നാടകീയം രാജസ്ഥാന്‍; രാജി ഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തിനെതിരെ ഗെഹ്ലോട്ട് പക്ഷം തുറന്ന പോരിന്. 92 എംഎല്‍എമാർ രാജി ഭീഷണിയുമായി രംഗത്തെത്തി. സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്നാണ് അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ നിലപാട്.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗെഹ്ലോട്ട് പക്ഷം. നേതൃമാറ്റം ആവശ്യമില്ലെന്നാണ് നിലപാട്. മാത്രമല്ല മുഖ്യമന്ത്രിയെ മാറുന്നതിനെക്കുറിച്ച് പാർട്ടിക്കുള്ളില്‍ ആവശ്യത്തിന് ചർച്ച നടന്നില്ലെന്നും ഗെഹ്ലോട്ട് പക്ഷം ആരോപിക്കുന്നു.
അശോക് ഗെഹ്ലോട്ടിനെ അനുകൂലിക്കുന്ന എംഎല്‍എമാർ പ്രത്യേകം യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയായി തുടരണമെന്നാണ് എംഎല്‍മാർ ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടത്. ഗെഹ്ലോട്ട് പക്ഷ എംഎല്‍എമാർ സ്പീക്കറെ നേരില്‍ കണ്ടു. സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെയ്ക്കുമെന്ന് എംഎല്‍എമാർ സ്പീക്കറെ അറിയിച്ചിട്ടുണ്ട്.