സെമി ഫൈനലിനൊരുങ്ങി മുന്നണികൾ; ബിജെപിക്കും 'ഇന്ത്യ'ക്കും ഒരുപോലെ നിർണായകം
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, സെമിഫൈനലായി വിലയിരുത്തപ്പെടുന്ന രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ബി ജെ പിക്കും പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യ്ക്കും ഒരുപോലെ നിർണായകം. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഭരണംനിലനിർത്താനും മധ്യപ്രദേശ് തിരിച്ചുപിടിക്കാനും ശ്രമം നടത്തുന്ന കോൺഗ്രസ്, തെലങ്കാനയിലും വലിയ പ്രതീക്ഷകൾ പുലർത്തുന്നുണ്ട്.
അതേസമയം, മധ്യപ്രദേശ് കൈവിടില്ലെന്നും ഛത്തീസ്‌ഗഡും രാജസ്ഥാനും ഇത്തവണ കൂടെ നിൽക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ബി ജെ പി. ദക്ഷിണേന്ത്യയിൽ അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമായ കർണാടക നഷ്ടപ്പെട്ട സാഹചര്യത്തിൽ, തെലങ്കാനയിൽ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് ബി ജെ പി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) ക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുന്നത്.
നിലവിലെ സീറ്റ് നില, സാധ്യതകൾ
രാജസ്ഥാൻ: കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. 200 അംഗ നിയമസഭയിൽ 108 സീറ്റുമായി കോൺഗ്രസാണ് ഭരണകക്ഷി. 164 സീറ്റുണ്ടായിരുന്ന ബി ജെ പിയെ 73 സീറ്റുകളിലേക്ക് ഒതുക്കിയാണ് 2019 ൽ അശോക് ഗലോട്ട് സർക്കാർ അധികാരത്തിൽ എത്തുന്നത്. ബി എസ് പി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, സി പി എം എന്നിവയാണ് രാജസ്ഥാനിലെ മറ്റു പ്രധാന പാർട്ടികൾ.
ഇത്തവണ കോൺഗ്രസിനും ബി ജെ പിക്കും തുല്യസാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. അഭിപ്രായ വോട്ടെടുപ്പിൽ എബിപി-സി വോട്ടർ ബി ജെ പിക്ക് സാധ്യത കൽപ്പിക്കുമ്പോൾ, കോൺഗ്രസ് തുടരുമെന്നാണ് ഐ എ എൻ എസ് പോൾസ്ട്രാറ്റിന്റെ പ്രവചനം.
മധ്യപ്രദേശ്: കോൺഗ്രസ് അഭിമാനപ്പോരാട്ടമായി കാണുന്ന മധ്യപ്രദേശ് നഷ്ടപ്പെടാതിരിക്കാൻ ബി ജെ പിയും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. 230 അംഗ സഭ നിലവിൽ 128 സീറ്റുകളുമായാണ് ബി ജെ പി ഭരിക്കുന്നത്. 98 സീറ്റുകളാണ് കോൺഗ്രസിനുള്ളത്.
2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാൽ 22 എം എൽ എമാർ ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കൂറുമാറി ബി ജെ പിയിൽ ചേർന്നതോടെ കോൺഗ്രസിന് ഭരണം നഷ്ടമായി. ശിവരാജ് സിങ് ചൗഹാനാണ് നിലവിലെ മുഖ്യമന്ത്രി.
അഭിപ്രായ സർവേകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. 108- 120 സീറ്റ് കോൺഗ്രസ് നേടുമെന്നാണ് എ ബി പി-സീ വോട്ടർ സർവേ പ്രവചനം. 118-128 സീറ്റ് ടൈംസ് നൗവും പ്രവചിക്കുന്നു. അതേസമയം, നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒരു മുഴം മുൻപേ പ്രചാരണത്തിന് ബി ജെ പി തുടക്കമിട്ടിരുന്നു.
ഛത്തീസ്‍ഗഡ്: 90 അംഗ നിയമസഭയിൽ 71 സീറ്റുമായി നിലവിൽ കോൺഗ്രസിനാണ് ഭരണം. 14 സീറ്റാണ് ബി ജെ പിക്കുള്ളത്. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പ്രവചനം. 48 മുതൽ 56 വരെ സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്നാണ് എ ബി പി അഭിപ്രായസർവേ പ്രവചനം.
