ഭാരത് ജോഡോ യാത്ര സമാപന സമ്മേളനം ഇന്ന്; ഐക്യത്തിന് ആഹ്വാനം ചെയ്ത് 13 രാഷ്ടീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും
രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ യാത്ര ഇന്നലെ സമാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം സ്വീകരിച്ച് 13 രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഡിഎംകെ, എൻസിപി, ആർജെഡി, ജെഡിയു, ശിവസേന, സിപിഐ, വിടുതലൈ ചിരുതൈകൾ കക്ഷി, കേരള കോൺഗ്രസ്, മുസ്‌ലീംലീഗ്, നാഷണൽ കോൺഫറൻസ്, പിഡിപി, ജാർഖണ്ഡ് മുക്തിമോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് പൊതുസമ്മേളനത്തിന് എത്തുക.
ഐക്യ പ്രതിപക്ഷമെന്ന നീക്കത്തിന് മങ്ങല്‍ ഏല്‍പ്പിച്ച് ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ഷണം നിരസിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പാണ് വിട്ടുനില്‍ക്കാന്‍ കാരണം. പക്ഷെ മമതാ ബാനര്‍ജിയുടെ ത്യണമൂല്‍ കോണ്‍ഗ്രസ് ഒഴികയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ രാഹുല്‍ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത് കോണ്‍ഗ്രസ് പ്രതീക്ഷയോടെയാണ് കാണുന്നത്.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 136 ദിവസമെടുത്താണ് ശ്രീനഗറില്‍ എത്തിയത്
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 136 ദിവസമെടുത്താണ് ശ്രീനഗറില്‍ എത്തിയത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തെ 75 ജില്ലകളിലൂടെ കടന്നുപോയി. 4080 കിലോമീറ്ററാണ് രാഹുലും സംഘവും നടന്ന് തീര്‍ത്തത്. യാത്രകൊണ്ട് രാഹുല്‍ ഗാന്ധി കരുത്തനായി മാറിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.
പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പടെ ആയിരത്തോളം പേര്‍ ശ്രീനഗറില്‍ എത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് സമാപന പരിപാടിക്ക് ഒരുക്കിയിരിക്കുന്നത്.