കാവേരി പ്രശ്നം: ബന്ദിനെ നേരിടാൻ പോലീസ്; പ്രതിഷേധ പ്രകടനങ്ങൾ തടയാൻ ബെംഗളൂരുവിൽ നിരോധനാജ്ഞ
കാവേരി നദീജലം തമിഴ്നാടിനു വിട്ടു നൽകാനുളള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിക്ച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെ നേരിടാൻ ബെംഗളൂരു പോലീസ്. ചൊവ്വാഴ്ച രാത്രിമുതൽ ബുധനാഴ്ച രാത്രി വരെ നഗരത്തിൽ പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും തടഞ്ഞ് പോലീസ് ഉത്തരവിറക്കി. ചൊവ്വാഴ്ച ബന്ദ് നടത്താൻ സംഘടനകൾക്ക് അനുമതി നിഷേധിച്ചതായും പൊതുമുതലിനും പൊതുജനങ്ങൾക്കും നേരെ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സംഘടനകൾക്കെതിരെ നടപടി എടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ ബി ദയാനന്ദ വ്യക്തമാക്കി.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിലും ബെംഗളൂരു നഗരത്തിലും പോലീസ് സുരക്ഷ വർധിപ്പിച്ചു
"സുപ്രീം കോടതി ഉത്തരവ് പ്രകാരം ബന്ദ് നിയമവിരുദ്ധമാണ്. ബന്ദിൽ നിന്ന് പിന്മാറാൻ സംഘടനകൾക്ക് നോടീസ് നൽകിയിട്ടുണ്ട്. നിയമം അനുസരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ബെംഗളൂരുവിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ 144 പ്രഖ്യാപിക്കുകയാണ് " സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് വിശദീകരിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിലും ബെംഗളൂരു നഗരത്തിലും പോലീസ് സുരക്ഷ വർധിപ്പിച്ചതായും ബി ദയാനന്ദ് ഐ പി എസ് പറഞ്ഞു .
രാമനഗര ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കർണാടക ജല സംരക്ഷണ സമിതി ആണ് ചൊവ്വാഴ്ച ഓൾഡ് മൈസൂരു മേഖലയിലും ബെംഗളൂരുവിലും ബന്ദിന് ആഹ്വാനം ചെയ്തത്. ദേശീയ പാതകളും തമിഴ്‌നാട് അതിർത്തികൾ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിരുന്നു. ബെംഗളൂരു നഗരത്തിൽ ടൗൺ ഹാളിൽ നിന്നും മൈസൂർ ബാങ്ക് സർക്കിൾ വരെ നീളുന്ന ബഹുജന റാലിയും സംഘടിപ്പിക്കാൻ സംഘടന പോലീസിന്റെ അനുമതി തേടിയിരുന്നു. അനുമതി നിഷേധിച്ചാലും റാലി നടത്തുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കർണാടക ജലസംരക്ഷണ സമിതി .
അതേസമയം ബന്ദിനെ നേരിടാൻ പോലീസ് ഒരുങ്ങിയതോടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച നിരവധി സംഘടനകൾ പിന്മാറി. കർഷക - സാംസ്‌കാരിക - സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ നിരവധി സംഘടനകൾ നേരത്തെ പിന്തുണ അറിയിച്ചിരുന്നു. തീവ്ര കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത വരുന്ന വെള്ളിയാഴ്ചത്തെ കർണാടക ബന്ദിനെ പിന്തുണക്കാനാണ് ഇപ്പോൾ മറ്റുള്ളവർ ആലോചിക്കുന്നത്. സംസ്ഥാനമൊന്നാകെ സ്തംഭിപ്പിക്കുന്ന ബന്ദിലൂടെ വിഷയത്തിനു ദേശീയ ശ്രദ്ധ കിട്ടുമെന്നാണ് കന്നഡ സംഘടനകൾ കരുതുന്നത്