ഗോവ കൊലപാതകം: 'മകന്റെ സംരക്ഷണം എനിക്ക് വേണം'; ടിഷ്യു പേപ്പറില്‍ സുചന എഴുതിയ കുറിപ്പ് കണ്ടെടുത്ത് പോലീസ്

ഗോവ കൊലപാതകം: 'മകന്റെ സംരക്ഷണം എനിക്ക് വേണം'; ടിഷ്യു പേപ്പറില്‍ സുചന എഴുതിയ കുറിപ്പ് കണ്ടെടുത്ത് പോലീസ്

മകനെ ഭർത്താവിന് വിട്ടു നൽകുന്നതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു സുചനയെന്ന് ഗോവ പോലീസ്
Updated on
1 min read

നാലു വയസുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ ബെംഗളൂരുവിലെ ടെക്കി സുചന സേത്ത് എഴുതിയ കുറിപ്പ് കണ്ടെടുത്ത് പോലീസ്. കൊലപാതകത്തിനു ശേഷം മകന്റെ മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗിന്റെ മറ്റൊരു അറയിൽ നിന്നാണ് അന്വേഷണ സംഘം കുറിപ്പ് കണ്ടെടുത്തത്. ഐ ലൈനർ കൊണ്ട് ടിഷ്യു പേപ്പറിൽ എഴുതിയ കുറിപ്പാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

"എന്ത് വന്നാലും കുഞ്ഞിന്റെ സംരക്ഷണം എനിക്ക് വേണം. വിവാഹമോചനം കോടതി അനുവദിച്ചാലും കുഞ്ഞിന്റെ സംരക്ഷണം എനിക്ക് തന്നെ," ഇതായിരുന്നു സുചന തയ്യാറാക്കിയതായി പറയപ്പെടുന്ന കുറിപ്പിലുള്ളത്. വിദേശത്തു കഴിയുന്ന ഭർത്താവിനു മകനെ കാണാനുള്ള അനുമതി നൽകിയ കോടതി ഉത്തരവിൽ സുചന സേത്ത് അസ്വസ്ഥയായിയുന്നു എന്നതിന്റെ സൂചനയാണ് കുറിപ്പിലുള്ളത്. മകന്റെ സംരക്ഷണം പൂർണമായും തനിക്കു വിട്ടു നല്കണമെന്നായിരുന്നു ബെംഗളൂരുവിലെ കുടുംബ കോടതിയിൽ സൂചനയുടെ ഹർജി .

ഗോവ കൊലപാതകം: 'മകന്റെ സംരക്ഷണം എനിക്ക് വേണം'; ടിഷ്യു പേപ്പറില്‍ സുചന എഴുതിയ കുറിപ്പ് കണ്ടെടുത്ത് പോലീസ്
മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം: യുപി സർക്കാർ പ്രതീക്ഷിച്ച രീതിയിൽ ഇടപെട്ടില്ലെന്ന് സുപ്രീംകോടതി

എന്നാൽ കുട്ടിയെ ആഴ്ചയിൽ രണ്ടു ദിവസം പിതാവിനൊപ്പം താമസിക്കാൻ അനുവദിച്ചു കൊണ്ടായിരുന്നു കോടതി ഈ ഹർജി തീർപ്പാക്കിയത്. ഇതേ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഇവർ. കുഞ്ഞിനെയും കൊണ്ട് പലതവണ സുചന ഗോവയിൽ വന്നു ഹോട്ടലുകളിൽ താമസിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭർത്താവ് വെങ്കിട്ട രാമൻ കുഞ്ഞിനെ കാണാൻ ഒന്ന് രണ്ടു തവണ ശ്രമിച്ചിരുന്നെങ്കിലും സ്ഥലത്തില്ലെന്ന കാരണം പറഞ്ഞു സുചന വരവ് തടഞ്ഞിരുന്നു .

അതേസമയം, സൂചനയെ ഇന്ന് ഗോവ പോലീസ് വൈദ്യ പരിശോധനക്ക് ഹാജരാക്കി. പ്രതിയുടെ മാനസിക - ശാരീരിക ആരോഗ്യ നില വിശദമായി പരിശോധിച്ച് ഡോക്ടർമാർ നൽകുന്നറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് അന്വേഷണം തുടരുക. സുചനക്കു കൃത്യം നിർവഹിക്കാൻ പുറത്തു നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇത് വരെയുളള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നിഗമനം.

മകനെ മറ്റൊരാളും കൊണ്ട് പോകാതിരിക്കാൻ 'രക്ഷപ്പെടുത്തി ' എന്നാണ് സുചന പോലീസിന് നൽകിയിരിക്കുന്ന മൊഴി . കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും പ്രതി ആവർത്തിക്കുകയാണ്. തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പ്രതി പിടിയിലാകുന്നതിനു 36 മണിക്കൂർ മുൻപ് കുഞ്ഞിന്റെ മരണം സംഭവിച്ചിട്ടുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഗോവ കൊലപാതകം: 'മകന്റെ സംരക്ഷണം എനിക്ക് വേണം'; ടിഷ്യു പേപ്പറില്‍ സുചന എഴുതിയ കുറിപ്പ് കണ്ടെടുത്ത് പോലീസ്
മമതയെ വീഴ്ത്തുമോ മീനാക്ഷി മുഖർജി; സിപിഎമ്മിനെ പിടിച്ചുകയറ്റാന്‍ ഡിവൈഎഫ്‌ഐ, വീണ്ടും ചെങ്കൊടി പാറുമോ ബംഗാളില്‍?

സൂചനയും കുഞ്ഞും താമസിച്ച മുറിയിൽ നിന്ന് ഒഴിഞ്ഞ കഫ്‌സിറപ്പ് കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും കുഞ്ഞിന്റെ ആന്തരികാവയവങ്ങളിൽ നിന്ന് ഇതിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. പ്രതി അന്വേഷണവുമായി സഹകരിക്കാതെ ആയതോടെ പോലീസ് ശരിക്കും കുഴങ്ങുകയാണ്. സൂചനയുടെ ഭർത്താവ് വെങ്കിട്ട്‌ രാമനെ ഗോവ പോലീസ് നാളെ ചോദ്യം ചെയ്‌തേക്കും. ഇദ്ദേഹത്തോട് ഗോവയിൽ എത്തിച്ചേരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗോവയിലെ കണ്ടോലിംമിൽ സ്ഥിസ്തിചെയ്യുന്ന സർവീസ് അപ്പാർട്മെന്റിൽ വാടകക്കു മുറിയെടുത്ത പ്രതി മകനെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ബെംഗളൂരുവിലേക്ക് തിരിച്ചത്. വഴി മദ്ധ്യേ കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വെച്ച് ഇവർ അറസ്റ്റിലാകുകയായിരുന്നു .

logo
The Fourth
www.thefourthnews.in