'ഹിന്ദു വികാരം വ്രണപ്പെടുത്തി'; ഭാരത് മാട്രിമോണിയുടെ ഹോളി പരസ്യം വിവാദത്തിൽ; ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം

'ഹിന്ദു വികാരം വ്രണപ്പെടുത്തി'; ഭാരത് മാട്രിമോണിയുടെ ഹോളി പരസ്യം വിവാദത്തിൽ; ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം

"ചില നിറങ്ങൾ എളുപ്പത്തിൽ കഴുകി കളയാനാകില്ല" എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്
Updated on
1 min read

പ്രമുഖ മാട്രിമോണിയല്‍ സൈറ്റായ ഭാരത് മാട്രിമോണി അന്താരാഷ്ട്ര വനിതാ ദിനത്തോടും ഹോളിയോടും അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഹോളി ആഘോഷവേളയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചായിരുന്നു പരസ്യത്തിന്റെ പ്രമേയം. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചാണ് പരസ്യമെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്കരണ ആഹ്വാനം ആരംഭിച്ചിരിക്കുകയാണ്. ട്വിറ്ററിലടക്കം #BoycottBharatMatrimony എന്ന ഹാഷ്ടാഗോട് കൂടിയുള്ള പ്രതിഷേധവുമായാണ് ഒരു കൂട്ടം രംഗത്തെത്തിയിരിക്കുന്നത്.

ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ വലിയ മാനസിക ബുദ്ധിമുട്ടികളിലൂടെയാണ് കടന്ന് പോകുന്നതെന്ന് വെളിപ്പെടുത്തുന്നതായിരുന്നു വീഡിയോ. നിരവധി സ്ത്രീകള്‍ ഹോളിക്കിടെയുണ്ടാകുന്ന ഉപദ്രവങ്ങള്‍ കാരണം ആഘോഷങ്ങള്‍ അവസാനിപ്പിക്കാറുണ്ട്. ഈ ഹോളി ദിനത്തില്‍ വനിതാ ദിനവും ആഘോഷിക്കുമ്പോള്‍ സ്ത്രീകളെ സുരക്ഷിതരാക്കണം എന്ന കുറിപ്പോടെയായിരുന്നു ഭാരത് മാട്രിമോണി പരസ്യ വീഡിയോ പങ്കുവച്ചത്.

മുഖത്ത് മുഴുവൻ വ്യത്യസ്ത നിറങ്ങളിലുള്ള ചായം പൂശിയ യുവതിയുടെ ദൃശ്യങ്ങളോട് കൂടിയാണ് 75 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ അവൾ നിറങ്ങള്‍ കഴുകി കളയുന്നതിനൊപ്പം മുഖത്തെ ചതവുകളും പാടുകളും കാണുന്നു. "ചില നിറങ്ങൾ എളുപ്പത്തിൽ കഴുകി കളയാനാകില്ല" എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തു.

എന്നാൽ, പ്രതിഷേധം ഉയർന്നതോടെ വീഡിയോ ഡിലീറ്റ് മറ്റൊരു അടിക്കുറിപ്പോടെ വീണ്ടും പോസ്റ്റ് ചെയ്തു. ''ഈ വനിതാ ദിനവും ഹോളിയും, സ്ത്രീകൾക്കായി സുരക്ഷിതവും അവരെ കൂടുതൽ ഉൾക്കൊള്ളുന്നതുമായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ അംഗീകരിക്കുകയും അവരുടെ ക്ഷേമത്തെ യഥാർത്ഥത്തിൽ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് - ഇന്നും എന്നും''- എന്നാണ് നിലവിലെ കുറിപ്പ്.

നിറങ്ങളുടെ ഉത്സവമായ ഹോളിക്കെതിരെയാണ് പരസ്യം എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണ് വീഡിയോ എന്നും ഒരു കൂട്ടം ആരോപിച്ചു. “പല സ്ത്രീകൾ ട്രെയിനിൽ പീഡിപ്പിക്കപ്പെടുന്നു, ഇത് ട്രെയിനുകളുടെ കുഴപ്പമാണോ? അവർ ട്രെയിനിൽ പോകുന്നത് നിർത്തുന്നുണ്ടോ?പീഡനം തിന്മയാണ്, നാമെല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ട്, ദയവായി വിശുദ്ധ ഹോളിയിൽ വലിച്ചിഴക്കരുത്" -ഒരു ഉപയോക്താവ് ചോദിച്ചു. ഹോളി പോലെയുള്ള ഒരു ഹിന്ദു ആഘോഷം അവരുടെ സാമൂഹിക ബോധവൽക്കരണ അജണ്ട പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചു എന്നാണ് മറ്റൊരു പ്രചരണം. എത്രയും വേഗം പരസ്യം നീക്കം ചെയ്യണമെന്ന ആവശ്യവും ഉയർന്നു.

അതേസമയം, ചിലർ പരസ്യത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരം ഒരു പ്രധാന പ്രശ്നം ഉന്നയിച്ചതിന് മാട്രിമോണിയൽ സൈറ്റിനെ പലരും പ്രശംസിച്ചു. ഉത്സവങ്ങൾ ഒരിക്കലും ആഘാതകരമായ അനുഭവമാകാൻ പാടില്ല. ബഹുമാനവും സമ്മതവും പ്രധാനമാണ്. സ്ത്രീകളെ ദുരുപയോഗം ചെയ്യുകയും ദ്രോഹിക്കുകയും അനാദരവ് കാണിക്കുകയും ചെയ്യുന്ന എല്ലാ പുരുഷന്മാരിലേക്കും ഈ സന്ദേശം എത്തിക്കാൻ വനിതാദിനത്തേക്കാൾ മികച്ചത് എന്താണെന്ന് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

അതേസമയം ബഹിഷ്കരണ ക്യാമ്പയിൻ വ്യാപകമാണെങ്കിലും വിഷയത്തിൽ ഭാരത് മാട്രിമോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in