രാമനവമി സംഘര്‍ഷം: ബിഹാറിൽ നടക്കുന്നത് മതസൗഹാര്‍ദം തകർക്കാനുള്ള സംഘപരിവാർ ശ്രമമെന്ന് തേജസ്വി യാദവ്
സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നും ഇത് ആശങ്കാജനകമെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് സംസഥാനത്ത് അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്‌റെ പ്രതികരണം. അതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്‌റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ അവര്‍ പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. '' സംസ്ഥാനത്തെ ഐക്യം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കുകയാണ്. ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ബിജെപി പരിഭ്രാന്തി പരത്തുന്നു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തിന്റെ സാഹോദര്യം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ എപ്പോഴും ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്.'' തേജസ്വി ട്വിറ്ററില്‍ കുറിച്ചു.
രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പല സംസ്ഥാനങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും ബിഹാറിലും പശ്ചിമ ബംഗാളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങളും വീടുകളും കടകളും കത്തിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിഹാറിലും ബംഗാളിലും ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുകയാണ് ബിജെപി.
ബിഹാറിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണറെ വിളിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. മഹാസഖ്യ സര്‍ക്കാരിനെ താഴെയിറക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മുഴുവന്‍ സീറ്റിലും വിജയിക്കുമെന്നും ഞായറാഴ്ച നടന്ന പൊതുപരിപാടിയില്‍ അമിത്ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രി തേജസ്വിയുടെ പ്രതികരണം.
സംഭവങ്ങള്‍ക്ക് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പോലീസിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാനും ക്രമസമാധാനം നിലനിര്‍ത്താനും ശക്തമായ നടപടിയെടുക്കാനും യോഗം നിര്‍ദേശിച്ചു.