ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം; 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം. 145 ദിവസംകൊണ്ട് 3970 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്. തിങ്കളാഴ്ച ശ്രീനഗറിലാണ് സമാപന ചടങ്ങുകള്‍. ചടങ്ങില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ടാണ് ജമ്മു കശ്മീരില്‍ സമാപിക്കുന്നത്. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച താത്കാലികമായി നിര്‍ത്തിവെച്ച യാത്ര ശനിയാഴ്ച പുനരാരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ പന്താചൗക്കില്‍ നിന്നാണ് പദയാത്ര തുടങ്ങിയത്. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും യാത്രയില്‍ രാഹുലിനൊപ്പമുണ്ട്. ഉച്ചയോടെ, പദയാത്ര ലാല്‍ ചൗക്കില്‍ എത്തും. അവിടെ രാഹുല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. തുടര്‍ന്ന് നെഹ്‌റു പാര്‍ക്കിലേക്ക് നീങ്ങും. അതോടെ, 4,080 കിലോമീറ്റര്‍ പൂര്‍ത്തിയാകുന്ന പദയാത്രയ്ക്ക് സമാപനമാകും.
തിങ്കളാഴ്ചയാണ് റാലിയും പൊതുയോഗവും നിശ്ചയിച്ചിരിക്കുന്നത്. എംഎ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് രാഹുല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. തുടര്‍ന്ന് എസ്‌കെ സ്റ്റേഡിയത്തിലാണ് റാലിയും പൊതുയോഗവും. സമാപന ചടങ്ങിലേക്ക് 21 പ്രതിപക്ഷ പാര്‍ട്ടികളെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍, 12 കക്ഷികള്‍ പങ്കെടുക്കുമെന്നാണ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ടിഡിപി പോലുള്ള കക്ഷികളാണ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്), ഉദ്ധവ് താക്കറെയുടെ ശിവസേന, സിപിഐ, സിപിഎം, വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ), കേരള കോണ്‍ഗ്രസ്, ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എന്നീ പാര്‍ട്ടികള്‍ ശ്രീനഗറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
യാത്ര കടന്നുപോകുന്ന വഴികളില്‍ അപ്രതീക്ഷിതമായി ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചെന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍, യാത്രയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വരുന്ന കാര്യം അറിയിച്ചിരുന്നില്ലെന്നായിരുന്നു കശ്മീര്‍ പോലീസിന്റെ പ്രതികരണം. സമാപന സമ്മേളനത്തില്‍ കൂടുതല്‍ ആളുകളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.