ഇന്ത്യയിലെ ബിബിസി ഓഫീസ് പൂട്ടി; ഇനി പ്രവര്‍ത്തിക്കുക 'കലക്ടീവ് ന്യൂസ് റൂം'
നികുതിലംഘനം ആരോപിക്കപ്പെട്ട് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് വിധേയമായി ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് ബിബിസി. ഇന്ത്യയിലെ ജീവനക്കാര്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിക്ക് ബിബിസിയുടെ പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറി. നാല് മുന്‍ ബിബിസി ജീവനക്കാര്‍ സ്ഥാപിച്ച കലക്ടീവ് ന്യൂസ് റൂം അടുത്തയാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഏഴ് ഭാഷകളിലെ ബിബിസിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള ഉള്ളടക്കങ്ങള്‍ കലക്ടീവ് ന്യൂസ്‌റൂം നിര്‍മിക്കും. കമ്പനിയുടെ 26 ശതമാനം ഓഹരിക്കുവേണ്ടി ബിബിസി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് നല്‍കുന്നത് ബിബിസിയെ സംബന്ധിച്ച് ആദ്യത്തെ കാര്യമാണെന്നും ബിബിസി തങ്ങളുടെ പിന്നിലുണ്ടെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കലക്ടീവ് ന്യൂസ്‌റൂമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രൂപ ത്സാ വ്യക്തമാക്കി. നേരത്തെ ബിബിസി ഇന്ത്യയുടെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു രൂപ ത്സാ.
ഇന്ത്യയിലെ ഡിജിറ്റല്‍ മേഖലയില്‍ 26 ശതമാനം എഫ്‌ഡിഐ പരിധി ഏര്‍പ്പെടുത്തിയ 2020ല്‍ അവതരിപ്പിച്ച, പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങളാണ് ബിബിസിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കാരണം.
200 ജീവനക്കാര്‍ അടങ്ങിയ ഇന്ത്യയിലെ ബ്യൂറോയാണ് ലണ്ടന്‍ കഴിഞ്ഞാല്‍ ബിബിസിയുടെ ഏറ്റവും വലിയ ഓഫീസ്. 1940 മേയ് മുതലാണ് ബിബിസി ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്.
2002ലെ ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നിലവില്‍ ഇന്ത്യയിലെ ഓഫീസിലുണ്ടായ ഇരുന്നൂറോളം പേര്‍ കലക്ടീവ് ന്യൂസ്‌റൂമിലേക്ക് മാറിയിട്ടുണ്ട്.