രാജിവെക്കുമോ രാജിവെക്കാതെ തുടരുമോ? ഗവര്‍ണറെ കാണാന്‍ സമയം തേടി നിതീഷ് കുമാര്‍
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും. ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടുള്ള കത്ത് ഇന്ന് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറും. മുന്നണിമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജെഡിയുവിന്റെ എംപിമാരുടെയും എംഎല്‍എമാരുടെയും സംയുക്ത യോഗവും ഇന്ന് പട്‌നയില്‍ ചേരും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജെഡിയു ബിജെപിയുമായി സീറ്റ് വിഭജന ചർച്ചകൾ അന്തിമ ധാരണകളിലേക്കെത്തിയെന്ന വാർത്തകളും പുറത്ത് വരുന്നു. നിതീഷ് കുമാറിനെ പിന്തുണച്ചുകൊണ്ട് മുഴുവൻ ബിജെപി എംഎൽഎമാരും കത്ത് നൽകിയതായും, അടുത്ത ദിവസം ജെഡിയു ബിജെപി എംഎൽഎമാർക്ക് തന്റെ വസതിയിൽ നിതീഷ് കുമാർ വിരുന്നൊരുക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ മന്ത്രിസഭയിലെ ആർജെഡി മന്ത്രിമാരുടെ സ്ഥാനത്തേക്ക് ബിജെപി എംഎല്‍എമാർ എത്തിയേക്കും. പുതിയ ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും നിതീഷിന് പ്രധാന പങ്കുണ്ടായിരിക്കും. 2025ന് ശേഷം നിതീഷിനെ കേന്ദ്രത്തില്‍ ഉയർന്ന സ്ഥാനം കാത്തിരിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു. മുന്‍ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാർ മോദിയെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മഹാഗഡ്ബന്ധനിൽ നിന്നും ജെഡിയു പോകുന്നതോടെ ആർജെഡി എന്ത് ചെയ്യും എന്ന ചോദ്യം ബാക്കി നിൽക്കുന്നു. നിതീഷ് കുമാറിന്റെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വിയാദവ് ആർജെഡി എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്തതായും, തങ്ങളുടെ സർക്കാർ നിലവിലുണ്ടായിരുന്നപ്പോൾ കൈവരിച്ച നേട്ടങ്ങളെ ഉയർത്തിക്കാണിച്ച് ജനങ്ങളിലേക്കിറങ്ങണമെന്ന് നിർദേശിച്ചതായുമുള്ള വിവരങ്ങൾ പുറത്ത് വരുന്നു.
മഹാസഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ തകരാൻ നിതീഷ് മാത്രമാണ് കാരണമെന്നും, തങ്ങൾക്ക് അതിൽ ഉത്തരവാദിത്തമില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും തേജസ്വി യാദവ് എംഎൽഎമാരോട് പറഞ്ഞു. ജെഡിയുവുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെ അനുകൂലിക്കുന്ന എംഎൽഎമാരും ആർജെഡിയിലുണ്ടെന്നിരിക്കെ സഖ്യം തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ജെഡിയുവിനും നിതീഷ് കുമാറിനുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നാണ് തേജസ്വി യാദവ് നൽകിയ നിർദേശമെന്ന് വിവിധ സ്രോതസുകൾ ഉദ്ദരിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്തു വരുന്നു.
നിതീഷിന്റെ പുതിയ നീക്കങ്ങള്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കും വെല്ലുവിളിയായിരിക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാർട്ടിയും, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടില്ലെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ജനുവരി 17ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗമാണ് നിതീഷിന്റെ പുതിയ നീക്കങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകള്‍. യോഗത്തില്‍ സഖ്യത്തിന്റെ കണ്‍വീനർ സ്ഥാനത്തേക്ക് നിതീഷിന്റെ പേര് സിപിഎം നേതാവ് സീതാറാം യെച്ചൂരി നിർദേശിക്കുകയും പ്രമുഖ നേതാക്കളെല്ലാം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനർജിക്ക് നിതീഷുമായി അഭിപ്രായ ഭിന്നതയുള്ളതിനാല്‍ തീരുമാനം പിന്നീട് എടുക്കാമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.