ട്രോള്‍ ആണിവിടെ മെയിന്‍; മീമുകളിലൂടെ പരസ്പരം ആക്രമിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

ട്രോള്‍ ആണിവിടെ മെയിന്‍; മീമുകളിലൂടെ പരസ്പരം ആക്രമിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

കോൺഗ്രസ്, ബിജെപി, എഎപി പാർട്ടികളുടെ ഔദ്യോഗികപേജുകളിലാണ് ട്രോളുകളുടെ പെരുമഴ
Updated on
2 min read

രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോരടിക്കുന്നതും പരിഹാസം ചൊരിയുന്നതും പുതിയതല്ല. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ട്രോളുകളാണ് ഇത്തവണ താരം. മീമുകളൊക്കെ പങ്കുവെയ്ക്കുന്നത് പ്രവർത്തകരാണെന്ന് കരുതിയെങ്കില്‍ തെറ്റി. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗികപേജുകളിലാണ് പരസ്പരം വിമർശിച്ച് ട്രോളുകളുടെ പെരുമഴ.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്, ആംആദ്മി പാർട്ടി-സിബിഐ പോര്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ്, ബിജെപിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ട്രോളുകള്‍ പൊടിപൊടിക്കുന്നത്. രാഹുല്‍ ഗാന്ധി ബലൂൺ കുത്തിപ്പൊട്ടിക്കുന്ന മീമിനൊപ്പം 'വിദ്വേഷത്തിന്‍റെ ബലൂണ്‍ പൊട്ടിക്കും' എന്ന തലക്കെട്ടോടെ ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരോക്ഷമായി വിമർശിച്ച് കോൺഗ്രസാണ് തുടക്കമിട്ടത്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ വന്ന മീം വളരെ വേഗം വൈറലാകുകയും ചെയ്തു.

കോവിഡ് കാലത്ത് ഓക്സിജന്‍ സിലിണ്ടർ ക്ഷാമവും അതേതുടർന്നുണ്ടായ മരണങ്ങളും ബിജെപി സർക്കാരിനെതിരെ വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചതാണ്. രാജ്യത്തെ ഓക്സിജന്‍ പ്രതിസന്ധി സമയത്ത് ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന ഭർത്താവിന് കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്ന സ്ത്രീയുടെ ചിത്രം ഏറെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ഈ ചിത്രം പങ്കുവെച്ചാണ് കോൺഗ്രസിന്റെ അടുത്ത ട്രോള്‍. ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമമില്ല, ജനങ്ങള്‍ ശ്വസിക്കുന്നത് നിർത്തിയെന്നാണ് ക്യാപ്ഷന്‍.

പിന്നാലെ, ആം ആദ്മി പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തെ കുറിച്ചുള്ള പ്രസ്താവനയെ കളിയാക്കിയാണ് ആപ്പിന്റെ മീം. 'രൂപ ഇടിയുന്നതല്ല, ഡോളർ ശക്തിയാർജിക്കുന്ന'താണെന്ന ധനമന്ത്രിയുടെ പ്രസ്താവനയാണ് ട്രോളുകള്‍ക്ക് ആധാരം. മോദിജിയുടെ സ്കൂള്‍ ഓഫ് ലോജിക്കിലെ മികച്ച വിദ്യാർത്ഥി എന്നാണ് നിർമലയ്ക്കുള്ള പരിഹാസം. ഇതേവിഷയത്തില്‍ വേറെയുമുണ്ട് ട്രോളുകള്‍.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വെറുതെവിട്ട വാർത്തയും ബിജെപിക്കെതിരെ ആയുധമാക്കുന്നുണ്ട് ട്രോളുകളില്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപിയും ട്രോള്‍ വീഡിയോ ഇറക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in