മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്താക്കി; ഡല്‍ഹിയില്‍ വീണ്ടും ലഫ്റ്റനന്റ് ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര്
ഡല്‍ഹിയില്‍ വീണ്ടും ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍. മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നടപടിയാണ് സര്‍ക്കാരിനെയും ആം ആദ്മി പാര്‍ട്ടിയെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെയായിരുന്നു ഗവര്‍ണറുടെ നടപടി.
ഇന്നു വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ ലോഡിങ് അണ്‍ലോഡിങ് ജീവനക്കാര്‍ ബലമായി വീട്ടുപകരണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു. തടയാനെത്തിയ സുരക്ഷാ ജീവനക്കാരോട് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവു പ്രകാരമാണ് സാധനങ്ങള്‍ നീക്കുന്നതെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസവരുത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ മുഴവന്‍ നീക്കം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സംസ്ഥാന ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ഇപ്രകാരം നടപടി സ്വീകരിച്ചതെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. അതിഷിയുടെ ഔദ്യോഗിക വസതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുറിയിലെ ഉള്‍പ്പെടയുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടും. ഇതോടെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിന്‌റെ ആരോപണത്തോട് ലഫ്റ്റനന്‌റ് ഗവര്‍ണറുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വസതി ഒഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അതിഷി സിവില്‍ ലൈന്‍ ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവിലേക്ക് താമസം മാറിയത്. 'രാജ്യത്തിന്‌റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതി വെക്കേറ്റ് ചെയ്യുന്നത്. ബിജെപിയുടെ നിര്‍ദേശപ്രകാരം ലഫ്റ്റനന്‌റ് ഗവര്‍ണര്‍ വസതിയില്‍നിന്ന് മുഖ്യമന്ത്രിയുടെ സാധനങ്ങള്‍ ബലമായി നീക്കംചെയ്യുകയായിരുന്നു'- മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപിച്ചു.