ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു;  നടപടി അമൃത്പാലിനായുള്ള തിരച്ചിലിനിടെ

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു; നടപടി അമൃത്പാലിനായുള്ള തിരച്ചിലിനിടെ

അമൃത്പാൽ സിങ്ങിനെ പിടികൂടുന്നതിന്റെ ഭാ​ഗമായി പഞ്ചാബിൽ ഇരുപതോളം മാധ്യമപ്രവവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Updated on
1 min read

ഖലിസ്ഥാനി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തനം തടഞ്ഞു. 'നിയമപരമായ ആവശ്യങ്ങളുടെ ഭാഗമായി' അക്കൗണ്ട് നീക്കം ചെയ്തു എന്നാണ് ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. എന്നാല്‍ മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

അമൃത്പാല്‍ സിങ്ങിന് എതിരായ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ തന്നെ പഞ്ചാബില്‍ ഇന്റെര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ പഞ്ചാബില്‍ ഇരുപതോളം മാധ്യമപ്രവവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വിലക്കുകയും അവരുടെ ബ്ലോഗുകള്‍ ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടര്‍ കമല്‍ദീപ് സിംഗ് ബ്രാര്‍, പ്രോ പഞ്ചാബ് ടിവിയുടെ ബ്യൂറോ ചീഫ് ഗഗന്‍ദീപ് സിംഗ്, സ്വതന്ത്ര പത്രപ്രവര്‍ത്തകനായ സന്ദീപ് സിംഗ്, കനേഡിയന്‍ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, സിമ്രന്‍ജീത് സിംഗ് മാന്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ബിബിസിക്കും അക്കൗണ്ട് നഷ്ടപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലെ ഇന്റെര്‍നെറ്റ് നിരോധനം വാര്‍ത്തകള്‍ പുറത്ത് വരുന്നത് തടയാനാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, സിഖ് ഡയസ്പോറ കളക്ടീവ്‌സ് അടക്കമുളള നിരവധി മനുഷ്യാവകാശ സംഘടനകളാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. സംസ്ഥാനത്ത് വ്യാപകമായി ആളുകള്‍ തടങ്കലുകളിലാക്കപ്പെടുന്നുണ്ടെന്നുള്‍പ്പെടെയുള്ള ആശങ്കയായിരുന്നു മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ട് വച്ചത്.

അതേസമയം, അമൃത്പാൽ സിങ്ങിനെ ഇതുവരെയും അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിനൊപ്പമുളള പലരെയും അറസ്റ്റ് ചെയ്തുവെങ്കിലും ഒളിവിൽ പോയ അമൃത്പാലിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഏതൊന്നും തന്നെ സംഘത്തിന് ലഭിച്ചിട്ടില്ല. ഇയാള്‍ നേപ്പാളിൽ ഒളിവിലാണെന്ന റിപ്പോർട്ടുകളുള്ളതിനാല്‍ മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് അഭ്യർഥിച്ച് നേപ്പാള്‍ സർക്കാരിന് ഇന്ത്യ കത്തയച്ചു.

ഇന്ത്യൻ പാസ്പോർട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമൃത്പാല്‍ സിങ്ങിന്റെ വ്യക്തിഗത വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ഹോട്ടലുകൾക്കും വിമാനക്കമ്പനികൾക്കും കൈമാറിയിട്ടുമുണ്ട്. 

logo
The Fourth
www.thefourthnews.in