തെലങ്കാന: രാജ്യം ഏറെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബി ആർ എസ് നയിക്കുന്ന തെലങ്കാനയിലേത്. കെ സി ആറും ബി ആർ എസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണം നടത്തുന്ന ബി ജെ പി തെലങ്കാനയിൽ വലിയ രീതിയിൽ പ്രതീക്ഷ പുലർത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകുന്നു. കോൺഗ്രസും ആന്ധ്രപ്രദേശിലെ പ്രതാപകാലം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷകളിലാണ്.
119 അംഗ സഭയിൽ നിലവിൽ 101 സീറ്റാണ് ബി ആർ എസിനുള്ളത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴും കോൺഗ്രസിന് അഞ്ചും ബി ജെ പിക്ക് മൂന്നുമാണ് സീറ്റ്.
തെലങ്കാന ഫലം ബി ആർ എസിന്റെയും കെ സി ആറിന്റെയും ദേശീയരാഷ്ട്രീയ മോഹങ്ങൾക്ക് മറുപടി നൽകുന്നതാവും. നേരത്തെ തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) എന്നായിരുന്നു കെ സി ആറിന്റെ പാർട്ടിയുടെ പേര്. ദേശീയരാഷ്ട്രീയത്തിലേക്കുള്ള പ്രതീക്ഷകളുടെ ഭാഗമായാണ് പാർട്ടി പേര് ബി ആർ എസ് എന്നാക്കിയത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ തെലങ്കാന ബി ജെ പിയുടെ കണ്ണിലെ കരടാണെങ്കിലും ബി ആർ എസ് 'ഇന്ത്യ' മുന്നണിയുടെ ഭാഗമാകാതെ മാറി നിൽക്കുകയാണ്.
ബി ജെ പി കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഭരണം അകന്നുനിൽക്കുമെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന. കോൺഗ്രസ് 61-67 സീറ്റും ബി ആർ എസ് 45-51 സീറ്റും നേടുമെന്നാണ് ലോക് പോളിന്റെ അഭിപ്രായ സർവേ പ്രവചിക്കുന്നത്.
മിസോറാം: എൻ ഡി എ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് ആണ് മിസോറാമിൽ നിലവിൽ അധികാരത്തിലുള്ളത്. സോരംതംഗയാണ് മുഖ്യമന്ത്രി. 40 അംഗ നിയമസഭയിൽ 27 സീറ്റാണ് എംഎൻഎഫിനുള്ളത്. സോറം പീപ്പിൾസ് മൂവ്മെന്റിന് ആറ് സീറ്റും കോൺഗ്രസിന് അഞ്ച് സീറ്റുമുണ്ട്.
ഏത് വിധേയനെയും ഭരണം നിലനിർത്താൻ എംഎൻഎഫും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അതേസമയം, പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി സോറം പീപ്പിൾസ് മൂവ്‌മെന്റ് മുന്നണിയും രംഗത്തുണ്ട്.
വനിത സംവരണബിൽ പാസാക്കിയതും നരേന്ദ്ര മോദിയെന്ന ഇമേജും ഉയർത്തിക്കാട്ടിയാണ് ലോക്‌സഭാ ഫലത്തിലേക്കുള്ള സൂചനകൾ നൽകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ബി ജെ പി നീങ്ങുന്നത്. എന്നാൽ ജാതി സെൻസസ് തുറുപ്പുചീട്ടാണ് പുറത്തെടുത്ത 'ഇന്ത്യ' മുന്നണിക്ക് ബി ജെ പിക്ക് ബദൽ എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ബി ജെ പിക്കെതിരെ പ്രതിപക്ഷം കൂടുതൽ ഐക്യത്തോടെ മുന്നോട്ടുവന്ന സാഹചര്യത്തിലാണ് അഞ്ച് സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലേക്ക് കടക്കുന്നത്.
മോദി നേരിട്ട് പ്രചാരണം നയിക്കുന്ന പരീക്ഷണം കർണാടകയിൽ പരാജയപ്പെട്ടെങ്കിലും തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആവർത്തിക്കുകയാണ് ബി ജെ പി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു.
അതേസമയം, ഭാരത് ജോഡോ യാത്രയെത്തുടർന്ന് നവ ഊർജം കൈവരിച്ച കോൺഗ്രസ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി നേതൃത്വങ്ങളിലാണ് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നത്. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലുള്ള രാഹുലിന്റെ പ്രതിച്ഛായയും നേതൃത്വവും കർണാടകയിൽ നൽകിയ വിജയം രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ആവർത്തിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി വിളിച്ചുചേർത്തിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുക, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് അജണ്ട.