നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

'കുടിച്ചാല്‍ മരിക്കുക തന്നെ ചെയ്യും'; വിഷമദ്യ ദുരന്തത്തില്‍ വിവാദ പ്രസ്താവനയുമായി നിതീഷ് കുമാര്‍

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്നും മുഖ്യമന്ത്രി
Updated on
1 min read

ബിഹാറിലെ സരണ്‍ ജില്ലയിലെ ഛപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ വിവാദ പ്രസ്താവനയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കുടിച്ചാല്‍ നിങ്ങള്‍ മരിക്കുമെന്ന് ഉറപ്പാണെന്നായിരുന്നു നിതീഷിന്റെ പ്രസ്താവന. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യ നിരോധനം നിലവിലുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നിതീഷ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കഴിഞ്ഞദിവസമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റില്‍ സരണ്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു

കുറച്ച് നാളുകളായി വ്യാജമദ്യം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് തുടര്‍ച്ചയായി സാക്ഷ്യം വഹിക്കുകയാണ് പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനം കൂടിയായ ബിഹാര്‍. ഇസുവാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോയ്ല ഗ്രാമത്തിലും യദു മോറിലുമാണ് വിഷമദ്യ ദുരന്തമുണ്ടായത്. ഓഗസ്റ്റില്‍ ഇതേ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു.

വിഷം കലര്‍ന്ന മദ്യം കഴിച്ചതാണ് മരണകാരണമെന്ന് വ്യക്തമായിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തി.

ഇന്നലെ വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്. ബിജെപി എംഎല്‍എമാരോട് 'നിങ്ങള്‍ ഒരു മദ്യപാനിയാണ്' എന്ന് നിതീഷ് ആക്രോശിച്ചതിനെ ചൊല്ലിയും വിവാദം ചൂടുപിടിക്കുകയാണ്.

നിരോധനം ഇല്ലാതിരുന്ന കാലത്തും വിഷം കലര്‍ന്ന മദ്യം കഴിച്ച് ആളുകൾ മരിച്ചിട്ടുണ്ട്

നിതീഷ് കുമാര്‍

മദ്യ നിരോധനത്തെ ന്യായീകരിച്ച് മഹാത്മാഗാന്ധി എന്താണ് പറഞ്ഞതെന്ന് സഭയില്‍ ചോദിച്ച നിതീഷ് കുമാർ, മദ്യം മോശമാണെന്നും അതിന്റെ ഉപയോഗം ഒരുപാട് ജീവനെടുക്കുന്നെന്നും ഓര്‍മിപ്പിച്ചു. വ്യാജമദ്യം മൂലമുള്ള ദുരന്തങ്ങള്‍ ബിഹാറില്‍ മാത്രമല്ല, രാജ്യത്തുടനീളം സംഭവിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരോധനം ഇല്ലാതിരുന്ന കാലത്തും വിഷം കലര്‍ന്ന മദ്യം കഴിച്ച് ആളുകൾ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ''വ്യാജമദ്യത്തിനെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്'' - അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനിരോധനം പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യാജ മദ്യ ദുരന്തങ്ങളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യത്ത് ബിഹാറിലും ഗുജറാത്തിലുമാണ് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in