ഏക സിവിൽ കോഡിലേക്കുള്ള ആദ്യപടി; അസമിൽ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന്‍ നിയമങ്ങൾ റദ്ദാക്കി
സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കി അസം മന്ത്രിസഭ. 1935ൽ നിലവിൽ വന്ന 89 വർഷം പഴക്കമുള്ള നിയമമാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ റദ്ദാക്കാൻ തീരുമാനിച്ചത്.
മുസ്ലിം വിവാഹവും വിവാഹമോചനവും ഇനി സ്‌പെഷല്‍ മാര്യേജ് ആക്ടിന്റെ പരിധിയിലാക്കുമെന്നാണ് മന്ത്രിസഭാ തീരുമാനമെന്ന് ടൂറിസം മന്ത്രി ജയന്ത മല്ലബറുവ പ്രതികരിച്ചു.
അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള പ്രധാനപ്പെട്ട നടപടിയാണ് 1935ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം പിൻവലിക്കാൻ തീരുമാനിക്കുന്നത്.
ഈ നിയമത്തിന്റെ കീഴില്‍ 94 മുസ്ലിം രജിസ്ട്രാര്‍മാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി മുതൽ ഈ നിയമപ്രകാരം മുസ്ലിം വിവാഹമോ വിവാഹമോചനമോ രജിസ്റ്റര്‍ ചെയ്യില്ല. ഇവയെല്ലാം സ്‌പെഷൽ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കുമെന്നും മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ 94 മുസ്ലിം രജിസ്ട്രാര്‍മാർക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ വീതം നൽകി ചുമതലകളില്‍നിന്ന് നീക്കും. ഏക സിവില്‍ കോഡിലേക്ക് നീങ്ങുകയെന്നതാണ് ഈ നീക്കത്തിന് പിന്നിലെ സുപ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കിയ മന്ത്രി ജയന്ത മല്ല ബറുവ ഈ നിയമം ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടരുന്നതാണെന്നും ചൂണ്ടിക്കാട്ടി.
ഇന്നത്തെ കാലത്ത് ഈ നിയമം കാലഹരണപ്പെട്ടുവെന്നും ശൈശവ വിവാഹം ഇല്ലാതാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് മന്ത്രിസഭയുടെ തീരുമാനമെന്നും ജയന്ത മല്ല ബറുവ വ്യക്തമാക്കി.
“പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം ഈ നിയമം വഴി രജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം ശൈശവ വിവാഹങ്ങൾ തടയുകയാണ് മറ്റൊരു ലക്ഷ്യം,” മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുകയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതായി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ലവ് ജിഹാദ് തടയുകയെന്ന ലക്ഷ്യത്തോടെ ബില്ലിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കഴിഞ്ഞ വർഷം അവസാനത്തോടെ വ്യക്തമാക്കിയതാണ്.
കർണാടക തിരഞ്ഞെടുപ്പ് സമയത്ത് നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ ഹിമന്ത ബിശ്വ ശര്‍മ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പുരുഷന്മാര്‍ ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ കഴിക്കുന്നതും സ്ത്രീകള്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന യന്ത്രമായി മാത്രം മാറുന്നതും അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ അന്നത്തെ പ്രതികരണം.