പുരോഗമനപരമോ ഏകപക്ഷീയമോ? ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലെന്ത്‌

പുരോഗമനപരമോ ഏകപക്ഷീയമോ? ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലെന്ത്‌

വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി
Updated on
3 min read

ശൈശവ വിവാഹം നിയമം മൂലം നിരോധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ഇതേ രാജ്യത്ത് ശൈശവ വിവാഹം തടയാന്‍ പ്രത്യേക ഇടപെടല്‍ നടത്തുന്ന അസം സര്‍ക്കാര്‍. ഇതിനെതിരെ ഉയരുന്ന പ്രതിഷേധം. രാജ്യത്തെ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ഇത്.

പൊതുജനാരോഗ്യത്തിനും പൊതുജനക്ഷേമത്തിനും വേണ്ടിയാണ് ശൈശവ വിവാഹ വിഷയത്തിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇടപെടല്‍ എന്നാണ് അസം മുഖ്യമന്തി ഹിമന്ത ബിശ്വ ശര്‍മയുടെ വിശദീകരണം. സംസ്ഥാനത്തെ കൗമാര ഗര്‍ഭ ധാരണം 16.8 ശതമാനമാണ്. തങ്ങള്‍ ലക്ഷ്യം നേടും വരെ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പോലീസ് നടപടിയില്‍ ഇതുവരെ 2442 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും, 4036 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, ശൈശവ വിവാഹത്തിന് എതിരായ സര്‍ക്കാര്‍ നടപടി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്. പ്രതിഷേധവുമായി രംഗത്തുള്ളത് സ്ത്രീകളാണെന്നും ശ്രദ്ധേയമാണ്.

  • പുരോഗമനം എന്ന് വിലയിരുത്താവുന്ന അസം സര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരെ എന്തുകൊണ്ടാണ് പ്രതിഷേധം ഉയരുന്നത് ?

  • രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പ് വരെ നടപടികള്‍ തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിലെന്താണ്?

  • മുഖ്യമന്തി ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ കൈവരിക്കുമെന്ന് പറയുന്ന ലക്ഷ്യം എന്താണ്?

  • എന്താണ് അസമില്‍ സംഭവിക്കുന്നത്? ചോദ്യങ്ങള്‍ നിരവധിയാണ്.

അസമിലെ കണക്കുകള്‍:

അസമിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 31.8% സ്ത്രീകളും ശൈശവ വിവാഹത്തിന് ഇരയാക്കപ്പെടുന്നവരാണ്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ത്രിപുര, ജാര്‍ഖണ്ഡ് എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ശൈശവ വിവാഹ നിരക്ക് ഉള്ള സംസ്ഥാനം കൂടിയാണ് അസം. ഹിന്ദു വിഭാഗത്തിനിടയിലാണ് അസമില്‍ ഇത്തരം വിവാഹങ്ങള്‍ കുടുതലും നടക്കുന്നത്. മുസ്ലീം വിഭാഗമാണ് പട്ടിയില്‍ രണ്ടാമത്. ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ വളരെ കൂടുതലാണ്.

പോലീസ് നടപടി ഇതുവരെ

14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം 4,074 ശൈശവ വിവാഹ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2273 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 14 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെയാണ് ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അസം സര്‍ക്കാര്‍ എടുത്തത്. മത സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 8000 പ്രതികളുടെ വിവരങ്ങള്‍ കൈയിലുണ്ടെന്നും അന്വേഷണം തുടരുമെന്നുമാണ് പോലീസിന്റെ ഭാഷ്യം.

പ്രതിഷേധവും സമരങ്ങളും

പോലീസിന്റെ ഈ നടപടിക്ക് പിന്നാലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി സംഭവങ്ങളാണ് അസമില്‍ നടക്കുന്നത്. ശൈശവ വിവാഹത്തില്‍ അറസ്റ്റിലായവരുടെ ബന്ധുക്കളായ നൂറുകണക്കിന് സ്ത്രീകളാണ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഭര്‍ത്താവാണ് കുടുംബനാഥനെന്നും ആശ്രയിക്കാന്‍ മറ്റാരുമില്ലെന്ന വാദമുയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധം. വിദ്യാഭ്യാസം കുറവായ ഞങ്ങള്‍ക്ക് നിയമപരമായ സഹായം തേടാന്‍ അറിയില്ലെന്നും കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എങ്ങനെയെന്ന ആകുലതയിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രഖ്യാനങ്ങളും ഇവിടുത്തെ സ്ത്രീകള്‍ക്ക് ആശ്വാസകരമാകുന്നില്ല. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള പോലീസ് നീക്കത്തിനിടെ നിരവധി പേരാണ് പോലീസ് മര്‍ദനത്തിന് കണ്ണീര്‍ വാതകപ്രയോഗത്തിനും ഇരയായത്.

