40 കോടിയുടെ നികുതി വെട്ടിപ്പ്; ഇന്ത്യയിൽ മുഴുവൻ നികുതിയും അടച്ചിട്ടില്ലെന്ന് ബിബിസി

40 കോടിയുടെ നികുതി വെട്ടിപ്പ്; ഇന്ത്യയിൽ മുഴുവൻ നികുതിയും അടച്ചിട്ടില്ലെന്ന് ബിബിസി

എത്രയും വേഗം വീഴ്ച വരുത്തിയ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിർദേശം
Updated on
1 min read

ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് തുറന്ന് സമ്മതിച്ച് ബിബിസി. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് ഇ–മെയിൽ സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയില്‍ നല്‍കി വന്നിരുന്നത് കുറഞ്ഞ നികുതിയാണെന്നും വരുമാനം കുറച്ച് കാണിച്ചിരിക്കുകയാണെന്നും ആദായനികുതി വകുപ്പിന് അയച്ച സന്ദേശത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ഏകദേശം 40 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി മെയിലിൽ പറയുന്നു. എന്നാൽ ബിബിസി കുറ്റസമ്മതം മാത്രമെ നടത്തിയിട്ടുള്ളുവെന്നും ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കുകയോ പിഴയടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഡിടി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

40 കോടിയുടെ നികുതി വെട്ടിപ്പ്; ഇന്ത്യയിൽ മുഴുവൻ നികുതിയും അടച്ചിട്ടില്ലെന്ന് ബിബിസി
ബിബിസിക്കെതിരെ കേസ്; ഫെമ നിയമം ലംഘിച്ചെന്ന് ഇഡി

ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന്റേയും തുടർന്ന് നടന്ന അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ബിബിസിയുടെ കുറ്റസമ്മതം. എത്രയും വേഗം വീഴ്ച വരുത്തിയ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിർദേശം. 2016 മുതൽ 2022 വരെയുള്ള കാലയളവിലാണ് ബിബിസി വരുമാനം കുറച്ച് കാണിച്ചിരിക്കുന്നത്.

40 കോടിയുടെ നികുതി വെട്ടിപ്പ്; ഇന്ത്യയിൽ മുഴുവൻ നികുതിയും അടച്ചിട്ടില്ലെന്ന് ബിബിസി
'ഭയമില്ല, ആരെയും പ്രീതിപ്പെടുത്താനും താത്പര്യമില്ല'; നിഷ്പക്ഷമായി റിപ്പോർട്ടിങ് തുടരുമെന്ന് ബിബിസി ഡയറക്ടർ

കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ബിബിസിയുടെ വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി യോജിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പ് ആരോപിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ ബിബിസിക്കെതിരെ നിയമ നടപടികൾ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഒരു മാധ്യമ സ്ഥാപനത്തിനോ വിദേശ സ്ഥാപനത്തിനോ പ്രത്യേക നിയമങ്ങളില്ല. നിലവിലുള്ള നടപടിക്രമം അനുസരിച്ച് ബിബിസി പ്രവർത്തിക്കണം. അല്ലെങ്കിൽ നിയമത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് സിബിഡിടി ഉദ്യോ​ഗസ്ഥർ പറഞ്ഞു. വിഷയത്തിൽ സത്യം പുറത്തുവരുന്നതുവരെ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

40 കോടിയുടെ നികുതി വെട്ടിപ്പ്; ഇന്ത്യയിൽ മുഴുവൻ നികുതിയും അടച്ചിട്ടില്ലെന്ന് ബിബിസി
'നികുതിയടവിൽ ക്രമക്കേട് '; ബിബിസിക്കെതിരെ ഗുരുതര കണ്ടെത്തലെന്ന് ആദായ നികുതി വകുപ്പ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയുള്ള ആദായനികുതി വകുപ്പിന്റെ നടപടി സർക്കാരിന്റെ പകപോക്കലാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കം ഈ നടപടിക്കെതിരെ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വിഷയത്തിലാണ് ഇപ്പോൾ ബിബിസി തന്നെ നികുതി അടയ്ക്കാനുണ്ടെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇത്തരത്തിലുള്ള ആദര്‍ശരഹിതമായ പെരുമാറ്റത്തിനെതിരെയാണ് നടപടി സ്വീകരിക്കുകയെന്നും സിബിഡിടി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആദായ നികുതി വകുപ്പിന് പുറമെ ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം നടത്തിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം ബിബിസിക്കെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി.

logo
The Fourth
www.thefourthnews.in