ബിൽക്കിസ് ബാനു കേസ്: കുറ്റവാളികളെ മോചിപ്പിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ
ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുകാരായ 11 പ്രതികളെയും വിട്ടയച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയെന്ന് ഗുജറാത്ത് സർക്കാർ. കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെയും 'നല്ല പെരുമാറ്റ'ത്തിന്റെ പേരിലാണ് വിട്ടയച്ചതെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വർഷം ജൂലൈ 11ന് അയച്ച കത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികളുടെ മോചനത്തിന് അനുമതി നൽകിയതായും ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ കുറ്റവാളികളും ശിക്ഷാ കാലാവധിയുടെ 14 വർഷം പൂർത്തിയാക്കിയവരാണെന്നും ഇളവ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായം സർക്കാർ പരിഗണിച്ചിരുന്നെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര എന്നിവർ കോടതിയിൽ പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഗുജറാത്ത് സർക്കാരിന്റെ സത്യവാങ്മൂലം.
ഓഗസ്റ്റ് 16നാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും ജയില്‍ മോചിതരായത്. പ്രതികളെ മോചിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. 2008ല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തു.