വിവാഹം മാറ്റിവച്ച പെണ്‍കുട്ടിയുടെ ആത്മഹത്യ

പ്രതിഷേധങ്ങള്‍ക്കിടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു കച്ചാര്‍, ഗോലകഞ്ച് എന്നിവിടങ്ങളിലെ രണ്ട് സംഭവങ്ങള്‍. കച്ചാറിലെ ഖസ്പൂര്‍ ഗ്രാമവാസിയായ പതിനേഴുകാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ വിവാഹത്തിന് അനുമതി നല്‍കിയെങ്കിലും ശൈശവ വിവാഹം തടയാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ വിവാഹം മാറ്റിവെക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.

ശൈശവ വിവാഹക്കേസില്‍ അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെയും പിതാവിനെയും വിട്ടയച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 23 കാരി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു. 'തന്റെ ഭര്‍ത്താവിനെ പിടികൂടാനുള്ള അവകാശം ആരാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇന്ന് എന്റെ ഭര്‍ത്താവിനെയും അച്ഛനെയും ലോക്കപ്പില്‍ നിന്ന് മോചിപ്പിച്ചില്ലെങ്കില്‍ ഞാന്‍ കോടതിയില്‍ പോയി ആത്മഹത്യ ചെയ്യും'. 1999 ല്‍ ജനിച്ച താന്‍ 19-ാം വയസിലാണ് വിവാഹിതയായതെന്നും അഫ്രോസ ബാത്തൂണ്‍ എന്ന യുവതി പറയുന്നു. ധുബ്രി ജില്ലയിലായിരുന്നു സംഭവം.

ഭര്‍ത്താവിനെ പിടികൂടാനുള്ള അവകാശം ആരാണ് മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് യുവതി

പെണ്‍കുട്ടികള്‍ക്ക് വേണ്ടി

ശൈശവ വിവാഹത്തെ തുടച്ചുനീക്കാനുള്ള സര്‍ക്കാര്‍ ഉദ്യമം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീളുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറയുന്നത്. ഭാവിയില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ ശൈശവ വിവാഹത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയാണിതെന്നും അല്ലെങ്കില്‍ ഒരു തലമുറ മുഴുവന്‍ കഷ്ടപ്പെടേണ്ടി വരുമെന്നും ഹിമന്ത ബിശ്വ ശര്‍മ വിശദീകരിക്കുന്നു. ശൈശവ വിവാഹമാണ് ശിശു ഗര്‍ഭധാരണത്തിന് പിന്നിലെ പ്രധാന കാരണം. ഇത് അസമിലെ ഉയര്‍ന്ന-മാതൃ ശിശു മരണ നിരക്ക് ഉയരാന്‍ കാരണമായെന്നാണ് സര്‍ക്കാര്‍ നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി പറയുന്നത്.

പെണ്‍കുട്ടികളെ ആര് സംരക്ഷിക്കും- ഉയരുന്ന വിമര്‍ശനം

ശൈശവ വിവാഹ അറസ്റ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. പോലീസ് നടപടിയിലുള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും മാനുഷിക പരമായ സമീപനം വേണമെന്നാണ് അസമിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അടിച്ചമര്‍ത്തലാണെന്ന വിമര്‍ശനവുമായി ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) രംഗത്തെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടികളെ ആര് പരിപാലിക്കുമെന്നാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ചോദിക്കുന്നത്. 'കഴിഞ്ഞ ആറ് വര്‍ഷമായി അസം ഭരിക്കുന്നത് ബിജെപിയാണ്. ഇനി ആ പെണ്‍കുട്ടികളെ ആര് സംരക്ഷിക്കാനാണ്. അവരെ നിങ്ങള്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇത് സംസ്ഥാനത്തിന്റെ പരാജയമാണ്. ബിജെപി സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ക്കെതിരായ പക്ഷപാതപരമായ സര്‍ക്കാരാണ്'. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരായ ഉവൈസിയുടെ വിമര്‍ശനം.

വര്‍ഷങ്ങള്‍ പഴക്കമുള്ള വിവാഹത്തിന്റെ പേരില്‍ ഇപ്പോള്‍ നടപടിയെടുക്കുന്നതില്‍ അസ്വാഭാവികത

രാഷ്ട്രീയം

സംസ്ഥാനത്തെ മുസ്ലീം കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ള ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. വിഷയത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഇതുപോലുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നായിരുന്നു അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറയുടെ ചോദ്യം. പത്ത് വര്‍ഷം മുന്‍പുള്ള കേസുകള്‍ വരെ അന്വേഷിക്കുന്ന പോലീസ് നടപടി വെറും പ്രഹസനം മാത്രമാണെന്ന് കോണ്‍ഗ്രസ് എം പി ഗൗരവ് ഗോഗോയ് കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള വിവാഹത്തിന്റെ പേരില്‍ ഇപ്പോള്‍ നടപടിയെടുക്കുന്നതില്‍ അസ്വാഭാവികത ഉണ്ടെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in