോഗസ്ഥരുമായുണ്ടായ തർക്കത്തെത്തുടർന്ന് ബോംബ് ഭീഷണി മുഴക്കിയ യുവതി അറസ്റ്റിൽ. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലാണ് സംഭവം. ബോംബ് ഭീഷണി മുഴക്കിയ രുചി ശർമയെ മുംബൈ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മെയ് 29ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കൊൽക്കത്തിയിലേക്ക് യാത്ര ചെയ്യുന്നതിനാണ് രുചി ശർമ മുംബൈ വിമാനത്താവളത്തിലെത്തിയത്. ബോർഡിങ് പാസിനായി കൗണ്ടറില്‍ യുവതി ടിക്കറ്റും കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളും കൈമാറി. എന്നാൽ, യുവതിയുടെ ലഗേജുകളുടെ ഭാരം അനുവദനീയ പരിധിയിലും കൂടുതലായിരുന്നു. ചട്ടപ്രകാരം ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് 15 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ. അതിലധികമായാല്‍ കൂടുതല്‍ തുക അടയ്ക്കണം.
യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്ന രണ്ടു ബാഗുകൾക്കും കൂടി 22 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അധിക ലഗേജ് കൊണ്ടുപോകാൻ പണമടയ്ക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് യുവതി പ്രകോപിതയായത്. തർക്കമായതോടെ, പ്രശ്‌നം പരിഹരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെയും സിഐഎസ്‌എഫ് ഗാർഡുകളെയും ജീവനക്കാർ ബന്ധപ്പെട്ടു. ഇതിനിടെയാണ് യുവതി ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്.
തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയുടെ രണ്ട് ബാഗുകളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ പോലീസ് എത്തി വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336, 505 (2) വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.