'ഒരു സ്ത്രീ, വിശ്വാസത്തിനും സാമൂഹിക പശ്ചാത്തലത്തിനും മുകളിൽ ബഹുമാനം അർഹിക്കുന്നു'; ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതി
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ ജയിൽനിന്ന് മോചിപ്പിച്ചത് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. ഒരു സ്ത്രീ, വിശ്വാസം, മതം, സാമൂഹിക പശ്ചാത്തലം എന്നിവയ്ക്കപ്പുറം ബഹുമാനം അർഹിക്കുന്നുണ്ടെന്നും സ്ത്രീക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് നല്‍കാനാകുമോയെന്നും ജസ്റ്റിസ് ബി വി നാഗരത്ന വിധിപ്രസ്താവത്തില്‍ ചോദിച്ചു. വിഖ്യാത ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയുടെ ആശയം ചൂണ്ടിക്കാണിച്ചായിരുന്നു ജസ്റ്റിസ് നാഗരത്ന വിധിപ്രസ്താവം ആരംഭിച്ചത്.
"പ്രതികാരത്തിനല്ല, പ്രതിരോധത്തിനും നവീകരണത്തിനും വേണ്ടിയാണ് ശിക്ഷ നല്‍കേണ്ടത്. ഒരു നിയമദാതാവ്, വേദന മാത്രം മുന്നില്‍ കണ്ട് മരുന്ന് പ്രയോഗിക്കുന്ന ഡോക്ടറെ പോലെയാകരുത്, മറിച്ച് രോഗിക്ക് ഗുണം ചെയ്യുന്ന പ്രവർത്തികളാകണം ചെയ്യേണ്ടതെന്ന് തന്റെ ഗ്രന്ഥത്തില്‍ പ്ലേറ്റോ പറയുന്നുണ്ട്. അതുപോലെ ഒരു കുറ്റവാളിയെ മാറ്റിയെടുക്കണമെങ്കില്‍ കൃത്യമായ വിദ്യാഭ്യാസവും അനുയോജ്യമായ മാർഗങ്ങളും തേടണം. മികച്ച പൗരനാക്കി സ്വതന്ത്രനാക്കുകയും സംസ്ഥാനത്തിന്റെ ഭാരം കുറയ്ക്കുകയും വേണമെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാണിച്ചു.
പ്രധാനമായും അഞ്ച് വിഷയങ്ങളിലായിരുന്നു കോടതി വിധിപ്രസ്താവത്തിലൂടെ ഉത്തരം നല്‍കിയത്
ജസ്റ്റിസ് നാഗരത്ന
മേല്‍പ്പറഞ്ഞ സിദ്ധാന്തം മാത്രമായിരുന്നില്ല വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് നാഗരത്ന എടുത്തു പറഞ്ഞത്. ഇരകളുടെയും കുടുംബത്തിന്റെയും നീതിക്കായുള്ള അവകാശത്തെക്കുറിച്ചും ശിക്ഷയില്‍ ഇളവ് നല്‍കുന്നതിലൂടെ കുറ്റവാളിക്ക് രണ്ടാമതൊരും അവസരം നല്‍കുന്നതിനെക്കുറിച്ചും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
പ്രധാനമായും അഞ്ച് വിഷയങ്ങളിലായിരുന്നു കോടതി വിധിപ്രസ്താവത്തിലൂടെ ഉത്തരം നല്‍കിയത്. ഇരകളിലൊരാളായ ബിൽക്കിസ് ബാനു ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം സമർപ്പിച്ച ഹർജി നിലനില്‍ക്കുമോ ഇല്ലയോ എന്നതായിരുന്നു ആദ്യ വിഷയം. ഹർജി നിലനില്‍ക്കുമെന്നും മുതിർന്ന അഭിഭാഷകരായ ഗുരു കൃഷ്ണ കുമാറിന്റെയും വി ചിതംബരേഷിന്റേയും വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ പൊതുതാല്‍പ്പര്യ ഹർജികളായി സമർപ്പിച്ച ഹർജികള്‍ നിലനില്‍ക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോടതി തയാറായില്ല. ഇരകളില്‍ ഒരാള്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പൊതുതാല്‍പ്പര്യ ഹർജി നിലനില്‍ക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ആവശ്യകതയില്ലെന്നായിരുന്നു കോടതി സ്വീകരിച്ച നിലപാട്.
