പതിനേഴ് കൊല്ലം പാകിസ്താന്‍ ജയിലില്‍; ദീപാവലി ദിനത്തില്‍ കുടുംബവുമായി ഒന്നിച്ച് ബിഹാർ സ്വദേശി
ബിഹാറിലെ സോപോള്‍ ജില്ലയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ശ്യാം ദാസിന്റെ കുടുംബത്തിന് ഈ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ്. 17 കൊല്ലത്തെ ജയില്‍വാസത്തിന് ശേഷം ഈ ദീപാവലി ദിനത്തിലാണ് ശ്യാം ദാസ് സുന്ദര്‍ കുടുംബവുമായി ഒത്തുചേരാനായത്.
ബീഹാറിലെ നിന്നുള്ള ശ്യാം 2005ല്‍ മറ്റ് അഞ്ച് കുടിയേറ്റ തൊഴിലാളികളോടൊപ്പം പഞ്ചാബിലെ അമൃത്സറിനടുത്തുളള അതിർത്തി കടന്ന് അബദ്ധത്തില്‍ പാകിസ്താനില്‍ എത്തുകയായിരുന്നു. അവിടെ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്യാം സുന്ദറിനെയും മറ്റ് തൊഴിലാളികളെയും പിടികൂടി ജയിലില്‍ അടച്ചു.
കൂടെയുള്ള ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതോടെ ആറ് മാസത്തിന് ശേഷം മോചിതരായി. എന്നാല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ശ്യാം ദാസിനെ ലാഹോറിലെ ജയിലില്‍ അടയ്ക്കുകയായിരുന്നു.
പതിനേഴ് കൊല്ലത്തിന് ശേഷം തന്‍റെ മകന്‍ പാകിസ്താന്‍ ജയിലില്‍ ജീവനോടെയുണ്ടെന്നറിഞ്ഞ ശ്യാമിന്‍റെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി
വൈകാതെ സോപോള്‍ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ കുമാര്‍ ബന്ധപ്പെട്ട അധികാരികളിലേയ്ക്ക് രേഖകള്‍ എത്തിക്കുകയും ശ്യാം ദാസ് ജയില്‍ മോചിതനാവുകയും ചെയ്തു. സെപ്റ്റംബര്‍ 29ന് മോചിതനായ ശ്യാം ദാസിനെ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറി. വാഗാബോര്‍ഡറിലൂടെ ഇന്ത്യലേക്ക് എത്തിച്ച ശേഷം ശ്യാം ദാസിനെ അമൃത് സറിലെ ഗുരു ഗോബിന്ത് സിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ സോപോള്‍ ജില്ലാ മജിസ്ട്രേറ്റിനെ വിവരമറിയിക്കുകയും പോലീസ് ഉദ്യോഗസ്ഥർ ശ്യാംദാസിനെ പഞ്ചാബില്‍ പോയി കൂട്ടിക്കൊണ്ട് വരികയുമായിരുന്നെന്ന് പ്രതാപ് ഗഞ്ച് പോലീസ് സ്റ്റേഷന്‍ എസ്എച്ഒ പ്രഭാകര്‍ ഭാരതി അറിയിച്ചു. ദീപാവലി ദിനത്തില്‍ പോലീസ് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ശ്യാംദാസിനെ കുടുംബത്തിന് കൈമാറി.
പാകിസ്താന്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ക്രൂരമായ പീഡനം മൂലം തന്‍റെ മാനസിക നില തെറ്റിയെന്ന് ശ്യാം ദാസ് പറഞ്ഞു. ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ അനേകം ഇന്ത്യക്കാര്‍ സമാനമായ അവസ്ഥയില്‍ കിടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു