'കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെങ്കിലും ജാമ്യമാണ് നീതി', സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

'കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെങ്കിലും ജാമ്യമാണ് നീതി', സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ഹേമന്ത് സോറൻ്റെ സഹായിയായി ആരോപിക്കപ്പെടുന്ന പ്രേം പ്രകാശിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്
Updated on
2 min read

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ (പിഎംഎൽഎ) സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പി എം എൽ എ കേസ് ആണെങ്കിലും ജാമ്യമാണ് നീതിയെന്ന് കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹായിയായി ആരോപിക്കപ്പെടുന്ന പ്രേം പ്രകാശിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.'ജാമ്യം നീതിയും തടവ് അപവാദവുമാണ്' എന്നതാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിഷ്കർഷിക്കുന്നത്. എന്നാൽ പിഎംഎൽഎ പ്രകാരമുള്ള ജാമ്യത്തിനുള്ള കർശന വ്യവസ്ഥകൾ ഈ തത്വത്തെ മറികടക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ പി എം എൽ എ വകുപ്പ് ചുമത്തപ്പെടുന്ന കേസുകളിൽ ജാമ്യം ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.

'കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെങ്കിലും ജാമ്യമാണ് നീതി', സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
വിമതർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി മോദി 3.0; തുടക്കം അരുന്ധതി റോയിയിൽ നിന്നോ?

"വ്യക്തികളുടെ സ്വാതന്ത്ര്യമാണ് എല്ലായ്‌പ്പോഴും നിയമം. അതിനെ എടുത്തുകളയുകയെന്നത് അപവാദമാണ്. പി എം എൽ എ യിലെ ജാമ്യവ്യവസ്ഥകൾക്കും അത് ബാധകമാണ്," സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

പി എം എൽ എ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാൻ രണ്ടു വ്യവസ്ഥകൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഒന്ന്, ആ വ്യക്തി താൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധിപ്പിക്കണം. അല്ലെങ്കിൽ ജാമ്യത്തിലായിരിക്കുമ്പോൾ താനൊരു കുറ്റവും ചെയ്യില്ലെന്ന് ജഡ്ജിയെ ബോധ്യപ്പെടുത്താൻ കുറ്റാരോപിതന് സാധിക്കണം. അല്ലാത്തപക്ഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധനപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കില്ല.

പ്രേമിന്റെ കേസ് മാർച്ചിൽ പരിഗണിച്ച കോടതി, അന്നും ഇ ഡിയുടെ നടപടികൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു

അന്വേഷണ ഉദ്വേഗസ്ഥന് മുൻപാകെ പി എം എൽ എ കേസിലെ കുറ്റാരോപിതൻ നടത്തുന്ന കുറ്റസമ്മതം തെളിവായി സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ തെളിവ് നിയമത്തിലെ 25-ാം വകുപ്പ് പി എം എൽ എയ്ക്കും ബാധകമാകുമെന്നും കോടതി പറഞ്ഞു. പക്ഷേ അതിൽ പി എം എൽ എ കേസിന്റെ സ്വഭാവം അനുസരിച്ച് മാറ്റം വരാമെന്നും കോടതി കൂട്ടിച്ചേർത്തു.

പ്രേം പ്രകാശിന്റെ കേസിൽ വിചാരണ ആരംഭിക്കാൻ വൈകിയതായും സാക്ഷികളുടെ നീണ്ടനിര തന്നെയുള്ളതായും കോടതി സൂചിപ്പിച്ചു. പരാതിക്കാരൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ ജാമ്യം അനുവദിക്കുന്നതിൽ തടസമില്ലെന്നും കോടതി പറഞ്ഞു.

'കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെങ്കിലും ജാമ്യമാണ് നീതി', സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
നിയമം കണിശമാക്കിയപ്പോൾ പിന്തുണച്ചു, വിട്ടുനിന്ന എംപിയിൽനിന്ന് കാരണം തേടി; യുഎപിഎയോടുള്ള സിപിഎം സമീപനം ശരിക്കുമെന്ത്?

പ്രേമിന്റെ കേസ് മാർച്ചിൽ പരിഗണിച്ച കോടതി, അന്നും ഇ ഡിയുടെ നടപടികൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാകാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും വിചാരണ ആരംഭിക്കാതെ ഒരാളെ കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്നും അന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

2022 ഓഗസ്റ്റിലാണ് പ്രേമിനെ റാഞ്ചിയിലെ വീട്ടിൽനിന്ന് ഇ ഡി അറസ്റ്റ് ചെയ്യുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് എകെ 47 റൈഫിളുകളും 60 വെടിയുണ്ടകളും രണ്ട് മാഗസിനും കണ്ടെത്തിയതായി ഇ ഡി പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, ആയുധ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.

logo
The Fourth
www.thefourthnews.in