രാമേശ്വരം കഫെ സ്ഫോടനം: ബോംബ് വച്ചയാളെ തിരിച്ചറിഞ്ഞു, കേസിൽ യു എ പി എ ചുമത്തി
ബെംഗളൂരു രാമേശ്വരം കഫെയിൽ ബോംബ് സ്ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കഫെ ഉടമകൾ പോലീസിന് നൽകിയ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത് . കഫെയിൽ ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ സ്‌ഫോടക വസ്തു അടങ്ങിയ ബാഗ് കൈകഴുകുന്ന ഇടത്ത് ഉപേക്ഷിച്ചു പോകുന്നതായുള്ള ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. വൈകാതെ കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുമെന്നും കർണാടക ഉപമുഖ്യമന്ത്രി അറിയിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 വയസു തോന്നിക്കുന്ന പുരുഷനാണ് സ്ഫോടക വസ്തു അടങ്ങിയ ബാഗുമയി എത്തിയത്. ഭക്ഷണം ഓർഡർ ചെയ്തു പണം അടച്ചിരുന്നെങ്കിലും ഭക്ഷണം കിട്ടാൻ കാത്തു നിൽക്കാതെ ഇയാൾ ബാഗ് ഉപേക്ഷിച്ചു മടങ്ങുന്നതായാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.
അതേസമയം കഫെ സ്‌ഫോടനക്കേസിൽ ബെംഗളൂരു പോലീസ് യു എ പി എ ചുമത്തി. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന എല്ലാ ഘടകങ്ങളും വിശദമായി അന്വേഷിക്കുകയാണ് പോലീസ്. ഇതിനായി 7 അംഗ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘം ശനിയാഴ്ച ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോർട്ട് നൽകും. ബിസിനസ് കുടിപ്പക , ശത്രുത , വിധ്വംസക ശക്തികളുടെ ബന്ധം, തീവ്രവാദ സ്വഭാവം എന്നീ ഘടകങ്ങളെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് . വിശദമായ മൊഴി എടുക്കുന്നതിനായി ഗുജറാത്തിലും ഹൈദരാബാദിലുമുള്ള കഫെ ഉടമകളോട് ബെംഗളൂരുവിലെത്തി ചേരാൻ പോലീസ് ആവശ്യപ്പെട്ടു.
10 പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റതായാണ് പോലീസ് നൽകുന്ന ഔദ്യോഗിക വിവരം . സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ കഫെ ജീവനക്കാരും ഉപഭോകതാക്കളുമായ നാല് പേർ അപകടനില തരണം ചെയ്തതായി കർണാടക സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12:55 ന് ആയിരുന്നു ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫെയിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത് . കഫെയിൽ ഈ സമയം അൻപതോളം ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു . പ്രതിയുടെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ സമീപത്തെ കടകളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.