'വിദ്യാർഥിനികൾ കൂടുതൽ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കരുത്'; വിവാദമായതോടെ നോട്ടീസ് പിൻവലിച്ച് അസം മെഡിക്കൽ കോളേജ്
വിദ്യാർഥിനികൾ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിൽ ഇടപഴകരുതെന്ന വിവാദ നിർദേശം പിൻവലിച്ച് അസം മെഡിക്കൽ കോളേജ്. കൊൽക്കത്ത ആശുപത്രിയിൽ വനിതാ പി ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തെ മുൻനിർത്തി സ്ത്രീകൾ അക്രമിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയ്ക്കാണ് സിൽച്ചാർ മെഡിക്കൽ കോളേജ് ഈ വിവാദ ഉത്തരവിറക്കിയത്. 'വൈകാരികമായ ഒതുക്കം സൂക്ഷിക്കണം' എന്ന പരാമർശം വലിയ തോതിൽ വിമർശിക്കപ്പെട്ടതോടെയാണ് നിർദേശം പിൻവലിക്കാൻ അധികൃതർ തയാറായതെന്നു വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മെഡിക്കൽ കോളേജ് പുറപ്പെടുവിച്ച ഈ നോട്ടീസ് ഞെട്ടിക്കുന്നതാണെന്ന് സ്ഥാപനത്തിലെ ജൂനിയർ ഡോക്ടർമാരുടെ സംഘടന അഭിപ്രായപ്പെട്ടു. സ്ത്രീ അംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടെന്ന് പ്രത്യേകം പരാമർശിച്ചുകൊണ്ട് അധികൃതർ പുറത്തിറക്കിയ ഈ നിർദേശം, കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തിറക്കുന്നതെന്നും അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഒറ്റയ്ക്ക് സഞ്ചരിക്കാതിരിക്കണമെന്നും, രാത്രി വൈകി ക്യാമ്പസ് വിട്ടു പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ഹോസ്റ്റൽ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നുമാണ് നോട്ടീസിലെ മറ്റ് നിർദേശങ്ങൾ. ഡ്യൂട്ടി സമയങ്ങളിൽ വൈകാരികമായ ഒതുക്കം പാലിക്കണമെന്നും ചുറ്റുപാടുമുള്ള ആളുകളുമായി ഇടപഴകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അനാവശ്യമായി മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.
വനിതാ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വിദ്യാർഥികളുടെയും സുരക്ഷയെ മുൻനിർത്തിയാണ് ഈ ഉത്തരവിറക്കിയതെന്നായിരുന്നു സ്ഥാപനത്തിന്റെ വിശദീകരണം.
സ്ഥാപനത്തിലെ പ്രധാനപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ട അധികൃതർ വനിതാ ഡോക്ടമാരെ മാത്രമായി ലക്ഷ്യം വയ്ക്കുകയാണെന്നാണ് ജൂനിയർ ഡോക്ടർമാരുടെ സംഘടന പറയുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടും സംഘടന ചില നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിൽ ആദ്യത്തേത് ക്യാമ്പസിൽ 24 മണിക്കൂറും വെളിച്ചമുറപ്പാക്കുക എന്നതാണ്. മുഴുവൻ സമയവും ക്യാമ്പസ്സിൽ സെക്യൂരിറ്റിമാരെ ഉറപ്പാക്കുക, വനിതാ ഡോക്ടർമാർക്ക് മാത്രമായി ഉപയോഗിക്കാൻ ബാത്ത്റൂമുകളും അതിൽ ജലലഭ്യതയും ഉറപ്പാക്കുക, പ്രധാന ഗേറ്റുകളിലുൾപ്പെടെ ക്യാമ്പസിൽ സാധ്യമായ എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക എന്നിവയാണത്.
കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. അതിനെ തുടർന്ന് സംഭവം ഇപ്പോൾ സിബിഐ അന്വേഷിക്കുകയാണ്.