'ബഹുഭാര്യാത്വം നിരോധിക്കും'; വിദഗ്ധ സമിതി രൂപീകരിക്കാൻ അസം സർക്കാർ
ബഹുഭാര്യാത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മതത്തിനകത്തെ ബഹുഭാര്യത്വം നിരോധിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. ഇതിനായി മുസ്ലീം വ്യക്തി നിയമത്തിലെ വ്യവസ്ഥകളടക്കം പരിശോധിക്കുമെന്ന് ഹിമന്ത അറിയിച്ചു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ആദ്യ പടിയാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
'സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. 1937 ലെ മുസ്ലീം വ്യക്തിനിയമത്തിലെ വ്യവസ്ഥകളും ഭരണഘടനയുടെ 25ാം അനുച്ഛേദത്തിലെ വ്യവസ്ഥകളും സമിതി പരിശോധിക്കും. നിയമവിദഗ്ധരടക്കമുള്ള എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും'. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
മുസ്ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം അടക്കമുള്ള കാര്യങ്ങളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മാസങ്ങള്‍ക്കിപ്പുറമാണ് അസം സര്‍ക്കാരിന്റെ നടപടി.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ ഹിമന്ത ബിശ്വ ശര്‍മ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പുരുഷന്മാര്‍ ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ കഴിക്കുന്നതും സ്ത്രീകള്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന യന്ത്രമായി മാറുന്നതും അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസംഗം.
'മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും നാലില്‍ കൂടുതല്‍ തവണ വിവാഹിതരാകുന്നു. ഇതൊരു സംവിധാനമാണോ? ഇതുപോലൊരു നിയമം ലോകത്ത് തന്നെ ഉണ്ടാകാന്‍ പാടില്ല. ഇത് അവസാനിപ്പിക്കാന്‍ നമുക്ക് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്'. ഹിമന്ത ബിശ്വ ശര്‍മ കർണാടകയിൽ പറഞ്ഞു.