ബെംഗളൂരു കരഗ മഹോത്സവം: ട്രാഫിക് നിയന്ത്രണങ്ങൾക്കൊപ്പം വഴിതിരിച്ചുവിടലും, നിർദേശങ്ങൾ ഇങ്ങനെ
ബെംഗളൂരു ശ്രീ ധർമരായസ്വാമി ക്ഷേത്രത്തിലെ കരഗ ഉത്സവത്തിന്റെ സാഹചര്യത്തിൽ നഗരത്തിൽ രണ്ട് ദിവസത്തെ ഗതാഗത നിയന്ത്രണം. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഘോഷയാത്ര മൂലമുണ്ടാകുന്ന യാത്രാപ്രശ്നം ഒഴിവാക്കാനും വേണ്ടിയാണ് ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിരിക്കുന്നത്.
ഘോഷയാത്ര റൂട്ട്
ഘോഷയാത്ര ശ്രീ ധർമരായ സ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കബ്ബൺ പേട്ട്, നണിഗര പേട്ട്, അവന്യൂ റോഡ്, കെആർ മാർക്കറ്റ് പോലീസ് സ്റ്റേഷൻ റോഡിലെ കോട്ടെ ആഞ്ജനേയ ക്ഷേത്രം വഴി സഞ്ചരിക്കും. ധർമരായസ്വാമി ക്ഷേത്രത്തിലേക്കു തിരികെ പോകുന്നതിന് മുമ്പായി ഘോഷയാത്ര അന്നമ്മ ക്ഷേത്രത്തിലെത്തും.
നിയന്ത്രണങ്ങൾ
സിറ്റി മാർക്കറ്റ് സർക്കിൾ മുതൽ അവന്യൂ റോഡ് വഴി മൈസൂർ ബാങ്ക് സർക്കിൾ വരെ എല്ലാ തരം വാഹനങ്ങളും പ്രവേശിക്കുന്നതു നിരോധിച്ചു
ഉത്സവഘോഷയാത്ര അവന്യൂ റോഡിലേക്ക് പ്രവേശിക്കുമ്പോൾ, എഎസ് ചാർ സ്ട്രീറ്റിൽനിന്ന് സിറ്റി മാർക്കറ്റ് സർക്കിളിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിച്ചു
എസ്ജെപി റോഡിൽനിന്ന് പികെ ലെയ്ൻ വഴി എൻആർ സ്‌ക്വയറിലേക്ക് ഇടത്തേക്ക് വാഹനങ്ങൾ തിരിയാൻ പാടില്ല
ഘോഷയാത്ര അവന്യൂ റോഡിലേക്ക് പ്രവേശിക്കുമ്പോൾ മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് മാർക്കറ്റ് സർക്കിളിലേക്കുള്ള വാഹനങ്ങൾ പ്രവേശിക്കരുത്
എസ്ജെപി റോഡിൽനിന്നുള്ള വാഹനങ്ങൾക്ക് ടൗൺഹാൾ ഭാഗത്തേക്കു പോയി ഇടത് തിരിഞ്ഞ് കെ ജി റോഡിലേക്ക് പോകാം.
എ എസ് ചാർ സ്ട്രീറ്റ് വഴിയുള്ള വാഹനങ്ങൾ വലത്തേക്ക് തിരിഞ്ഞ് ബ്രിയാൻഡ് സർക്കിൾ വഴി റയാൻ സർക്കിളിൽ എത്താം
ചാമരാജ്പേട്ടയിൽനിന്ന് പ്രൊഫ. ശിവശങ്കർ സർക്കിൾ വഴിയുള്ള വാഹനങ്ങൾക്ക് ജെ സി റോഡിൽ പ്രവേശിച്ച് ടൗൺഹാളിലേക്ക് പോകാം
ഉത്സവത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് ബന്നപ്പ പാർക്ക്, ടൗൺ ഹാൾ, ബിബിഎംപി മാർക്കറ്റ് കോംപ്ലക്സ് എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്. അതേസമയം പികെ ലെയ്ൻ, ഒടിസി റോഡ്, എസ്പി റോഡ്, കബ്ബൺപേട്ട് റോഡ്, സുന്നക്കൽ പേട്ട് റോഡ്, എസ്‌ജെപി, സിറ്റി മാർക്കറ്റ് സർക്കിൾ, എസ്‌ജെപി റോഡ്, അവന്യൂ റോഡ്, എഎസ് ചാർ സ്ട്രീറ്റ് മുതൽ മാർക്കറ്റ് സർക്കിൾ വരെയുള്ള ചില റോഡുകളിൽ പാർക്കിങ് നിരോധിച്ചു.