വംശീയകലാപം: മണിപ്പൂരിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നുവെന്ന്
മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നട്ടെല്ലായിരുന്ന കാര്‍ഷിക മേഖലയെയാണ് കലാപം പൂര്‍ണമായും നശിപ്പിച്ചത്. കുകി -മെയ്‌തേയ് വിഭാഗക്കാര്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കടകള്‍, വ്യാപര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങളൊക്കെ മാസങ്ങളായി അടഞ്ഞുകിടക്കുകയണ്. ഇതും സമ്പദ് വ്യവസ്ഥിതിക്ക് വലിയ പ്രഹരമേല്‍പ്പിച്ചുവന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്.
കൃഷി ആധാരമാക്കിയുള്ളതാണ് മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥ . എന്നാല്‍ കഴിഞ്ഞ് മൂന്നു മാസമായി അരങ്ങേറുന്ന വംശീയ കലാപത്തെ തുടര്‍ന്ന് കൃഷി പൂര്‍ണമായും നശിച്ചു. പല കര്‍ഷകരും ഇതിനോടകം തന്നെ സംസ്ഥാനത്തു നിന്നും പലായനം ചെയ്തു. ആക്രമപരമ്പര സംസ്ഥാനത്തിന്റെ വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചുവെന്നാണ് ഇക്കണോമിക് ആന്‍ഡ് റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ശാന്ത നഹക്പം വ്യക്തമാക്കി.
അതേ സമയം സമീപകാലത്തായി നിരന്തരം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചുരാചന്ദ്പൂരില്‍ നിന്നും സാധനങ്ങള്‍ ഇംഫാലിലേക്ക് കടത്താന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കലാപം തുടങ്ങിയതോടെ സംസ്ഥാനത്തിലേക്കുള്ള പ്രധാനപ്പെട്ട എല്ലാ ഗതാഗത മാര്‍ഗങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഗതാഗത നിരക്ക് നാല് രൂപയില്‍ നിന്ന് ഏഴ് രൂപയിലേക്ക് വര്‍ധിപ്പിച്ചതും ജനങ്ങളെ ബാധിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക ഞരക്കത്തില്‍ നിന്നും കൃഷിയും വ്യാപരവും മെച്ചപ്പെട്ടു വരുമ്പോഴാണ് സംസ്ഥാനത്ത് കലാപമുണ്ടായത്. കൈത ചക്ക, ഇഞ്ചി, പച്ചമുള്ക് എന്നീ വിളകളാണ് മണിപ്പൂരില്‍ കൂടുതലായും ഉത്പാദിപ്പിച്ചിരുന്നത്. കലാപത്തെ തുടര്‍ന്ന് ഇവയുടെ കൃഷിയും വിപണനവും അനിശ്ചിതത്വത്തിലാണ്. ജൈവ കൃഷിക്കായി 200 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ നിക്ഷേപിച്ചത്.
കോവിഡിന് തൊട്ടു മുന്‍പു വരെ 20 കോടി രൂപയുടെ ഇഞ്ചി കയറ്റുമതിയാണ് മണിപ്പൂര്‍ നടത്തിയത്. ''കൃഷി ഭൂമിയായിരുന്ന ഒട്ടു മിക്കയിടങ്ങളുമിപ്പോള്‍ കലാപ ഭൂമിയായി മാറി കഴിഞ്ഞു. പല സ്ഥലങ്ങളും ബഫര്‍ സോണുകളാക്കി മാറ്റി, അതുകൊണ്ട് തന്നെ കൃഷിക്കായി ആരും അവിടേക്ക് പോകുന്നില്ലെന്നായിരുന്നു'' ട്രേഡ് അനലിസ്റ്റിന്റെ വാക്കുകള്‍.
2022 ല്‍ 200 കോടിയിലധികം രൂപയുടെ വ്യാപാരം നടത്തിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ 2023 ആയപ്പോഴേക്കും കൂപ്പു കുത്തുകയായിരുന്നു. ഈ വര്‍ഷം 50 കോടിയില്‍ താഴെ മാത്രമായിരിക്കും വ്യാപരം നടക്കുകയെന്ന ആശങ്കയിലാണ് മണിപ്പൂര്‍.