ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ്: 2002 ല്‍ സംഭവിച്ചതെന്ത്? പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയത് എങ്ങനെ?

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ്: 2002 ല്‍ സംഭവിച്ചതെന്ത്? പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയത് എങ്ങനെ?

ശിക്ഷാ ഇളവ് നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്ന് വ്യക്തമാക്കിയാണ് 11 പ്രതികളെ മോചിപ്പിച്ച ഉത്തരവ് സുപ്രീംകോടതി ഇപ്പോൾ റദ്ദാക്കിയത്
Updated on
2 min read

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയില്‍നിന്ന് വിട്ടയച്ച ഗുജറാത്ത് സർക്കാർ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് സുപ്രീംകോടതി. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ശിക്ഷാ ഇളവ് നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനല്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവ്.

സംഭവം നടന്നത് ഗുജറാത്തിലാണെങ്കിലും കേസ് വിചാരണ നടന്നത് മഹാരാഷ്ട്രയിലാണ്. അതിനാൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം മഹാരാഷ്ട്ര സർക്കാരിനായിരുന്നുവെന്നാണ് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്വൽ ഭുയാനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

2008 ലാണ് കേസിൽ 11 പ്രതികളും കുറ്റക്കാരണെന്ന് കണ്ടെത്തി മഹാരാഷ്ട്ര കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്.

ഗുജറാത്ത് കലാപത്തില്‍ ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു ബില്‍ക്കിസ് ബാനുവിനും കുടുംബക്കാര്‍ക്കുമെതിരെ നടന്നത്. അഞ്ചുമാസം ഗര്‍ഭിണിയായ ഇരുപത്തിയൊന്നുകാരി ബില്‍ക്കീസ് ബാനുവിനെ 2002 ലെ ഗുജറാത്ത് കലാപത്തിനിടെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുംബൈയിലെ പ്രത്യേക സിബിഐ കോടതി 2008-ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവെച്ചു.

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ്: 2002 ല്‍ സംഭവിച്ചതെന്ത്? പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയത് എങ്ങനെ?
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസ്: പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല, ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

രാധേശ്യാം ഷാ, ജസ്വന്ത് ചതുർഭായ് നായി, കേശുഭായ് വദാനിയ, ബകാഭായ് വദാനിയ, രാജിഭായ് സോണി, രമേഷ്ഭായ് ചൗഹാൻ, ശൈലേഷ്ഭായ് ഭട്ട്, ബിപിൻ ചന്ദ്ര ജോഷി, ഗോവിന്ദ്ഭായ് നായി, മിതേഷ് ഭട്ട്, പ്രദീപ് മോഡിയ എന്നിവരെയാണ് ജയിൽനിന്ന് വിട്ടയച്ചത്.

15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളിലൊരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു സമിതിയുടെ ശിപാര്‍ശ. ഇതേത്തുടർന്നാണ് മോചന നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാര തുകയായി നല്‍കണമന്ന് ഗുജറാത്ത് സര്‍ക്കാറിനോട് 2019 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന 11 പേരെ നേരത്തെ മോചിപ്പിച്ചതിനുള്ള കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്ന് ബിൽക്കിസ് ബാനു ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളിൽ ഇളവ് പരിഗണിക്കുമ്പോൾ, പൊതുതാത്പര്യം കണക്കിലെടുത്ത് അധികാരം വിനിയോഗിക്കണമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും ഉൾപ്പെട്ട ബെഞ്ച്2023 ഏപ്രിലിൽ പറഞ്ഞു.

"എന്താണ് സർക്കാരിന്റെ തീരുമാനത്തിന് പിന്നിലുള്ള കാരണം. തീരുമാനം എടുത്തത് യുക്തിപരമായാണോ എന്നതാണ് ചോദ്യം. കുറ്റവാളികൾ അവരുടെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാൽ അവരെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വിട്ടയച്ചു. ഇന്ന് ബിൽക്കിസ് ബാനുവാണ്, നാളെയത് നിങ്ങളോ ഞാനോ ആകാം. പ്രതികളെ വിട്ടയയ്ക്കുന്നതിൽ വസ്തുനിഷ്ഠമായ കാരണങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ കൃത്യമായ കാരണം നൽകിയില്ലെങ്കിൽ ഞങ്ങൾ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരും," എന്നായിരുന്നു അന്ന് ജസ്റ്റിസ് ജോസഫിന്റെ നിരീക്ഷണം.

logo
The Fourth
www.thefourthnews.in