ഗുജറാത്ത് സർക്കാർ നിക്ഷിപ്തമല്ലാത്ത അധികാരം തട്ടിയെടുക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തതിനാല്‍ നിയമം ലംഘിക്കപ്പെട്ടുവെന്ന് കോടതി കണ്ടെത്തി
ശിക്ഷയില്‍ ഇളവ് നല്‍കുന്നതില്‍ ഗുജറാത്ത് സർക്കാരിന്റെ അധികാരത്തെ സംബന്ധിച്ചുള്ള സുപ്രധാനഭാഗമായിരുന്നു പിന്നീട് ജസ്റ്റിസ് നാഗരത്ന വായിച്ചത്. ഇളവ് നല്‍കുന്നതിന് മുന്‍പ് ശിക്ഷ വിധിച്ച ജഡ്ജിയുടെ അഭിപ്രായം നിർബന്ധിതമായി തേടേണ്ട ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 432-ാം വകുപ്പ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തുടക്കം.
"ഇത് വ്യക്തമാക്കുന്നത് കുറ്റകൃത്യം നടന്ന സ്ഥലമോ അല്ലങ്കില്‍ ശിക്ഷ അനുഭവിക്കുന്ന സ്ഥലമോ ഇളവ് നല്‍കുന്നതില്‍ പ്രസക്തമല്ലെന്നാണ്. പകരം വിചാരണ നടക്കുന്ന സ്ഥലത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്," വിധിപ്രസ്താവത്തില്‍ പറയുന്നു. ശേഷമായിരുന്നു ഗുജറാത്ത് സർക്കാരിന്റെ ഇളവ് നല്‍കിയ നടപടി കോടതി റദ്ദാക്കിയത്. കോടതിയില്‍ പ്രതി തട്ടിപ്പ് നടത്തിയെന്നും വിധിപ്രസ്താവത്തില്‍ നിരീക്ഷണമുണ്ടായി.
ഏകപക്ഷീയമായ ഉത്തരവുകള്‍ എത്രയും വേഗം തിരുത്തുകയും പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുകയും ചെയ്യേണ്ടത് ഈ കോടതിയുടെ കടമയാണ്
ഇളവ് നിയമാനുസൃതമാണൊയെന്ന ചോദ്യത്തിനായിരുന്നു പിന്നീട് കോടതിയുടെ മറുപടി. ഗുജറാത്ത് സർക്കാർ നിക്ഷിപ്തമല്ലാത്ത അധികാരം തട്ടിയെടുക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തതിനാല്‍ നിയമം ലംഘിക്കപ്പെട്ടുവെന്നായിരുന്നു കോടതി കണ്ടെത്തിയത്. തുടർന്നായിരുന്നു പ്രതികളെ ജയിലിലേക്ക് മടക്കിയയക്കാനുള്ള നിർദേശം നല്‍കിക്കൊണ്ടുള്ള ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം.
"ഉത്തരവുകള്‍ മാത്രമല്ല അതിന്റെ ഉള്ളടക്കവും കോടതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏകപക്ഷീയമായ ഉത്തരവുകള്‍ എത്രയും വേഗം തിരുത്തുകയും പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുകയും ചെയ്യേണ്ടത് ഈ കോടതിയുടെ കടമയാണ്. കുറ്റവാളികളുടെ, പ്രത്യേകിച്ചും കോടതിയുടെ നടപടികളെ ദുരുപയോഗം ചെയ്തവരുടെ പെരുമാറ്റം കണ്ടില്ലെന്ന് നടിക്കാനാകില്ല. പ്രതികള്‍ തെറ്റായി സ്വതന്ത്രരാക്കപ്പെട്ടതിനാല്‍ അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഇവിടെ ന്യായീകരിക്കപ്പെടുന്നു. കുറ്റവാളികളുടെ സ്വതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഹർജികള്‍ അംഗീകരിക്കാനാകില്ല, നിയമവാഴ്ച നിലനില്‍ക്കേണ്ടതുണ്ട്," ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.