സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ബിജെപി; ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേൽ ചുമതലയേറ്റു
ഗുജറാത്തിൽ തുടർച്ചയായി രണ്ടാം തവണയും ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗാന്ധി നഗറിലെ ഹെലിപാഡ് ഗ്രൗണ്ടില്‍ ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
ഹര്‍ഷ് സാംഘ്‌വി, ജഗദിഷ് വിശ്വകര്‍മ, പര്‍ഷോത്തം സോളങ്കി, ബച്ചുഭായ് ഖബാദ്, മുകേഷ് പട്ടേല്‍, പ്രഫുല്‍ പന്‍ഷെരിയ, ഭിക്കുസിന്‍ഹ് പാര്‍മര്‍, കുന്‍വര്‍ജി ഹല്‍പടി എന്നീ എംഎല്‍എമാരും ഇന്ന് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഇവരുടെ വകുപ്പുകള്‍ ഉടന്‍ തന്നെ വിഭജിച്ച് നല്‍കും.
ഗുജറാത്തിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാണ് 60 കാരനായ ഭൂപേന്ദ്ര പട്ടേൽ. ഘട്‌ലോഡിയ മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ഭൂപേന്ദ്ര പട്ടേൽ നിയമസഭയിലെത്തിയത്. 2021 സെപ്റ്റംബറിലാണ് വിജയ് രൂപാണിക്ക് പകരക്കാരനായി ഭൂപേന്ദ്ര പട്ടേൽ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. ബിജെപിയുടെ പ്രധാന വോട്ടുബാങ്കായി കണക്കാക്കപ്പെടുന്ന പട്ടേല്‍ സമുദായത്തിനിടയില്‍ പാര്‍ട്ടിക്കെതിരെ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇതേ സമുദായത്തില്‍ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി ബിജെപി നിര്‍ണായക നീക്കം നടത്തിയത്. അത് വലിയ വിജയമായിരുന്നെതിന്റെ സൂചനയാണ് ഇത്തവണ ഗുജറാത്തില്‍ ബിജെപി സ്വന്തമാക്കിയ വമ്പന്‍ ഭൂരിപക്ഷം.
ആകെയുള്ള 182 സീറ്റില്‍ 156 സീറ്റുകളും നേടിയാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്. 1985 ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 എന്ന റെക്കോര്‍ഡാണ് ബിജെപി ഗുജറാത്തില്‍ മറികടന്നത്. പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിൽ ബിജെപി ഈ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയതോടെ പട്ടേല്‍ വിഭാഗത്തിന്റെ വോട്ടുകളും ബിജെപിയുടെ കൈപ്പിടിയിലായി. 17 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. പ്രതിപക്ഷത്തിരിക്കണമെങ്കില്‍ 10 ശതമാനം സീറ്റുകൾ വേണമെന്ന ചട്ടം സ്പീക്കർ നടപ്പാക്കിയാൽ കോണ്‍ഗ്രസിന് ഗുജറാത്ത് നിയമസഭയില്‍ പ്രതിപക്ഷ പദവി നഷ്ടമാകും.