വര്‍ഗീയ കലാപം, കൊലപാതകം; ഗോസംരക്ഷകനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ അറസ്റ്റില്‍

വര്‍ഗീയ കലാപം, കൊലപാതകം; ഗോസംരക്ഷകനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ അറസ്റ്റില്‍

മോനുവിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ രാജസ്ഥാന്‍ പോലീസും ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്
Updated on
1 min read

അടുത്തിടെ നുഹില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ചതിനും രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരെ കൊലപ്പെടുത്തിനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും ഗോംസംരക്ഷകനുമായ മോനു മനേസറിനെ ഹരിയാന പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരിയില്‍ ഹരിയാനയില്‍ കാറില്‍ മൃതദേഹം കണ്ടെത്തിയ രാജസ്ഥാന്‍ സ്വദേശികളായ രണ്ട് മുസ്ലീം പുരുഷന്മാരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് മനേസര്‍.

രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ല സ്വദേശികളായ നസീര്‍ (25), ജുനൈദ് (35) എന്നിവരെ ഫെബ്രുവരി 15 ന് പശു സംരക്ഷകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്നു. അടുത്ത ദിവസം, ഹരിയാനയിലെ ലോഹറുവില്‍ കത്തിച്ച കാറിനുള്ളില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനു പിന്നില്‍ മോനു ആണെന്നായിരുന്നു കണ്ടെത്തല്‍.

ഇതിനു പിന്നാലെയാണ് ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'ജല്‍ അഭിഷേക് യാത്രയില്‍ താന്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി മോനു രംഗത്തെത്തിയത്. കൊലക്കേസില്‍ ഒളിവിലായിരുന്ന മോനു ഘോഷയാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ അനുയായികളോട് വന്‍തോതില്‍ രംഗത്തിറങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

കലാപത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. കലാപം ഗുരുഗ്രാം ഉള്‍പ്പെടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു

ഇതാണ് പിന്നീട് നുഹില്‍ വര്‍ഗീയകലാപത്തിലേക്ക് വഴിമാറിയത്. കലാപത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. കലാപം ഗുരുഗ്രാം ഉള്‍പ്പെടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഈ കേസിലും മോനുവിനെ ഹരിയാന പോലീസ് പ്രതി ചേര്‍ത്തിരുന്നു. ഇന്നു രാവിലെയോടെ ആണ് ഹരിയാനയിലെ ഗ്രാമത്തിലെ കടയ്ക്കു മുന്നില്‍ നിന്ന് പോലീസ് മോനുവിനെ കസ്റ്റഡിയലെടുത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മോനുവിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ രാജസ്ഥാന്‍ പോലീസും ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in