''വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികള്‍'';ബാബാ രാംദേവിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം
വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്ന യോഗ ഗുരു ബാബ രാംദേവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകളോടുള്ള ആക്ഷേപകരമായ പ്രസ്താവനയിൽ വിശദീകരണം തേടി മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ ശനിയാഴ്ച ബാബ രാംദേവിന് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
മുംബൈ താനെയില്‍ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് ബാബാ രാംദേവിന്റെ വിവാദ പരാമർശം. ''നിങ്ങൾ സാരിയില്‍ സുന്ദരികളാണ്. അമൃതാ ജിയെ പോലെ സല്‍വാർ സ്യൂട്ട് ധരിച്ചാലും നിങ്ങൾ സുന്ദരികളാണ്. എന്നെ പോലെ ഒന്നും ധരിക്കാതെയാണെങ്കിലും എന്റെ കണ്ണില്‍ നിങ്ങൾ സുന്ദരികളാണ്''- എന്നായിരുന്നു പരാമർശം. പരിപാടിയില്‍ പങ്കെടുത്ത പല സ്ത്രീകളും സാരി കൊണ്ടുവന്നെങ്കിലും പല പരിപാടികളും കാരണം അവർക്ക് അത് ധരിക്കാൻ സമയം കിട്ടിയില്ലെന്ന് പറഞ്ഞായിരുന്നു രാംദേവിന്റെ പരാമർശം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും ലോക്‌സഭാ എംപിയുമായ ശ്രീകാന്ത് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത എന്നിവർ പരിപാടിയില്‍ അതിഥികളായിരുന്നു.
പതഞ്ജലി ബാബ രാംലീല മൈതാനത്ത് നിന്ന് സ്ത്രീകളുടെ വസ്ത്രം ധരിച്ച് ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാമെന്നായിരുന്നു മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
രാംദേവിന്റെ പരാമർശത്തിന് എതിരെ ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുമടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ''മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യക്ക് മുന്നിൽ സ്ത്രീകളെ കുറിച്ച് രാംദേവ് നടത്തിയ പരാമർശം അപലപനീയമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിക്കുന്നതാണ്. പ്രസ്താവനയിൽ ബാബാ രാംദേവ് രാജ്യത്തോട് മാപ്പ് പറയണം''- രാംദേവിന്റെ വിവാദ പരാമർശ വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.
2011ൽ സ്ത്രീകളുടെ വസ്ത്രം വസ്ത്രം ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യോഗ ഗുരു നാടകീയമായി പോലീസ് പിടികൂടിയ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു ടിഎംസി എംപി മഹുവ മൊയ്ത്രയുടെ ട്വീറ്റ്. പതഞ്ജലി ബാബ രാംലീല മൈതാനത്ത് നിന്ന് സ്ത്രീകളുടെ വസ്ത്രം ധരിച്ച് ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാമെന്നായിരുന്നു മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
ബാബാ രാംദേവ് ഈ പരാമർശം നടത്തിയപ്പോള്‍ എന്തുകൊണ്ട് അമൃത ഫഡ്‌നാവിസ് പ്രതിഷേധിച്ചില്ല എന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ശിവജിക്കെതിരെ ഗവർണർ അപകീർത്തികരമായ പരാമർശം നടത്തിയപ്പോഴും മഹാരാഷ്ട്രയിലെ ഗ്രാമങ്ങളെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കർണാടക മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയപ്പോഴും ബിജെപി പ്രചാരകൻ രാംദേവ് സ്ത്രീകളെ അപമാനിക്കുമ്പോഴും സർക്കാർ മൗനം പാലിക്കുന്നു. സർക്കാർ നാവ് ഡൽഹിയിൽ പണയം വെച്ചിരിക്കുകയാണോ എന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
രാംദേവിന്റെ യഥാർത്ഥ മാനസികാവസ്ഥയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയില്‍ സംഘടിപ്പിച്ച യോഗ സയന്‍സ് ക്യാംപില്‍ സംസാരിക്കവെയാണ് ബാബ രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്.