മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന് അംഗീകാരം: രാജ്യത്ത് ആദ്യം; 18 കഴിഞ്ഞവര്‍ക്ക് ഉപയോഗിക്കാം

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന് അംഗീകാരം: രാജ്യത്ത് ആദ്യം; 18 കഴിഞ്ഞവര്‍ക്ക് ഉപയോഗിക്കാം

കോവാക്സിന്റേയോ കൊവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായാകും ഈ വാക്സിന്‍ നല്‍കുക
Updated on
1 min read

ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ബോര്‍ഡിന്റെ അംഗീകാരം. പ്രായപൂര്‍ത്തിയായവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസല്‍ വാക്‌സിനാണിത്.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് 'ബിബിവി154' എന്ന നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് 'ബിബിവി154' എന്ന നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. കഴിഞ്ഞ ജനുവരിയില്‍, വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് അതോറിറ്റിയുടെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു. കോവാക്സിന്റേയോ കൊവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായാകും നേസല്‍ വാക്സിന്‍ നല്‍കുക. 0.5 മില്ലിയാണ് ഒരു ഡോസ്.

പുതിയ നേട്ടം പകര്‍ച്ചവ്യാധിക്കെതിരായ കൂട്ടായ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യം ശാസ്ത്രത്തിലും ഗവേഷണ വികസനത്തിലും മാനവ വിഭവശേഷിയിലും നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ശാസ്ത്രീയ സമീപനങ്ങളിലൂടെ നാം കോവിഡ് 19 നെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

വാക്സിന്‍ സ്‌പ്രേ രൂപത്തില്‍ മൂക്കിലേക്ക് അടിക്കുകയാണ് ചെയ്യുന്നത്.

അഹമ്മദാബാദ്, ഡല്‍ഹി എയിംസ്, പാറ്റ്‌ന എയിംസ്, ഓയ്സ്റ്റര്‍ ആന്‍ഡ് പള്‍സ് ഹോസ്പിറ്റല്‍ (പൂനെ), ബിഡി ശര്‍മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (ഹരിയാന), ആചാര്യ വിനോബ ഭാവെ റൂറല്‍ ആശുപത്രി, ജീവന്‍ രേഖ ആശുപത്രി ബെലഗാവി, റാണ ആശുപത്രി (ഖൊരക്പൂര്‍), പ്രഖാര്‍ ഹോസ്പിറ്റല്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ ഇടങ്ങളിലാണ് നേസല്‍ വാക്‌സിന്റെ പരീക്ഷണം നടന്നത്.

വാക്സിന്‍ സ്‌പ്രേ രൂപത്തില്‍ മൂക്കിലേക്ക് അടിക്കുകയാണ് ചെയ്യുന്നത്. വൈറസ് പകരുന്നത് ശ്വസനത്തിലൂടെ ആയതിനാല്‍ മൂക്കിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന വാക്സിന്‍ കൂടുതല്‍ പ്രതിരോധ ശേഷിനല്‍കുമെന്നാണ് നിര്‍മ്മാണ കമ്പനിയുടെ അവകാശവാദം. വാക്‌സിന്‍ നല്‍കുന്നതിനായി സിറിഞ്ച് ആവശ്യമില്ലാതെയാവുന്നതോടെ വിദഗ്ധ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരും വാക്‌സിനേഷന് ആവശ്യമില്ലാതെയാകും. വാക്‌സിനേഷന്‍ പ്രക്രിയയുടെ ആകെ ചെലവ് കുറയ്ക്കാന്‍ പുതിയ മാര്‍ഗം സഹായകമാകുമെന്നാണ് കരുതുന്നതെന്നും ഭാരത് ബയോടെക് തലവന്‍ കൃഷ്ണ യെല്ല പറഞ്ഞു.

logo
The Fourth
www.thefourthnews.in