അമിത നിരക്ക് ഈടാക്കുന്നു; ബെംഗളൂരുവില്‍ ഊബർ, ഒല, റാപ്പിഡോ ഓട്ടോറിക്ഷ സർവീസുകള്‍ക്കെതിരെ നടപടി
അമിത നിരക്ക് ഈടാക്കുന്നവെന്ന പരാതി ഉയർന്നതിനെത്തുടർന്ന് യൂബർ, ഒല, റാപ്പിഡോ കമ്പനികള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍. മൂന്ന് ദിവസത്തിനകം ഓട്ടോറിക്ഷാ സര്‍വീസ് നിർത്തിവയ്ക്കണമെന്നറിയിച്ച് കമ്പനികൾക്ക് കര്‍ണാടക സര്‍ക്കാര്‍ നോട്ടീസ് നൽകി. അമിത ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്ന് ആരോപിച്ച് ഉടമസ്ഥ കമ്പനിയായ എഎൻഐ ടെക്നോളജീസിനാണ് നോട്ടീസ് അയച്ചത്.
രണ്ട് കിലോമീറ്ററിൽ താഴെ ദൂരമാണെങ്കിൽ പോലും ഒല, ഊബർ ഓട്ടോ സർവീസുകൾ കുറഞ്ഞത് 100 രൂപ ഈടാക്കുന്നതായി നിരവധി യാത്രക്കാർ കര്‍ണാടക ഗതാഗത വകുപ്പിന് പരാതി നൽകിയിരുന്നു. ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയും എന്ന നിലയിലാണ് നഗരത്തിലെ സാധാരണ ഓട്ടോ നിരക്ക് .
സംസ്ഥാനത്തെ ഓൺ ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റേഴ്‌സ് നിയമപ്രകാരം ഈ കമ്പനികളെ ഓട്ടോറിക്ഷാ സർവീസുകൾ നടത്താൻ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് കമ്മീഷണർ അറിയിച്ചു. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതെന്നും ഇത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണറുടെ നോട്ടീസിൽ പറയുന്നു. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗതവകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തില്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 292 കേസുകളാണ് ബെംഗളൂരുവില്‍ വിവിധ യാത്രാ ആപ്പുകള്‍ക്കുമേല്‍ ചുമത്തിയത്. തട്ടിപ്പ് നടത്തുന്ന സര്‍വീസ് പ്രൊവൈഡേഴ്സിനെയും ഡ്രൈവർമാരെയും കണ്ടെത്തുന്നതിനുള്ള പരിശോധനാ നടപടികള്‍ക്കും ഗതാഗത വകുപ്പ് തുടക്കമിട്ടു.
അതിനിടെ, ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ സർവീസുകളെ നേരിടാൻ, ബെംഗളൂരുവിലെ ഓട്ടോ യൂണിയനുകൾ സ്വന്തം മൊബൈൽ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓട്ടോറിക്ഷാ യൂണിയനും (ARDU) ബെക്ക് ഫൗണ്ടേഷനും ചേർന്ന് നവംബർ ഒന്നിന് 'നമ്മ യാത്രി ആപ്പ്' അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.