നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നദി ഒരിക്കലും അതിന്റെ വഴി മറക്കുന്നില്ല; വൈറലായി യമുനയുടെ 'അന്നും-ഇന്നും'ചിത്രങ്ങള്‍

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നദി ഒരിക്കലും അതിന്റെ വഴി മറക്കുന്നില്ല; വൈറലായി യമുനയുടെ 'അന്നും-ഇന്നും'ചിത്രങ്ങള്‍

207.55 മീറ്റർ ഉയരത്തിൽ നിന്ന് ഒഴുകുന്ന യമുന നദി 45 വർഷം പഴക്കമുള്ള റെക്കോർഡാണ് തകർത്തത്.
Updated on
1 min read

യമുന നദി കരകവിഞ്ഞതോടെ പ്രളയജലത്തിൽ മുങ്ങിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. കനത്ത മഴയിൽ വൻ നാശനഷ്മാണ് ഡൽഹിയിലുണ്ടായത്. നഗരത്തിന്റെ താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. റോഡുകളും അണ്ടർപാസുകളും മാർക്കറ്റുകളും ആശുപത്രികളും വെള്ളത്തിനടിയിലാണ്. 207.55 മീറ്റർ ഉയരത്തിൽ നിന്ന് ഒഴുകുന്ന യമുന നദി 45 വർഷം പഴക്കമുള്ള റെക്കോർഡാണ് തകർത്തത്. 

ഇതിനിടയിൽ യമുന നദിയുടെ ഒരു പഴയ ഫോട്ടോയും നിലവിലെ അവസ്ഥയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഡൽഹിയിലെ ചെങ്കോട്ട മതിൽ തൊട്ട് ഒഴുകുന്ന, യമുനയുടെ അന്നും ഇന്നും കാണിക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ചെങ്കോട്ടയുടെ പിൻവശത്തെ ഭിത്തിക്ക് സമീപം യമുന നദി ഒഴുകുന്നത് എങ്ങനെയെന്ന് ഒരു ഫോട്ടോ കാണിക്കുന്നു. മറ്റൊരു ചിത്രം മനുഷ്യൻ നദി കൈവശപ്പെടുത്തിയതിന് ശേഷമുള്ള നിലവിലെ അവസ്ഥയും കാണിക്കുന്നു. മുഗൾ ഭരണകാലത്ത വരച്ച ചിത്രമാണ് ആദ്യത്തേത്.

''നദി ഒരിക്കലും വഴിമാറുന്നില്ല. പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിട്ടാലും നദി അതിന്റെ അതിർത്തികൾ തിരിച്ചുപിടിക്കാൻ തിരിച്ചുവരും. വെള്ളപ്പൊക്കത്തിലൂടെ യമുന അതിന്റെ പ്രദേശം തിരിച്ചുപിടിച്ചു''

ഹർഷ് വാട്ട്‌സ് എന്ന ട്വിറ്ററ് ഉപയോക്താവാണ് ഈ ചിത്രം പങ്കുവച്ചത്. നൂറ്റാണ്ടുകൾ മുൻപ് യമുനയുടെ സ്വാഭാവിക ഒഴുക്ക് ഇങ്ങനെ ആയിരുന്നുവെന്നാണ് ആദ്യ ചിത്രം കാണിക്കുന്നത്. ''നദി ഒരിക്കലും വഴിമാറുന്നില്ല. പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിട്ടാലും നദി അതിന്റെ അതിർത്തികൾ തിരിച്ചുപിടിക്കാൻ തിരിച്ചുവരും. വെള്ളപ്പൊക്കത്തിലൂടെ യമുന അതിന്റെ പ്രദേശം തിരിച്ചുപിടിച്ചു''- എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നദി ഒരിക്കലും അതിന്റെ വഴി മറക്കുന്നില്ല; വൈറലായി യമുനയുടെ 'അന്നും-ഇന്നും'ചിത്രങ്ങള്‍
ഡല്‍ഹി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും ചട്ടവിരുദ്ധം; ഫാമുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

നിരവധി പേരാണ് ട്വീറ്റ് റീ-ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രകൃതി അതിന്റെ ഗതി തിരിച്ചുപിടിക്കാൻ എപ്പോഴും മടങ്ങിവരും എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 'നദിയുടെ പ്രതിരോധശേഷി അവിശ്വസനീയമാണ്! കാലക്രമേണ, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും നീണ്ടുനിൽക്കുന്ന, അജയ്യമായ ശക്തിയെ ഓർമപ്പെടുത്തിക്കൊണ്ട് യമുന അതിന്റെ പ്രദേശം വീണ്ടെടുക്കാൻ മടങ്ങുന്നു,' മറ്റൊരു ഉപയോക്താവ് പറഞ്ഞു.

യമുന കരകവിഞ്ഞ് ഒഴുകുന്ന പ്രദേശങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപും വെള്ളപ്പൊക്ക മേഖലയായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ നിരവധി തവണ യമുന കരകവിഞ്ഞിട്ടുണ്ട്. നിലവിൽ യമുന നദിയിലെ വെള്ളം അപകടനിലയ്ക്ക് മുകളിലാണ്. നദിയിലെ വെള്ളം രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലേക്ക് പ്രവേശിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ പതിനാറോളം ടീമുകളെ ദേശീയ തലസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in