പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ട്രെയിന്‍ ടിക്കറ്റ് കിട്ടാക്കനി, ബസ്, വിമാന നിരക്കുകള്‍ ഇരട്ടിയിലധികം; ഉത്സവ സീസണില്‍ നാടെത്താന്‍ മലയാളികളുടെ നേട്ടോട്ടം

ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച പട്ടികയില്‍ ബെംഗളൂരുവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഇല്ല
Updated on
2 min read

ക്രിസ്മസ്-പുതുവത്സര-ശബരിമല സീസണായതോടെ, പതിവ് യാത്രാദുരിതത്തിലാണ് ബെംഗളുരു മലയാളികള്‍. ബസ്, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ കിട്ടാക്കനിയായതും ലഭ്യമായ ടിക്കറ്റുകളുടെ വില കുതിച്ചുയര്‍ന്നതും കേരളത്തിലേക്കുള്ള യാത്രക്കാരെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍, ഇരട്ടിയലധികം യാത്രക്കാരാണ് ഇക്കുറി നാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ഉത്സവ സീസണ്‍ പ്രമാണിച്ച് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകളുടെ പട്ടികയില്‍ ബെഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് ഒറ്റ ട്രെയിന്‍ പോലുമില്ലാത്തത് മലയാളികള്‍ക്ക് തിരിച്ചടിയായി.

മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ക്രിസ്മസിന്റെ തലേ ദിവസം നാട് പിടിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി പറ്റാന്‍ പോലും സാധിക്കില്ല.

വടക്കന്‍ കേരളത്തിലേക്ക് ഒന്നും തെക്കന്‍ കേരളത്തിലേക്ക് ഒന്‍പതും ട്രെയിനുകളാണ് ബെഗളുരുവില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ക്രിസ്മസ് അവധി തുടങ്ങിയതോടെ ഈ ട്രെയിനുകളിലെല്ലാം വന്‍ തിരക്കാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ക്രിസ്മസിന്റെ തലേ ദിവസം നാട് പിടിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി പറ്റാന്‍ പോലും സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കാലുകുത്താന്‍ പോലും സ്ഥലമില്ലാതെയാണ് ട്രെയിനുകള്‍ പുറപ്പെട്ടത്.

ഉത്സവ സീസണ്‍ പ്രമാണിച്ച് സാധാരണ ദക്ഷിണ റയില്‍വേ പ്രഖ്യാപിക്കാറുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ പ്രതീക്ഷ വെച്ച് കഴിയുകയായിരുന്നു മറുനാടന്‍ യാത്രക്കാര്‍. എന്നാല്‍ ആ പട്ടികയില്‍ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് ഒറ്റ ട്രെയിന്‍ പോലുമില്ല. ടിക്കറ്റ് നിരക്ക് പ്രശ്‌നം ഇല്ലാത്തവര്‍ തത്കാല്‍, പ്രീമിയം തത്കാല്‍ റിസര്‍വേഷന്‍ നേടാന്‍ ശ്രമിക്കും. മറ്റുള്ളവര്‍ക്ക് കേരള, കര്‍ണാടക ആര്‍ടിസി ബസുകളാണ് ആശ്രയം. എന്നാല്‍, യാത്രയ്ക്ക് ഒരുമാസം മുന്‍പ് മാത്രമാണ് ഇതില്‍ ബുക്കിങ് സൗകര്യം ലഭിക്കുക. ബുക്കിങ്് ആരംഭിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റ് വിറ്റു തീരും. അടുത്ത ആശ്രയം സ്വകാര്യ ബസുകളാണ്. അവരാകട്ടെ, ഉത്സവ സീസണുകളിലെ കഴുത്തറുപ്പന്‍ സമീപനം തുടരുകയാണ്. ടിക്കറ്റിന് 3000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ സീറ്റ് തരപ്പെടുത്താനാവൂ. ഉത്സവകാലത്ത് കുടുംബമായി നാട്ടില്‍ പോകാന്‍ തയ്യാറെടുത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ഇതും അപ്രാപ്യം.

ബെംഗളൂരു, മൈസൂരു ഡിവിഷനുകള്‍ ഈ സോണിനു കീഴില്‍ ആണെങ്കിലും ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേയാണ്.

ഉത്സവ സീസണില്‍ മതിയായ ട്രെയിന്‍ പ്രഖ്യാപിക്കാതെയുള്ള ദക്ഷിണ റെയില്‍വേയുടെ അവഗണന ആദ്യമല്ല. ഇക്കാര്യം നിരവധി തവണ റെയില്‍വേ അധികൃതരെ ധരിപ്പിക്കാന്‍ യാത്രക്കാരുടെ കൂട്ടായ്മ പോലുള്ള സംഘടനകള്‍ രംഗത്തും വന്നിരുന്നു. കേരളത്തിന് ആവശ്യമായ സര്‍വീസ് ലഭിക്കാന്‍ സംസ്ഥാനത്ത് നിന്നുള്ള ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും നിരന്തര സമ്മര്‍ദം ആവശ്യമാണെന്ന് ഓര്‍മിപ്പിക്കുകയാണ് കര്‍ണാടക കേരളാ ട്രാവല്ലേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ആര്‍ മുരളീധര്‍.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയാണ് ബെംഗളുരുവില്‍ നിന്നുള്ള ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ബെംഗളൂരു, മൈസൂരു ഡിവിഷനുകള്‍ ഈ സോണിനു കീഴില്‍ ആണെങ്കിലും ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേയാണ്. ഒരു തവണ മാത്രം കത്തിടപാട് നടത്തി കാത്തിരിക്കരുത്. നിരന്തരം ഫോളോ അപ്പ് ചെയ്യേണ്ടതുണ്ട്. സംഘടനകള്‍ക്ക് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെലുത്തുന്ന സമ്മര്‍ദം ഗുണം ചെയ്യുമെന്നും അദ്ദേഹം ദ ഫോര്‍ത്തിനോട് പറഞ്ഞു.

യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് കോച്ചുകളുടെ എണ്ണം കൂട്ടാനെങ്കിലും റെയില്‍വേ തയ്യാറാകണം എന്നാണ് യാത്രക്കാരുടെ ആവശ്യം. ടിക്കറ്റ് കിട്ടിയവരും കിട്ടാത്തവരുമൊക്കെ ഒരുമിച്ച് യാത്ര ചെയ്യുന്ന കാഴ്ചയാവും വരും ദിവസങ്ങളില്‍ കാണാനാവുക. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കാലുകുത്താന്‍ പറ്റാതാകുന്നതോടെ മിക്ക യാത്രക്കാരും സ്ലീപ്പര്‍ ക്ലാസില്‍ കയറുകയാണ്. ഇത് ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ടിക്കറ്റ് പരിശോധനക്ക് ടിടിആര്‍ വരാതാകുന്നതോടെ പരാതിപ്പെടാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥയാകും. ചുരുക്കി പറഞ്ഞാല്‍, അക്ഷരാര്‍ത്ഥത്തില്‍ ദുരിതപൂര്‍ണമാണ് ബെംഗളൂരു മലയാളികളുടെ ഉത്സവ കാല ട്രെയിന്‍ യാത്ര.

logo
The Fourth
www.thefourthnews.in