ഗുർബാനി എല്ലാവർക്കും വേണ്ടിയുള്ളത്; ബിൽ പാസാക്കി ഭഗവന്ത്മൻ സർക്കാർ

ഗുർബാനി എല്ലാവർക്കും വേണ്ടിയുള്ളത്; ബിൽ പാസാക്കി ഭഗവന്ത്മൻ സർക്കാർ

നിയമം ഭേ​ദ​ഗതി വരുത്താനുളള നീക്കവുമായി സർക്കാർ മുന്നോട്ട് പോയപ്പോൾ, സർക്കാരിന്റെ നീക്കത്തെ എതിർത്തുകൊണ്ട് എസ്‌ജിപിസിയും പ്രതിപക്ഷവും ആരോപണം ഉയർത്തിയിരുന്നു.
Updated on
1 min read

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ഗുർബാനി സംപ്രേഷണം ചെയ്യുന്നതിനുള്ള സിഖ് ഗുരുദ്വാര (ഭേദഗതി) ബിൽ 2023, പാസാക്കി പഞ്ചാബ് നിയമസഭ. ഗുർബാനിയുടെ സംപ്രേക്ഷണം എല്ലാവർക്കും സൗജന്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ പാസാക്കിയത്.

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് ഗുർബാനി സൗജന്യമായി സംപ്രേഷണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 1925 ലെ സിഖ് ഗുരുദ്വാരസ് നിയമത്തിലെ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് പഞ്ചാബ് കാബിനറ്റ് അംഗീകാരം നൽകിയത്. ഗുർബാനി എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും ചാനലിലും അത് കേൾക്കാനും കാണാനും കഴിയുമെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന നിയമസഭയിൽ ബിൽ പാസാക്കിക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.

സിഖ് ഗുരുക്കളുടെയും ഗുരു ഗ്രന്ഥ സാഹിബിന്റെ മറ്റ് എഴുത്തുകാരുടെയും വിവിധ രചനകളെ സൂചിപ്പിക്കാൻ സിഖുകാർ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് ഗുർബാനി. 1998 മുതൽ രാവിലെയും വൈകുന്നേരവും സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ഗുർബാനി സംപ്രേക്ഷണം ചെയ്യുന്ന ഒരു ചാനലിനും അത് സംപ്രേക്ഷണം ചെയ്യുന്നതിന് അരമണിക്കൂർ മുമ്പോ ശേഷമോ പരസ്യം ചെയ്യാൻ കഴിയില്ലെന്ന വ്യവസ്ഥയും ബില്ലിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുർബാനി എല്ലായ്‌പ്പോഴും സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അവകാശപ്പെട്ടിട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ, എന്തുകൊണ്ടാണ് എല്ലാ ചാനലുകളും ഇത് സംപ്രേക്ഷണം ചെയ്യാത്തതെന്നും മൻ ചോദിച്ചു.

നിലവിൽ, ശിരോമണി അകാലിദളിന്റെ ബാദൽ കുടുംബവുമായി ബന്ധമുള്ള ഒരു സ്വകാര്യ ചാനലായ പിടിസിയാണ് ഗുർബാനി സംപ്രേക്ഷണം ചെയ്യുന്നത്. നേരത്തെ തന്നെ, സിഖുകാരുടെ പരമോന്നത മതസംഘടനയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പഞ്ചാബ് സർക്കാരിന്റെ ഈ നീക്കത്തെ എതിർത്തിരുന്നു. 1925 ലെ നിയമം ഒരു കേന്ദ്ര നിയമമാണെന്നും പാർലമെന്റിന് മാത്രമേ ഭേദഗതി ചെയ്യാൻ കഴിയൂ എന്നുമായിരുന്നു എസ്‌ജിപിസിയുടെ വാദം. 2007 മുതലാണ് പ്രക്ഷേപണത്തിനുളള അവകാശം ബാദൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പിടി‌സി നെറ്റ്‌വർക്കിനുണ്ടായിരുന്നത്. ഹർമന്ദിർ സാഹിബ് നിയന്ത്രിക്കുന്ന ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) നെറ്റ്‌വർക്ക് പ്രതിവർഷം 2 കോടി രൂപ നൽകുന്നുണ്ട്.

നിയമം ഭേ​ദ​ഗതി വരുത്താനുളള നീക്കവുമായി സർക്കാർ മുന്നോട്ട് പോയപ്പോൾ, സർക്കാരിന്റെ നീക്കത്തെ എതിർത്തുകൊണ്ട് എസ്‌ജിപിസിയ്ക്ക് പുറമെ, സിഖ് ഗുരുദ്വാര നിയമം 1925, കേന്ദ്ര സർക്കാർ നിയമമാണെന്നും അത് സംസ്ഥാനത്തിന് ഭേദഗതി ചെയ്യാൻ കഴിയില്ലെന്നും പ്രതിപക്ഷവും ആരോപിച്ചു. പഞ്ചാബ് സർക്കാരിന് എങ്ങനെയാണ് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ കഴിയുകയെന്ന് കോൺഗ്രസിന്റെ സുഖ്പാൽ സിംഗ് ഖൈറ ചോദ്യം ചെയ്തിരുന്നു. സർക്കാരിന്റെ നടപടിയെ ഭരണഘടനാവിരുദ്ധവും സിഖ് സമുദായത്തിന്റെ മതപരമായ പ്രവർത്തനങ്ങളിൽ നേരിട്ടുള്ള ഇടപെടലുമെന്നാണ് അകാലിദളിന്റെ ദൽജീത് സിംഗ് ചീമ വിമർശിച്ചത്.

ഗുർബാനി സംപ്രേക്ഷണം ചെയ്യുന്നതിനുള്ള എസ്‌ജിപിസിയുടെയും പിടിസി നെറ്റ്‌വർക്കിന്റെയും കരാർ 2023 ജൂലൈയിൽ അവസാനിക്കിനിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം.

logo
The Fourth
www.thefourthnews.in