സുപ്രീംകോടതി
സുപ്രീംകോടതി

രാജ്യത്ത് ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെന്ന വാദം തെറ്റ്; ആരോപണങ്ങള്‍ തള്ളി കേന്ദ്രം സുപ്രീംകോടതിയില്‍

വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തെപ്പോലും ക്രൈസ്തവ വേട്ടയാടലായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേന്ദ്രസർക്കാര്‍
Updated on
1 min read

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് പുറത്തുവരുന്ന കണക്കുകള്‍ വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ 'ക്രൈസ്തവ പീഡനം' നടക്കുന്നുണ്ടെന്ന വാദം തെറ്റാണ്. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തെപ്പോലും ക്രൈസ്തവരെ വേട്ടയാടലായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്ത് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ സംബന്ധിച്ച കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ആരോപിച്ചു.

ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മതവിഭാഗത്തില്‍പെട്ടവര്‍ക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രാജ്യത്തുടനീളം ക്രൈസ്തവ പുരോഹിന്മാര്‍ക്കെതിരെയും, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും ആക്രമണം നടക്കുന്നുണ്ടെന്നും, അതു തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും സമൂഹത്തിനെതിരെയും നടക്കുന്ന അക്രമങ്ങളും, വിദ്വേഷ പ്രസംഗങ്ങളും തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി

രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട അഞ്ഞൂറോളം സംഭവങ്ങള്‍ ഉണ്ടായതായും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും സമൂഹത്തിനെതിരെയും നടക്കുന്ന അക്രമങ്ങളും, വിദ്വേഷ പ്രസംഗങ്ങളും തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഹര്‍ജിക്കാരന്‍ നല്‍കിയ ഹര്‍ജികള്‍ മാത്രം പരിഗണിച്ചാണ് കോടതി വിഷയം പരിഗണിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത വാദിച്ചു. കോടതിയില്‍ ഹാജരാക്കിയ കണക്കുകള്‍ തെറ്റാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ബിഹാര്‍, ഹരിയാണ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരെ ഉണ്ടായ 495 അക്രമസംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സംഭവത്തിന് പിന്നാലെ 334 പേരെ അറസ്റ്റ് ചെയ്തതയും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍, ഇതില്‍ 263 സംഭവങ്ങളില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചതായും കേന്ദ്രം സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in