ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസ്: പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല, ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അധികാരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കുറ്റ കൃത്യം നടന്ന സ്ഥലത്തെ സര്‍ക്കാരിന് അല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിജീവിതയ്ക്ക് നീതി ലഭിക്കണം. സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നു. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ നവീകരണത്തിനാണ്, പ്രതികാരം തീര്‍ക്കാനല്ലെന്നും സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം നിയമത്തെക്കുറിച്ചുള്ള അജ്ഞതയുടെ അടിസ്ഥാനത്തിലോ മുന്‍വിധികളുടെ അടിസ്ഥാനത്തിലോ എടുത്താകാം എന്നും കോടതി നിരീക്ഷിച്ചു. ഇളവ് പരിഗണിക്കാന്‍ ഉചിതമായ സര്‍ക്കാര്‍ എന്ന വിധി ശ്രീഹരന്‍ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണിത്. ഗുജറാത്ത് സര്‍ക്കാരിനോട് ഇളവ് പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച 2022 മെയ് 13-ലെ വിധി കോടതിയെ കബളിപ്പിക്കുന്ന രീതിയില്‍ തെളിവുകളെ അടിച്ചമര്‍ത്തിക്കൊണ്ട് നേടിയതാണെന്നും ജസ്റ്റിസ് വിവി നാഗരത്‌ന, ജ. ഉജ്വല്‍ ബുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ഉത്തരവോടെ ശിക്ഷയില്‍ ഇളവ് നേടി പുറത്തിറങ്ങിയ 11 പ്രതികളും വീണ്ടും ജയിലേക്ക് മടങ്ങേണ്ടിവരും. രാധേശ്യാം ഷാ, ജസ്വന്ത് ചതുർഭായ് നായി, കേശുഭായ് വദാനിയ, ബകാഭായ് വദാനിയ, രാജിഭായ് സോണി, രമേഷ്ഭായ് ചൗഹാൻ, ശൈലേഷ്ഭായ് ഭട്ട്, ബിപിൻ ചന്ദ്ര ജോഷി, ഗോവിന്ദ്ഭായ് നായി, മിതേഷ് ഭട്ട്, പ്രദീപ് മോഡിയ എന്നിവരാണ് കേസിലെ പ്രതികള്‍.
2002ൽ നടന്ന ഗുജറാത്ത് കലാപത്തിനിടയിലാണ് ബിൽക്കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെടുന്നത്. 2002 മാർച്ച് മൂന്നിനാണ് ആക്രമണം നടക്കുന്നത്. അഞ്ച് മാസം ഗർഭിണിയായിരിക്കെ 21 വയസുള്ള സമയത്താണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയാകുന്നത്. കൊല്ലപ്പെട്ട തന്റെ ഏഴ് കുടുംബാംഗങ്ങളിൽ മൂന്ന് വയസുള്ള സ്വന്തം മകളുമുണ്ടായിരുന്നു.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെ ശിക്ഷ പതിനാല് വര്‍ഷം പിന്നിട്ട സാഹചര്യത്തിലായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. അവരുടെ മോചനം സംബന്ധിച്ച കാര്യങ്ങൾ ഗുജറാത്ത് സർക്കാരിന് തീരുമാനിക്കാം എന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി ഇക്കാര്യത്തില്‍ എടുത്ത സ്വീകരിച്ച നിലപാട്. അതിനെതിരെ ബിൽക്കിസ് ബാനു ഹർജി നൽകിയെങ്കിലും സുപ്രീംകോടതി അത് തള്ളി. തുടർന്ന് 2022 ഓഗസ്റ്റ് 15 ന് 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചു. അതിനു ശേഷം സമർപ്പിച്ച് റിട്ട് ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.